കയ്പമംഗലം: മഴക്ക് നേരിയ ശമനമായെങ്കിലും വെള്ളക്കെട്ടൊഴിയാതെ കയ്പമംഗലം ഗ്രാമപഞ്ചായത്ത് 12ാം വാർഡ് മനയ്ക്കപ്പാടം നെഹ്റു റോഡ് പരിസരം. നിരവധി കുടുംബങ്ങളാണ് ഇവിടെ വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നത്. അഞ്ചുദിവസം മുമ്പ് പെയ്ത മഴയിലാണ് ഈ പ്രദേശത്ത് കനത്ത വെള്ളക്കെട്ടുണ്ടായത്.
പത്തോളം വീടുകളിലാണ് വെള്ളം കയറിയത്. നിരവധി വീടുകൾ വെള്ളക്കെട്ടിലുമായി. വെള്ളം കയറിയ വീട്ടുകാർ ബന്ധു വീടുകളിലേക്ക് താമസം മാറ്റുകയും ചെയ്തു. മഴ തുടർന്നതോടെ ഈ ഭാഗത്തുള്ളവർ കൂടുതൽ ദുരിതത്തിലായി. പ്രദേശത്തെ സേവന അംഗൻവാടിയിലും വെള്ളം കയറി. ആദ്യകാലങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ വെള്ളക്കെട്ട് രൂക്ഷമായെന്ന് നാട്ടുകാർ പറയുന്നു.
ദേശീയപാത വികസനത്തോടനുബന്ധിച്ച് മൂന്നുപീടിക ബൈപാസ് പണിയുന്നതിന്റെ സമീപത്താണ് ഇത്രയും വെള്ളക്കെട്ടുള്ളത്. റോഡ് പണിയുന്നതിന്റെ ഭാഗമായി വെള്ളം ഒഴുകിപ്പോകുന്ന തോടുകൾ നികത്തിയതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാത നിർമാണ കമ്പനിയിലെ തൊഴിലാളികളെത്തി വെള്ളം ഒഴുകി പോകാനായി ചാല് കീറി നൽകിയെങ്കിലും ഇതുവരെ വെള്ളക്കെട്ടൊഴിവായിട്ടില്ല. വെള്ളക്കെട്ടൊഴിവാക്കാൻ ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാഞ്ഞാണി: കൊതുകും കൂത്താടിയും നിറഞ്ഞ് മലിനജലത്താൽ ചുറ്റപ്പെട്ട് ദുരിതത്തിലാണ് മണലൂർ പഞ്ചായത്തിലെ മാമ്പുള്ളി 19ാം വാർഡിലെ ഇരുപതോളം കുടുംബങ്ങൾ. ദിവസങ്ങളായി ഇതാണ് അവസ്ഥ. കനത്ത മഴയിൽ വെള്ളം നിറഞ്ഞിട്ടും പാടശേഖരത്തിലെ ചീപ്പുകൾ തുറക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായി ഇവർ പറയുന്നത്. പഞ്ചായത്ത് അധികൃതരോടും പാടശേഖര കമ്മിറ്റിയോടും പലതവണ പരാതി പറഞ്ഞിട്ടും നടപടിയായില്ലെന്ന് ദുരിതത്തിലായ വീട്ടുകാർ പറയുന്നു.
കടുത്ത ദുർഗന്ധമുള്ള കറുത്ത വെള്ളമാണ് പരിസരമാകെ. വെള്ളത്തിൽ ചവിട്ടുന്നതോടെ ചൊറിച്ചിലാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പനിയും മറ്റ് അസുഖങ്ങളും ബാധിച്ചു തുടങ്ങി. പകർച്ചവ്യാധി ഭീഷണിയുണ്ടായിട്ടും ആരോഗ്യ വകുപ്പ് അധികൃതരും തിരിഞ്ഞുനോക്കിയിട്ടില്ല.
സ്കൂൾ തുറക്കുന്ന വേളയിൽ നിവൃത്തില്ലാതെ കുട്ടികളുമായി ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ് പല കുടുംബങ്ങളും. അടിയന്തരമായി ചീപ്പുകൾ തുറന്ന് വെള്ളം പാടത്തേക്ക് ഒഴുക്കി കളയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.