ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയിൽ സൗജന്യ യാത്രാ പാസ് പുതുക്കുന്നതിന് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ വാഹന ഉടമകളെ നിർബന്ധിക്കരുതെന്ന ജില്ല കലക്ടുടെ ഉത്തരവ് ടോൾ പ്ലാസ അധികൃതർ പാലിക്കുന്നില്ലെന്ന് പരാതി. ഇതു സംബന്ധിച്ച് കുരിയച്ചിറ സ്വദേശിയും വയോധികനുമായ ചേറ്റുപുഴക്കാരൻ ജോയ് ജില്ല കലക്ടർക്ക് പരാതി നൽകി. പാലിയേക്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ജോയിയുടെ വീട്. ജോയിയുടെ കാറിനു ടോൾ പ്ലാസയുടെ ഫ്രീ പാസ് ഉണ്ട്. കോർപറേഷെൻറ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് പാസ് പുതുക്കിയിരുന്നത്.
റസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് പകരം ആധാർ കാർഡ്, ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രശീത് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കിയാൽ മതിയെന്ന സർക്കാർ ഉത്തരവ് പാലിയേക്കര ടോൾ പ്ലാസ അധികൃതരെയും പാലക്കാട് ദേശീയപാത അതോറിറ്റിയേയും അറിയിച്ചുകൊണ്ടുള്ള ജില്ല കലക്ടറുടെ ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ഇതേ തുടർന്ന് ജോയ് വെള്ളിയാഴ്ച ടോൾ പ്ലാസയിൽ പാസ് പുതുക്കുന്നത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഇല്ലാതെ ഫ്രീ പാസ് നൽകാൻ കഴിയില്ല എന്നാണു പറഞ്ഞതത്രേ. തുടർന്ന് തൃശൂർ കോർപറേഷെൻറ ഒല്ലൂർ സോണൽ ഓഫിസിൽ ചെന്നപ്പോൾ സർക്കാർ ഉത്തരവ് ഉള്ളതുകൊണ്ട് ഇനി മുതൽ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നില്ല എന്നാണ് അവിടെ നിന്ന് ലഭിച്ച മറുപടി. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന ടോൾ പ്ലാസ അധികൃതരുടെ മർക്കടമുഷ്ടി പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ജോയ് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.