തൃശൂർ: തിങ്കളാഴ്ച തുടങ്ങിയ പെരുമഴപ്പെയ്ത്തിന് ജില്ലയിൽ ശമനമില്ല. ഇടക്കിടക്ക് കട്ടി കുറയും എന്നല്ലാതെ മഴ നിർത്താതെ പെയ്യുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ജലാശയങ്ങളിലും തോടുകളിലും എല്ലാം ക്രമാതീതമായി ജലനിരപ്പുയർന്നു.
പാടങ്ങളൊക്കെ മുങ്ങി. വെള്ളം കയറിയും മരങ്ങൾ ഒടിഞ്ഞുവീണും നിരവധി വീടുകൾ തകർന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴക്ക് അൽപം ശമനമായെങ്കിലും പ്രളയഭീതി ഒഴിഞ്ഞിട്ടില്ല. മലക്കപ്പാറയിൽ വീട് തകർന്ന് അമ്മയും മകളും മരിച്ചു. രാജേശ്വരി, മകൾ ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്.
മുളങ്കുന്നത്തുകാവ്-വടക്കാഞ്ചേരി റെയിൽവേ ട്രാക്കിലെ മണ്ണ് ഒലിച്ചുപോയി. മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഷൊർണൂരിൽനിന്നും സംഘമെത്തി മണ്ണുനീക്കി പാളം ഉറപ്പിച്ച ശേഷം ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും വെള്ളം കയറി. വീടുകൾ വെള്ളത്തിൽ മുങ്ങി.
കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡിൽ വെള്ളം കയറി. പാത്രമംഗലം പുഴ കരകവിഞ്ഞൊഴുകുന്നു. തണ്ടിലം പുലിയന്നൂർ പാഴിയോട്ടുമുറി റോഡ് പൂർണമായും വെള്ളക്കെട്ടിൽ. പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ ശക്തമായ വെള്ളപ്പാച്ചിലിൽ കേരള വാട്ടർ ജല അതോറിറ്റിയുടെ പമ്പിങ് ലൈൻ തകർന്നു.
ഇതോടെ പാണഞ്ചേരി പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പീച്ചി ഡാം-വെള്ളത്തിന്റെ ശക്തിയിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടിയതായി സംശയം. പീച്ചി ഡാം തുറന്നതിനെ തുടർന്ന് കൈനൂർ, പുഴമ്പള്ളം പ്രദേശങ്ങൾ വെള്ളത്തിലായി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ജനങ്ങളെ മാറ്റി തുടങ്ങി.
പാണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് സൈലൻറ് നഗർ അസോസിയേഷൻ വീടുകളിലും സൈലൻറ് നഗറിലൂടെ കടന്നുപോകുന്ന ചെമ്പൂത്ര പട്ടിക്കാട് റോഡിൽ വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടി-കൂടപ്പുഴ കുട്ടാടൻപാടം നിറഞ്ഞൊഴുകി. ഇവിടത്തെ റോഡുകൾ മുങ്ങി. പല വീടുകളിലേക്കും വെള്ളം കയറി തുടങ്ങി. പത്തിൽപരം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. തിരുമന്ദാംകുന്ന് ഹാളിലാണ് ക്യാമ്പ്.
ആമ്പല്ലൂരിൽ ശക്തമായ മഴയിൽ പുതുക്കാട് മേഖലയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് വീടുകൾ തകർന്നു.
പീച്ചി ഡാം കൂടുതൽ തുറന്നതോടെ നെന്മണിക്കര, തൃക്കൂർ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കല്ലൂർ പാടം വഴിയിലെ 22 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
വടക്കാഞ്ചേരി വാഴാനിപ്പുഴ കരകവിഞ്ഞ് ഒഴുകി ഓട്ടുപാറ പട്ടണം വെള്ളക്കെട്ടിലമർന്നു. വാഴാനിപ്പുഴ കരകവിഞ്ഞ് ഒഴുകി ഓട്ടുപാറ പട്ടണം വെള്ളക്കെട്ടിലമർന്നു. വടക്കാഞ്ചേരി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിന് എതിർവശത്തുള്ള കുന്നിടിഞ്ഞ് സംസ്ഥാനപാതയിലേക്ക് വീണു. ശക്തമായ മഴയിൽ ചേലക്കര പഴയന്നൂർ ടൗണുകൾ വെള്ളത്തിൽ മുങ്ങി. ഗതാഗതം പൂർണമായും തടസ്സപെട്ടു. പഴയന്നൂർ ചീരക്കുഴി ഡാം കരകവിഞ്ഞു. സമീപപ്രദേശത്തെ വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി.
അതിരപ്പിള്ളി ഡാമിൽ അതിവൃഷ്ടിയെ തുടർന്ന് നീരൊഴുക്ക് ശക്തമായ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധികജലം പുറത്തുവിട്ടതോടെ ചാലക്കുടിപുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
തിങ്കളാഴ്ച രാത്രിയിൽ തമിഴ്നാട് അതിർത്തിയിലെ തൂണക്കടവ് ഡാം തുറന്നത് പെരിങ്ങലിൽ നിന്ന് വലിയ തോതിൽ വെള്ളം തുറന്നുവിടാൻ ഇടയാക്കി. ഇത് തുറന്നാൽ പെരിങ്ങൽക്കുത്തിലേക്കാണ് നേരിട്ട് വെള്ളമെത്തുക. ഈ സാഹചര്യത്തിൽ കഴിയുന്നത്ര അധികജലം ഒഴിവാക്കാൻ ആറ് ഷട്ടറുകൾ ക്രമേണ ഉയർത്തി.
മഴയിൽ പുതുക്കാട് മേഖലയിൽ മൂന്ന് വീടുകൾ തകർന്നു. അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് വീടുകളും വരന്തരപ്പിള്ളി പഞ്ചായത്തിൽ ഒരു വീടുമാണ് തകർന്നത്.
കനത്തമഴയെ തുടര്‍ന്ന് കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊടകര കാവില്‍പാടത്തെ വീടുകള്‍ വെള്ളക്കെട്ടിലായതിനെ തുടര്‍ന്ന് മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മറ്റത്തൂരില്‍ പാടശേഖരങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. വെള്ളിക്കുളം വലിയതോട് കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മറ്റത്തൂരിലെ വലിയ പാടശേഖരങ്ങളിലൊന്നായ കോടാലി പാടശേഖരം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. 65 ഏക്കറോളം വരുന്ന വിരിപ്പ് കൃഷിയാണ് വെള്ളത്തിനടിയിലായത്.
കനത്ത മഴയെ തുടർന്നും ചാലക്കുടിപ്പുഴ അപകട നിരപ്പിലെത്തിയതിനെ തുടർന്നും ചാലക്കുടിയിലും പരിസര പഞ്ചായത്തുകളിലും ജനജീവിതം ദുരിതമായി. തോടുകളും പാടങ്ങളും നിറഞ്ഞുകവിഞ്ഞു. പലയിടത്തും റോഡിലെ വെള്ളക്കെട്ട് മൂലം ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശത്തെ നിരവധി വീടുകളിലേക്ക് വെള്ളം കയറി.
പെരിങ്ങൽക്കുത്ത് ഡാം തുറന്ന് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ കുഴൂർ പഞ്ചായത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ട് കാരണം കോട്ടപ്പുറം പടിഞ്ഞറെക്കര ഭാഗത്ത് കുടുങ്ങിയ അഞ്ച് കുടുംബങ്ങളിലെ 15 പേരെ കുന്നംകുളം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സുരക്ഷിതസ്ഥലത്തേക്ക് മാറ്റി.
മണലിപുഴ കരകവിഞ്ഞതോടെ പാലിയേക്കര ടോൾ സമാന്തരപാതയായ മണലി - മടവാക്കര റോഡ് അടച്ചു. മടവാക്കര കാഴ്ചക്കടവ് ഭാഗത്താണ് റോഡിലേക്ക് വെള്ളം കയറിയത്. ഉച്ചവരെ ചെറുവാഹനങ്ങൾ കടന്നുപോയിരുന്നുവെങ്കിലും പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു.
തൃശൂർ: ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ആറ് ഷട്ടറുകള്‍ 14 അടി വീതവും ഒരു ഷട്ടര്‍ അഞ്ച് അടിയും ഒരു സ്ലൂയിസ് ഗേറ്റും നിലവില്‍ തുറന്നിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു സ്ലുയിസ് ഗേറ്റ് കൂടി ഉയര്‍ത്തി 200 ക്യൂമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും.
പരമാവധി ഡാമില്‍നിന്ന് പുഴയിലേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 1200 ക്യൂമെക്സാണ്. ഇതുമൂലം പുഴയില്‍ ഏകദേശം 1.5 മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍, അതിരപ്പള്ളി, പരിയാരം, മേലൂര്‍, കടുക്കുറ്റി, അന്നമനട, കൂടൂര്‍, എറിയാട് പ്രദേശങ്ങളിലുള്ളവര്‍ അതിജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
ചെറുതുരുത്തി: മലബാറിനെയും കൊച്ചിയെയും ബന്ധിപ്പിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിന്റെ തകർന്നു കിടന്ന മൂന്നാമത്തെ കാലിന്റെ ഇരുമ്പ് സാമഗ്രികൾ കനത്ത മഴയെ തുടർന്ന് ഭാരതപ്പുഴയിലേക്ക് തകർന്നുവീണു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭാരതപ്പുഴയിൽ കുത്തിയൊലിച്ച് വന്ന വെള്ളത്തിൽ ചെറുതുരുത്തിയിൽ നിന്ന് തുടങ്ങുന്ന മൂന്നാമത്തെ കാലിന്റെ ഇരുമ്പ് സാമഗ്രികളാണ് തകർന്നത്. ഇതിനു മുമ്പ് ഒമ്പതുമുതൽ 11 വരെയുള്ള കാലുകൾ ഭാരതപ്പുഴയിൽ തകർന്ന നിലയിൽ കിടക്കുന്നുണ്ടായിരുന്നു. ആ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
ഇരിങ്ങാലക്കുട: കനത്ത മഴയെ തുടര്‍ന്ന് ഇരിങ്ങാലക്കുട മേഖലയിലെ താഴ്ന്ന പലപ്രദേശങ്ങളി വെള്ളം കയറിത്തുടങ്ങി. നഗരസഭ പ്രദേശത്ത് കരുതല്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി ചെയര്പേഴ്സൻ സുജ സഞ്ജീവ് കുമാര്‍ അറിയിച്ചു. പലവീട്ടുകാരും ബന്ധു വീടുകളിലേക്ക് താമസം മാറുവാനുളള തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
കരുവന്നൂര്‍ പുഴയുടെ തീരത്തു താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രത നിർദേശം നല്കിട്ടുണ്ട്. പടിയൂര്‍ പഞ്ചായത്തിലെ കാക്കാത്തുരുത്തി, ചെരുത്തറ, തേമാലിത്തറ തുടങ്ങിയ പ്രദേശങ്ങളില്‍ വെളളം കയറി ത്തുടങ്ങിയിട്ടുണ്ട്. കുടുതല്‍ വെളളം കയറുന്ന മുറയ്ക്ക് ദുരിതാശ്വാസക്യാമ്പ് തുറക്കുമെന്ന് അധിക്യതര്‍ അറിയിച്ചു.
നഗരസഭ പ്രദേശമായ ആസാദ് റോഡിലെ പകല്‍ വീട്ടിലെ ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തന സജ്ജമാണ്. 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുറന്നതായി മുകുന്ദപുരം താലൂക്ക് അധികൃതര്‍ അറിയിച്ചു. ഫോൺ: 0480 2825259.
തൃശൂർ: ജില്ലയില്‍ നിലവില്‍ ആറ് താലൂക്കുകളിലായി 73 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 917 കുടുംബങ്ങളിലെ 2490 പേരാണുള്ളത്. ഇതില്‍ 1020 പുരുഷന്മാരും 998 സ്ത്രീകളും 472 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി -14, മുകുന്ദപുരം - അഞ്ച്, തൃശൂര്‍ -32, തലപ്പിള്ളി -14, ചാവക്കാട് -ഒന്ന്, കുന്നംകുളം -ഏഴ് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. ചാലക്കുടി -514 പേര്, മുകുന്ദപുരം -124, തൃശൂര്‍ -1273, തലപ്പിള്ളി -349, ചാവക്കാട് -13, കുന്നംക്കുളം -217 പേര് എന്നിങ്ങനെയാണ് ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം.
തൃശൂർ: ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രക്ക് 30, 31 തീയതികളിൽ നിരോധനം ഏർപ്പെടുത്തിയതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കൂടാതെ ചാലക്കുടി മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രക്കും രാത്രികാലങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെട്ട് യാത്രക്ക് അനുമതി തേടാവുന്നതാണ്.
ജില്ല കൺട്രോൾ റൂം നമ്പർ -0487 2362424, 9447074424.
തൃശൂർ താലൂക്ക് -0487 2331443
തലപ്പിള്ളി താലൂക്ക് -04884 232226
മുകുന്ദപുരം താലൂക്ക് -0480 2825259
ചാവക്കാട് താലൂക്ക് -0487 2507350
കൊടുങ്ങലൂർ താലൂക്ക് -0480 2802336
ചാലക്കുടി താലൂക്ക് -0480 2705800
കുന്നംകുളം താലൂക്ക് -04885 225200, 225700
പൊലീസ് കൺട്രോൾ റൂം (തൃശൂർ)- 0487 2424111
പൊലീസ് കൺട്രോൾ റൂം (കൊടുങ്ങല്ലൂർ)- 0480 2800622
കെ.എസ്.ഇ.ബി- 9496010101
ഫിഷറീസ് കൺട്രോൾ റൂം -0480 2996090
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.