കയ്പമംഗലം: കനത്ത മഴയിൽ തീരദേശത്ത് വെള്ളക്കെട്ട് രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. മൂന്നിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. രണ്ട് ദിവസമായി പെയ്യുന്ന തോരാമഴയിൽ തീരദേശത്ത് വെള്ളക്കെട്ടുയർന്നു. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കാനകൾ കവിഞ്ഞൊഴുകി വെള്ളം റോഡുകളിൽ പരന്നൊഴുകുന്നതിനാൽ ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ചെന്ത്രാപ്പിന്നി സെന്ററിൽ കാന നിറഞ്ഞ് ദേശീയപാതയിലൂടെ ഒഴുകുന്നതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നുണ്ട്. നാട്ടുകാരും പൊലീസും ചേർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പ്രദേശത്തെ ഇരുപതോളം കടകളിൽ വെള്ളം കയറിയതുമൂലം സ്ഥാപനം തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സ്കൂളും പരിസരങ്ങളും വെള്ളത്തിലാണ്. ചെന്ത്രാപ്പിന്നി അലുവതെരുവിന് തെക്കുഭാഗത്ത് ഇരുനില വീടിന്റെ അടിത്തറ ഭാഗികമായി തകർന്നു. കാഞ്ഞാണി സ്വദേശി മുതിരപ്പറമ്പിൽ സുനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഒരുഭാഗമാണ് കാനയിലേക്ക് തകർന്ന് വീണത്. കയ്പമംഗലം കൂരിക്കുഴി സലഫി നഗറിന് സമീപം ഇരുനൂറിലധികം വീടുകൾ വെള്ളത്തിലാണ്. കയ്പമംഗലം കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്.
പെരിഞ്ഞനം പടിഞ്ഞാറ് വെള്ളക്കെട്ടിലകപ്പെട്ട കുടുംബങ്ങളെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ക്യാമ്പുകളിലേക്ക് മാറ്റി. കിഴക്കൻ മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എടത്തിരുത്തി ചെന്ത്രാപ്പിന്നി ഹൈസ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 20 കുടുംബങ്ങളിൽനിന്നായി 63 പേരാണുള്ളത്. കയ്പമംഗലം കൂരിക്കുഴി ബാബുൽ ഉലൂം മദ്റസയിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിൽ നിന്നായി 14 പേരും പെരിഞ്ഞനം ഗവ. യു.പി സ്കൂളിൽ 33 കുടുംബങ്ങളിൽ നിന്നായി 76 പേരുമാണ് ക്യാമ്പിലുള്ളത്. പലരും ക്യാമ്പിൽ വരാതെ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. ക്യാമ്പുകളിലുള്ളവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
മേത്തലയിൽ വീട് തകർന്നു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
മേത്തല: മേത്തലയിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു. കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. മേത്തല വടശ്ശേരി കോളനിയിൽ ഏങ്ങണ്ടിയൂർ സുജിനിയുടെ വീടാണ് ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെ നിലംപൊത്തിയത്. സുജിനിയും മക്കളും ഉറങ്ങുന്നതിനിടെ വീടിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നാട്ടികയിൽ ഒമ്പത് കുടുംബങ്ങളെ മാറ്റി
തൃപ്രയാർ: നാട്ടിക പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയതുമൂലം ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എസ്.എൻ ട്രസ്റ്റ് സ്കൂളിലെ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. ഭക്ഷണവും കിടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, വില്ലേജ് ഓഫിസർ, പൊലീസ് എന്നിവർ നേതൃത്വം നൽകി. ഫയർ ഓഫിസർ പ്രേമരാജൻ കക്കാടി സ്ഥലം സന്ദർശിച്ചു.
അഴീക്കോട്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു; നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
എറിയാട്: കനത്ത മഴയിൽ തീരദേശം വെള്ളക്കെട്ടിലായതോടെ അഴീക്കോട്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കേരളവർമ സ്കൂൾ പരിസരത്തെ നാല് കുടുംബങ്ങളിലെ 13 പേരെ മേനോൻ ബസാറിലെ സൈക്ലോൺ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പെരുംതോടുകളിലെ ജലനിരപ്പ് ഉയർന്നതോടെ നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തിയായ അറപ്പതോട് ചൊവ്വാഴ്ച പുലർച്ച വീണ്ടും തുറന്ന് വെള്ളം കടലിലേക്ക് ഒഴുക്കിത്തുടങ്ങി.
വെള്ളക്കെട്ടിൽ വീടിന്റെ തറ തകർന്നു
കയ്പമംഗലം: കനത്ത മഴയിൽ ചെന്ത്രാപ്പിന്നിയിൽ ഇരുനില വീടിന്റെ അടിത്തറ ഭാഗികമായി തകർന്നു.
കാഞ്ഞാണി സ്വദേശി മുതിരപറമ്പിൽ സുനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. അടിത്തറയുടെ ഒരുഭാഗവും മുറ്റത്ത് വിരിച്ച ടൈൽസുമാണ് തൊട്ടടുത്ത കാനയിലേക്ക് മറിഞ്ഞത്.
കാനയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ശക്തി കൂടിയതോടെ വീടിന്റെ അടിയിലെ മണ്ണൊലിച്ചുപോയി ഏതുനേരവും വീട് തകരാവുന്ന അവസ്ഥയിലാണ്. ഈ വീട്ടിൽ വർഷങ്ങളായി ആൾത്താമസമില്ല. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
റോഡ് വെള്ളത്തിൽ; യാത്ര ദുഷ്കരം
കിഴുപ്പിള്ളിക്കര: കനത്ത മഴയിൽ കരാഞ്ചിറ പി.ഡബ്ല്യൂ.ഡി റോഡ് വെള്ളത്തിൽ മുങ്ങിയതോടെ യാത്ര ദുരിതത്തിലായി. ഇതുമൂലം വാഹനങ്ങൾ പോകാൻ പ്രയാസപ്പെടുകയാണ്. റോഡരികിലെ കാനകൾ വൃത്തിയാക്കാത്തതാണ് റോഡ് വെള്ളത്തിൽ മുങ്ങാൻ കാരണം. പഞ്ചായത്ത് പലവട്ടം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടിയും ഉണ്ടായില്ലെന്ന് താന്ന്യം പഞ്ചായത്ത് അംഗം സി.എൽ. ജോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.