തൃശൂർ: ചൂടിൽ ജില്ല ഉരുകിയൊലിക്കുമ്പോൾ ദാഹജലത്തിനായി എങ്ങും മുറവിളി ഉയരുകയാണ്. തൃശൂർ നഗരത്തിലും പരിസരങ്ങളിലും പത്തിലേറെ പഞ്ചായത്തുകൾക്കും കുടിവെള്ളം വിതരണം ചെയ്യുന്ന പീച്ചി റിസർവോയറിന് സമീപമുള്ളവർ പോലും കുടിവെള്ളത്തിനായി നട്ടംതിരിയുകയാണ്. വാടാനപ്പള്ളി മേഖലയിൽ ജനം വെള്ളത്തിനായി കാത്തിരിക്കേണ്ട ഗതികേടാണുള്ളത്. പീച്ചി ഡാമിലേക്ക് ഏറ്റവും അധികം വെള്ളം ഒഴുകിയെത്തുന്നത് വാണിയമ്പാറ പ്രദേശത്തുനിന്നാണ്. ഇവിടെയും കുടിവെള്ള വിതരണത്തിന് പ്രശ്നങ്ങളുണ്ട്. കുതിരാൻ ടണലിന് കിഴക്കുവശത്തും കുടിവെള്ള ക്ഷാമമുണ്ട്.
2017 മുതൽ 21 വരെ ജില്ലയിൽ വരൾച്ച ഉണ്ടായിരുന്നില്ല. പക്ഷേ, തുടർച്ചയായ പ്രളയം ഭൂമിയിൽ ഏൽപിച്ച ആഘാതം പ്രശ്നസങ്കീർണമാണ്. തണ്ണീർത്തടങ്ങൾ, വനവിസ്തൃതി എന്നിവ കുറയുന്നത് വരൾച്ചക്ക് ആക്കം കൂട്ടി. ഭൂമിയുടെ ചരിവ്, മണ്ണിന്റെ ഘടന, ഭൂഗർഭ സവിശേഷതകൾ, ചലനാത്മകമായ ഭൂവിനിയോഗം, മറ്റ് പ്രകൃതി ഘടകങ്ങൾ, നിർമാണ രീതികൾ എന്നിവ കാരണം സ്വാഭാവിക ജലസംരക്ഷണത്തിന് ഇടിവ് പറ്റി. വെള്ളം പരമാവധി മണ്ണിലേക്ക് ഇറങ്ങാനുള്ള സംവിധാനമൊരുക്കിയാലേ ജലസംഭരണശേഷി കൂട്ടാനാകൂവെന്നാണ് വിദഗ്ധർ പറയുന്നത്.
അടുത്തകാലത്ത് നല്ല മഴ ലഭിച്ചിട്ടും തുലാവർഷം പെയ്ത് തിമിർത്തിട്ടും അണക്കെട്ടുകൾക്ക് സമീപത്തുപോലും വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമാവുന്നത് അതുകൊണ്ടാണ്. മൺസൂണിന്റെ കവാടവും മഴയുടെ നാടുമായ കേരളത്തിൽ മഴയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് ഒരു പതിറ്റാണ്ടിനിടെ സംഭവിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
വാടാനപ്പള്ളി: വേനൽ കടുത്തതോടെ തീരദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷം. ഏങ്ങണ്ടിയൂർ, വാടാപ്പള്ളി, തളിക്കുളം, നാട്ടിക പഞ്ചായത്തുകളിലെ പുഴയോര- കടലോര മേഖലകളിലാണ് കടുത്ത കുടിവെള്ള ക്ഷാമം. കിണറുകൾ ഏറെയും വറ്റിവരണ്ടു. ശേഷിച്ച കിണറുകളിൽ ഉപ്പുവെള്ളവുമാണ്. പ്രദേശവാസികൾ കുടിവെള്ളത്തിന് ആശ്രയിച്ചു പോരുന്ന വാട്ടർ അതോറിറ്റി ടാപ്പുകളിൽ വല്ലപ്പോഴും മാത്രം വെള്ളം വരുന്നതാണ് ജനങ്ങളെ വലക്കുന്നത്.
ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ വാട്ടർ അതോറിറ്റി ഓഫിസ് എട്ട് മണിക്കൂർ ഉപരോധിച്ചിട്ടും വെള്ളം ലഭ്യമായില്ല. ഉദ്യാഗസ്ഥർ നൽകിയ ഉറപ്പ് നടപ്പായില്ല. കുടിവെള്ളത്തിന് വലഞ്ഞതോടെ പലരും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. പലരും അകലെ നിന്നാണ് അർബാനയിലും വാഹനത്തിലും വെള്ളം കൊണ്ടുവരുന്നത്. പുഴയോരത്ത് താമസിക്കുന്നവർ വഞ്ചിയിൽ പുഴകടന്ന് മുറ്റിച്ചൂർ, കണ്ടശ്ശാംകടവ് മാമ്പുള്ളി, പാടൂർ മേഖയിൽനിന്ന് വെള്ളം ശേഖരിച്ച് കൊണ്ടുവരുന്നുണ്ട്. വഞ്ചിയിൽ കുടങ്ങൾ നിരത്തി തുഴഞ്ഞ് വെള്ളം ശേഖരിച്ച് വരുന്നവരിൽ വീട്ടമ്മമാരുമുണ്ട്. കാറ്റിൽ വഞ്ചി തുഴഞ്ഞുള്ള യാത്ര അപകടം നിറഞ്ഞതാണ്.
മറ്റ് ചിലർ പണം മുടക്കി ടാങ്ക് വെള്ളം കൊണ്ടുവരുകയാണ്. ഒരു ടാങ്ക് വെള്ളത്തിന് 500 രൂപയാണ് വില. ജനം കുടിവെള്ളത്തിന് വലയുമ്പോഴും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ മൗനത്തിലാണ്.
തൃശൂർ: 142 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയുണ്ടായത് 2016ലാണ്. സമാനമായ സ്ഥിതിവിശേഷത്തിലേക്കാണ് നിലവിൽ ജില്ലയുടെ പോക്ക്. കഴിഞ്ഞ വർഷം മുഴുവൻ മാസങ്ങളിലും മഴ ലഭിച്ചുവെങ്കിലും അവ സംരക്ഷിക്കാൻ സാധിച്ചില്ലെന്ന നിഗമനമാണ് ജല അതോറിറ്റി അധികൃതരുടേത്. നിലവിൽ ജില്ലയിലെ ജലാവശ്യം പൂർത്തിയാക്കുന്ന തരത്തിലല്ല സാഹചര്യങ്ങളുള്ളത്.
ജല അതോറിറ്റിക്ക് നൂറിലധികം പദ്ധതികളാണ് ജില്ലയിലുള്ളത്. ഇതിന് പുറമെ ജല ജീവൻ മിഷന്റെ പദ്ധതികൾ കൂടി വന്നതോടെ കാര്യങ്ങൾ കുഴയുന്ന സാഹചര്യമാണുള്ളത്.
ഭാരതപ്പുഴ, ചാലക്കുടി, കരുവന്നൂർ, മണലി, കുറുമാലി പുഴകളിൽനിന്നും ലഭിക്കുന്ന ജലമാണ് കുടിവെള്ള പദ്ധതികളിൽ ഉപയോഗിക്കുന്നത്. പദ്ധതികൾ ഏറിയെങ്കിലും ജലസ്രോതസ്സ് കൂടാത്തതിനാൽ തുടർ ദിനങ്ങളിൽ ജല ദൗർലഭ്യമടക്കം കാര്യങ്ങൾക്ക് സാധ്യതയേറുകയാണ്. അതുകൊണ്ടുതന്നെ വെള്ളം കരുതി ഉപയോഗിക്കുകയാണ് വേണ്ടത്. വേനൽമഴ ലഭിക്കാത്തതിനാൽ ജല റേഷൻ അടക്കം കാര്യങ്ങളിലേക്ക് പോകേണ്ട സാഹചര്യമാണ് ഉള്ളത്.
തൃശൂർ: ജില്ലയിലെ വിവിധ മേഖലകളിലെ ഭൂഗർഭ ജലവും താഴുന്നതായി ജില്ല ഭൂഗർഭ ജല വകുപ്പ്. വിവിധ മേഖലകളിലായുള്ള 68 കിണറുകളിലാണ് പരിശോധന നടത്തിയത്. എല്ലാ കിണറുകളിലും ജലം കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ പത്തിന് പൂർത്തിയായ പരിശോധനയുടെ റിപ്പോർട്ട് തയാറാക്കുന്ന തിരക്കിലാണ് അധികൃതർ. അടുത്ത ആഴ്ചയോടെ മാത്രമേ ഇതുസംബന്ധിച്ച റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിക്കുന്നത്.
നേരത്തേ മൺസൂൺ മഴവെള്ളം ഏറെ മാസങ്ങൾ ശേഖരിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. 2018 മുതൽ 20 വരെയുണ്ടായ പ്രളയത്തിന് പിന്നാലെ പുഴകളുടെ ജലസംഭരണ ശേഷി നഷ്ടമായിരിക്കുകയാണ്. പുഴകളിലെ മണലും മറ്റും ഒലിച്ചുപോയതോടെയാണ് ഇത് സംഭവിക്കുന്നത്. ഈ സ്വാഭാവികത തിരിച്ചുപിടിക്കാനായാൽ മാത്രമേ കാര്യങ്ങൾ പഴയപടിയാകൂ. അതിന് അതിതീവ്ര മഴ അടക്കം തടസ്സമാണ്.
പുഴയുടെ ജലസംഭരണശേഷി നഷ്ടമാവുന്നതോടെ സമീപസ്ഥലങ്ങളിലെ കിണറുകളിലെ ജലവിതാനം താഴ്ന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിൽ ട്രഞ്ചുകൾ, കുളങ്ങൾ, തടയണകൾ ശാസ്ത്രീയമായി ഒരുക്കുകയാണ് വേണ്ടത്. അതിതീവ്ര മഴ ലഭിച്ചിട്ടും ജലസംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധ പുലർത്തിയില്ല. പ്രാദേശിക കുടിവെള്ള പദ്ധതികളുടെ നടത്തിപ്പിലും പുതിയ പദ്ധതികൾ തുടങ്ങുന്നതിലും അനാസ്ഥയും പ്രശ്നം അതിരൂക്ഷമാക്കി.
തൃശൂർ: മഴക്കൊയ്ത്ത് അടക്കം ജല സംഭരണ മാർഗങ്ങൾ ശാസ്ത്രീയമായി നടപാക്കി ജല ശേഖരണത്തിന് തിരികൊളുത്തുകയാണ് വേണ്ടത്. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, ക്ലബുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ ക്രിയാത്മകമായ നടപടികൾ വേണ്ടതുണ്ട്.
ചെമ്പരത്തി, ശീമക്കൊന്ന മറ്റ് വേലിച്ചെടികൾ എന്നിവ വ്യാപകമായി വെച്ചുപിടിപ്പിക്കണം. മണ്ണാണ് വലിയ മഴവെള്ള സംഭരണിയെന്ന് തിരിച്ചറിഞ്ഞ് ഖനനപ്രവർത്തനങ്ങൾക്ക് തടയിടണം. മുറ്റങ്ങളിൽ കുഴിയെടുത്ത് ഗ്രിൽ അറകളുടെ സഹായത്താൽ പുരപ്പുറങ്ങളിലെ മഴവെള്ളം കടത്തിവിടണം. രാമച്ചം പോലുള്ള ചെടികൾ വെച്ചുപിടിപ്പിക്കുന്നത് മികച്ച മണ്ണ്, ജല ജൈവസംരക്ഷണ രീതിയാണ്. ഇത്തരം ജല സാക്ഷരത പ്രവർത്തനങ്ങളിലൂടെ മാത്രമേ ജില്ലയുടെ ദാഹത്തിന് അറുതി വെരുത്താനാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.