ഗുരുവായൂർ: ‘‘ഏദന്‍തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ പറുദീസയിലാക്കി’’ (ഉല്പത്തി 2:15) എന്ന ബൈബിള്‍ വാക്യത്തെ അന്വര്‍ഥമാക്കുകയാണ് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി വികാരി ഫാ. ജെയിംസ് ഇഞ്ചോടിക്കാരന്‍. അള്‍ത്താരയിലെ ബലിയര്‍പ്പണം കഴിഞ്ഞാല്‍ അച്ചന് പള്ളിപ്പറമ്പിലെ കൃഷിയിടത്തിലേക്കിറങ്ങും. കണ്ണന് നേദിക്കാനുള്ള കദളിപ്പഴം അടക്കമുള്ളവ ഈ തോട്ടത്തിലുണ്ട്. ഗുരുവായൂര്‍ നഗരസഭയുടെ മികച്ച ജൈവകര്‍ഷകനുള്ള പുരസ്കാരം ഫാ. ജെയിംസിനെ തേടിയെത്തിയത് ഈ കാർഷിക മികവുകൊണ്ടാണ്. നഗരസഭയുടെ കദളീവനം പദ്ധതിക്ക് തെരഞ്ഞെടുത്ത ഇടംകൂടിയാണ് ബ്രഹ്മകുളം പള്ളി പരിസരം. നഗരസഭ ചെയര്മാന് എം. കൃഷ്ണദാസാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഇതിന്റെ ഉദ്ഘാടന വേളയില്‍ത്തന്നെ ഈ കൃഷിക്ക് ഒരു മതസൗഹാര്‍ദത്തിന്റെ സുഗന്ധം കൂടിയുണ്ടെന്ന് ഫാ. ജെയിംസ് പറഞ്ഞിരുന്നു.
കദളിക്ക് പുറമെ ചെങ്ങാലിക്കോടന്, പൂവന്, റോബസ്റ്റ എന്നീ വാഴകളും വെണ്ട, പയര്‍, മുളക് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. വിളകള്‍ ലേലം ചെയ്ത് നല്‍കുകയാണ് പതിവ്. കദളി കുലച്ചുതുടങ്ങിയിട്ടേയുള്ളൂ. ഗുരുവായൂരിലെ പ്രധാന വഴിപാടായ കദളിക്കുലക്ക് സ്വയംപര്യാപ്തത നേടാന്‍ ലക്ഷ്യമിട്ട് നഗരസഭ തുടങ്ങിയതാണ് കദളീവനം പദ്ധതിയെന്ന് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എ.എം. ഷെഫീര്‍ പറഞ്ഞു.
ഈ ലക്ഷ്യത്തിന് വലിയ പിന്തുണയാണ് ബ്രഹ്മകുളം ഇടവക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കദളിവാഴക്കുലകള്‍ നഗരസഭ വാങ്ങും. കൈക്കാരന്മാരും ഇടവകാംഗങ്ങളും കൃഷിയില്‍ വികാരിയോടൊപ്പം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.