ഗുരുവായൂര്‍: മൂന്ന് ഇറങ്ങിപ്പോക്ക്, അധ്യക്ഷയുടെ സെല്‍ഫ് ഗോള്‍, സെക്രട്ടറിയുടെ സേവ്, പിന്നെ അണ്‍പാര്‍ലമെന്ററി പ്രയോഗങ്ങളും. സംഭവബഹുലമായിരുന്നു ബുധനാഴ്ചയിലെ നഗരസഭ കൗണ്‍സില്‍. ചെയര്‍മാന്‍ എം. കൃഷ്ണദാസിന്റെ അഭാവത്തില്‍ അധ്യക്ഷ വേദിയിലുണ്ടായിരുന്ന വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജിന്റെ കൗണ്‍സില്‍ നിയന്ത്രിക്കുന്നതിലെ പരിചയക്കുറവുകള്‍ മുതലെടുക്കാനായിരുന്നു പ്രതിപക്ഷ ശ്രമം.
പ്രസാദ് പദ്ധതിയില്‍ നിര്‍മിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ 25 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ അനുമതി നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവാണ് സംഭവവികാസങ്ങള്‍ക്ക് നിമിത്തമായത്. 25 വര്‍ഷത്തേക്ക് നല്‍കുന്നതിനെ യു.ഡി.എഫും ബി.ജെ.പിയും എതിര്‍ത്തു.
ഇത്രയും വലിയ പദ്ധതി ഹ്രസ്വകാലത്തേക്ക് ഏറ്റെടുക്കാന്‍ നല്ല ഏജന്‍സികള്‍ എത്തില്ലെന്നും ധാരണപത്രത്തില്‍ നഗരസഭയുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്താമെന്നുമായിരുന്നു ഭരണപക്ഷ നിലപാട്.
മത്സരാധിഷ്ഠിത ക്വട്ടേഷനിലൂടെ മാത്രമേ കേന്ദ്രം ആര്‍ക്കെങ്കിലും ഏല്‍പ്പിച്ചു നല്‍കൂ എന്നും വ്യക്തമാക്കി, കൗണ്‍സിലിന് സ്വീകാര്യമായ ധാരണാപത്രം തയാറാക്കാമെന്നും ഇതിനായി സബ് കമ്മിറ്റി രൂപവത്കരിക്കാമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.എസ്. മനോജ് പറഞ്ഞു.
ഇതിനിടെ ചര്‍ച്ചയില്‍ ഇടപെട്ട പ്രതിപക്ഷ കൗണ്‍സിലറെ 'മണ്ടന്‍' എന്ന് ഭരണപക്ഷ കൗണ്‍സിലര്‍ വിളിച്ചെങ്കിലും വിഷയത്തില്‍ പ്രതിപക്ഷത്തെ മറ്റ് അംഗങ്ങള്‍ കാര്യമായി ഇടപെട്ടില്ല.
'മണ്ടന്‍' വിളിക്ക് മറുപടിയായി പ്രതിപക്ഷ കൗണ്‍സിലര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഭരണപക്ഷം ശബ്ദമുയര്‍ത്തുകയും ചെയ്തു. ഭരണ-പ്രതിപക്ഷ വാഗ്വാദം തുടരുന്നതിനിടെ ഫെസിലിറ്റേഷന്‍ സെന്റര്‍ സംബന്ധിച്ച വിഷയങ്ങള്‍ മറ്റൊരു കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാമെന്ന് അധ്യക്ഷ പറഞ്ഞത് പ്രതിപക്ഷം കൈയടിയോടെ സ്വീകരിച്ചു.
ഈ തീരുമാനത്തിനെതിരെ ഭരണപക്ഷം രംഗത്തിറങ്ങുകയും ചെയ്തു. കൗണ്‍സില്‍ തീരുമാനമനുസരിച്ച് അനുമതി തേടിയതിനെ തുടര്‍ന്നാണ് 25 വര്‍ഷത്തിന് പാട്ടത്തിന് നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതെന്നും ഇതില്‍ മറ്റൊരു തീരുമാനം സാധ്യമല്ലെന്നും അവര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ തീരുമാനപ്രകാരമുള്ള 26 വര്‍ഷം എന്നത് മാറ്റാനുള്ള നീക്കത്തെ താന്‍ എതിര്‍ക്കുന്നുവെന്ന് പറഞ്ഞ് സ്വതന്ത്ര അംഗം മുന്‍ നഗരസഭ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഇറങ്ങിപ്പോയി. ഇതിനിടെ സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച് സെക്രട്ടറി വിശദീകരിക്കുമെന്ന് അധ്യക്ഷ പറഞ്ഞു.
മറ്റൊരു കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് അധ്യക്ഷ പ്രഖ്യാപിച്ച ശേഷം സെക്രട്ടറി വിശദീകരിക്കേണ്ടതില്ലെന്ന് പറഞ്ഞ് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
ചെയര്‍മാന്റെ അധികാരം സെക്രട്ടറി നല്‍കരുതെന്ന് പറഞ്ഞ് ബി.ജെ.പിയും ഇറങ്ങിപ്പോയി. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യാമെന്നാണ് അധ്യക്ഷ പറഞ്ഞതെന്നും പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സെക്രട്ടറി ബീന എസ്. കുമാര്‍ വിശദീകരിച്ചു. 25 വര്‍ഷത്തേക്ക് പാട്ടം എന്ന സര്‍ക്കാര്‍ ഉത്തരവില്‍ ചര്‍ച്ച നടത്താനാവില്ലെന്നും അവര്‍ പറഞ്ഞു. ''ഇതങ്ങോട്ട് സെക്രട്ടറിക്ക് നേരത്തെ പറഞ്ഞാല്‍ പോരേ'' എന്നായിരുന്നു വൈസ് ചെയര്‍പേഴ്‌സന്റെ പാര്‍ട്ടിയിലെ മറ്റൊരു കൗണ്‍സിലറുടെ രോഷത്തോടെയുള്ള പ്രതികരണം.
ഖരമാലിന്യ നിര്‍മാര്‍ജനത്തിനായുള്ള ഉപനിയമാവലി ചര്‍ച്ച ചെയ്യാന്‍ കൗണ്‍സിലിന്റെ പ്രത്യേക യോഗം ചേരും. എ.എസ്. മനോജ്, എ.എം. ഷെഫീര്‍, എ. സായിനാഥന്‍, കെ.പി. ഉദയന്‍, ആര്‍.വി. ഷെരീഫ്, കെ.എം. മെഹറൂഫ്, കെ.പി.എ. റഷീദ്, പ്രഫ. പി.കെ. ശാന്തകുമാരി, ഫൈസല്‍ പൊട്ടത്തയില്‍, പി.പി. വൈഷ്ണവ്, പി.കെ. നൗഫല്‍, വി.കെ. സുജിത്, എ.വി. അഭിലാഷ്, വിന്‍സി ജോഷി, പി.ടി. ദിനില്‍, ബിന്ദു പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.