ഇരിങ്ങാലക്കുട: നാലമ്പല ദർശനത്തിനുവേണ്ട എല്ലാവിധ സഹായസഹകരണങ്ങളും സർക്കാറിൽനിന്ന് ലഭ്യമാക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. നാലമ്പല കോഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വി. നന്ദകുമാർ നാലമ്പല ദർശനത്തിന് എടുക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു. കേരളത്തിന്റെ നാനാഭാഗത്തുനിന്നും വരുന്ന ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാത്തവിധം ദർശനം നടത്താനും വാഹനങ്ങൾക്ക് വിപുലമായ പാർക്കിങ്ങിനും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു.
നാലമ്പല ദർശനത്തിനെത്തുന്ന ഭക്തജനങ്ങളെ ഏകോപിപ്പിക്കുകയും അവർക്കുവേണ്ട യാത്രസൗകര്യം പ്രത്യേകം ഏർപ്പെടുത്തുകയും ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ യോഗത്തിൽ അറിയിച്ചു. ഭക്തജനങ്ങൾക്ക് അതത് ക്ഷേത്രങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താമെന്ന് നാലുക്ഷേത്രത്തിലെയും ഭാരവാഹികൾ യോഗത്തെ അറിയിച്ചു.
പ്രളയം, കോവിഡ് സാഹചര്യങ്ങളെത്തുടർന്ന് കഴിഞ്ഞ നാല് വർഷമായി നാലമ്പല തീർഥാടനം സാധ്യമായിട്ടില്ല. ശനി, ഞായർ ദിവസങ്ങളിൽ ഒരുലക്ഷത്തോളം തീർഥാടകരെയും മറ്റുദിനങ്ങളിൽ പതിനായിരത്തോളം തീർഥാടകരെയുമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.
മുനിസിപ്പൽ ചെയർപേഴ്സൻ സോണിയഗിരി, വൈസ് ചെയർമാൻ ടി.വി. ചാർളി, കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണർ ജ്യോതി, സെക്രട്ടറി ശോഭന, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങൾ, കൂടൽമാണിക്യം ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ സ്വാഗതവും ആർ.ഡി.ഒയും കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ ഇൻചാർജുമായ എം.എച്ച്. ഹരീഷ് നന്ദിയും പറഞ്ഞു.
യോഗം നാലമ്പല കോഓഡിനേഷൻ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയായി മന്ത്രി ഡോ. ആർ. ബിന്ദുവിനെയും രക്ഷാധികാരികളായി സി.സി. മുകുന്ദൻ എം.എൽ.എ (നാട്ടിക), റോജി എം. ജോൺ എം.എൽ.എ (അങ്കമാലി), സോണിയഗിരി (ചെയർപേഴ്‌സൻ, ഇരിങ്ങാലക്കുട നഗരസഭ) എന്നിവരെയും കമ്മിറ്റി ചെയർമാനായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വി. നന്ദകുമാറിനെയും കൺവീനറായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോനെയും യോഗം തെരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാവരെയും ഉൾപ്പെടുത്തി എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.