തൃശൂർ: ജില്ലയിൽ ശനിയാഴ്ച രാവിലെ പെയ്ത അതിതീവ്ര മഴയിൽ നാടാകെ വെള്ളത്തിൽ മുങ്ങി. രാവിലെ രണ്ട് മണിക്കൂറോളം ഇടതടവില്ലാതെ ശക്തിയായി പെയ്ത മഴ പലയിടത്തും നാശം വിതച്ചു. തൃശൂർ നഗരമുൾൾപ്പെടെ നിരവധി സ്ഥലങ്ങൾ വെള്ളക്കെട്ടിലായി. മിന്നലിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം വ്യാപകമായി തകരാറിലായി.
പൂങ്കുന്നത്ത് റെയിൽവേ ഗേറ്റിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. പൂത്തോളിൽ 38ാം ഡിവിഷനിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടിലകപ്പെട്ട കുട്ടികളെയും സ്ത്രീകളെയും അഗ്നിരക്ഷ സേന എത്തിയാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. ചാലക്കടി, വടക്കഞ്ചേരി, കുന്നംകുളം, തൃപ്രയാർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, നടത്തറ, ചാവക്കാട് എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. പാവറട്ടിയിൽ കോൺവെന്റ് എൽ.പി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. നടത്തറയിൽ നിരവധി വീടുകളിൽ വെള്ളം കയറി.
തൃശൂർ നഗരവും പ്രാന്തപ്രദേശങ്ങളും ഒരിക്കൽക്കൂടി വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മേഘവിസ്ഫോടനത്തിന് സമാനമായ അതിശക്തമായ മഴയാണ് രണ്ട് മണിക്കൂറിലേറെ നഗരത്തിൽ പെയ്തത്. സ്വരാജ് റൗണ്ടിൽ റോഡിലൂടെ വെള്ളം ഉയർന്നതോടെ വാഹന ഗതാഗതം നിലച്ചു. അശ്വനി ആശുപത്രിയിലേക്ക് ദിവസങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും വെള്ളം ഇരച്ചുകയറി. ഐ.സി.യുവിന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു.
അക്വാറ്റിക് ലെയ്നിൽ 12 വീടുകളിലും വീണ്ടും വെള്ളം കയറി. ഈ പ്രദേശമാകെ വെള്ളക്കെട്ടിലാണ്. അക്വാറ്റിക് കോംപ്ലക്സിലേക്കും വടക്കേച്ചിറ ഭാഗത്തുള്ള അപാർട്ട്മെന്റുകളിലേക്കും വെള്ളം കയറിയതോടെ താമസക്കാർ ദുരിതത്തിലായി. അശ്വിനി ആശുപത്രിക്കടുത്തുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. പാട്ടുരായ്ക്കൽ-അശ്വനി ജംഗ്ഷൻ റോഡ് മുങ്ങി.
ആശുപത്രിക്ക് മുന്നിലുള്ള മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിവയിൽ വെള്ളം കയറിയതോടെ ഉടമകളും തൊഴിലാളികളും കടകളുടെ ഷട്ടറിട്ട് പുറത്തുകടന്നു. കാൽനടക്കാർക്ക് നടന്നുനീങ്ങാൻ പറ്റാത്ത വിധത്തിലാണ് റോഡിലും അരികിലും വെള്ളം ഉയർന്നത്. റോഡിലെ കുഴികളും കാനകൾക്ക് മുകളിലെ ദുർബലമായ സ്ലാബുകളും വെള്ളക്കെട്ടിൽ തിരിച്ചറിയാതെ പ്രയാസപ്പെട്ടവരും ഏറെയാണ്.
2018ലെ പ്രളയം ഓർമിപ്പിക്കുന്ന രീതിയിൽ പെയ്ത മഴയിൽ തൃശൂർ ശക്തൻ പരിസരവും കൊക്കാലെയും അക്ഷരാർഥത്തിൽ മുങ്ങി. വ്യാപാര സ്ഥാപനങ്ങളിൽ വ്യാപകമായി വെള്ളം കയറിയത്. നിരവധി വാഹനങ്ങൾ വെള്ളത്തിൽ അകപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ വഴിയിൽ കുടുങ്ങി, ഇക്കണ്ടവാര്യർ റോഡ്, പൂത്തോൾ, റെയിൽവേ സ്റ്റേഷൻ, വഞ്ചിക്കുളം റോഡ്, പടിഞ്ഞാറെ കോട്ട എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയത് യാത്രക്കാർക്ക് ദുരിതമായി.
കുട്ടൻകുളങ്ങരയിൽ റോഡ് പൂർണമായും മുങ്ങി. പൂത്തോൾ മെർലിൻ ഹോട്ടലിന് എതിർവശമുള്ള റോഡിലും ജുമ മസ്ജിദിലേക്കും പരിസരത്തെ വീടുകളിലേക്കും വെള്ളം കയറി. പൂങ്കുന്നം ഹരിനഗർ റോഡ് പൂർണ്ണമായും വെള്ളത്തിലായി. ശങ്കരയ്യർ റോഡിലെ നിരവധി വീടുകളിൽ വെള്ളം കയറി.
റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ ഭാഗവും വെള്ളക്കെട്ടിലായി. പല സ്ഥലങ്ങളിലും വെള്ളക്കെട്ടിനെ തുടർന്ന് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വന്നു. ഉച്ച കഴിഞ്ഞ് പലയിടത്തും വെള്ളം ഒഴിഞ്ഞെങ്കിലും മഴ തുടരുമെന്ന കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകുന്ന ആശങ്കയിലാണ് നഗരവാസികളും വ്യാപാരികളും മറ്റും.
ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും ചേർപ്പിലും പല വീടുകളിലും വെള്ളം കയറി
ചാലക്കുടി: കനത്ത മഴയില്‍ ചാലക്കുടി നഗരത്തിൽ വെള്ളക്കെട്ട്. സൗത്ത് ജങ്ഷനിലെ ഹൗസിങ്ങ് ബോർഡ് കോളനിയിലെ വിവിധ വീടുകളിലേക്ക് വെള്ളം കയറി. റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം നിലച്ചു. രാഘവൻ തിരുമുൽപ്പാട് റോഡിൽ വെള്ളക്കെട്ട് മൂലം വാഹനങ്ങൾ സുഗമമായി പോകാൻ കഴിയാത്ത സാഹചര്യമാണ്.
പറയൻ തോടിലെ ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കാത്തതിനാൽ കൃഷിയിടങ്ങളിലും വെള്ളം കയറി. ദേശീയ പാതയിൽ മുരിങ്ങൂർ ഡിവൈൻ അടിപ്പാതയിൽ രൂപം കൊണ്ട വെള്ളക്കെട്ട് മൂലം ഇരുവശത്തെയും സർവിസ് റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കാടുകുറ്റി പഞ്ചായത്തിലെ താഴ്ന്നയിടങ്ങളായ തുമ്പൂങ്ങൽ, പാമ്പുത്തറ മേഖലയിലെ പാടശേഖരങ്ങൾ നിറഞ്ഞ് വീടുകളിലേക്ക് വെള്ളം കയറി.
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ചാലക്കുടിയിൽ മഴ ശക്തമായത്. രാവിലെ വരെ കനത്ത മഴ പെയ്തതാണ് വെള്ളക്കെട്ടിന് കാരണമായത്. എല്ലാ വർഷവും കനത്ത മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാകാറുള്ള സ്ഥലങ്ങളിലാണ് ഇത്തവണയും വെള്ളം കയറിയത്. വേനൽക്കാലത്ത് മുൻകൂട്ടി വേണ്ട നടപടി സ്വീകരിക്കാതെ മഴക്കാലമാകുമ്പോൾ മാത്രമാണ് അധികാരികൾ ഉണരുന്നത്.
രാഘവൻ തിരുമുൽപ്പാട് റോഡ്, മുരിങ്ങൂർ ഡിവൈൻ അടിപ്പാത എന്നിവിടങ്ങളിലെ വെള്ളക്കെട്ടുകൾ ദേശീയ പാത അധികൃതർ ഫലപ്രദമായ നടപടി സ്വീകരിച്ചാൽ മാത്രമേ പരിഹരിക്കാനാവൂ. ഹൗസിങ് ബോർഡ് കോളനിയിലെ വെള്ളക്കെട്ടിന് പരിഹാര നടപടി സ്വീകരിക്കാൻ രണ്ട് പതിറ്റാണ്ടിലേറെയായി നഗരസഭക്ക് കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വരുന്നതാണ് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട്.
പറയന്തോടിലെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതിനാൽ പറയൻതോട് പല ഭാഗത്തും കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി. കാരകുളത്തുനാടിലേക്കുള്ള റെയില്‍ അടിപ്പാതയുടെ ഭാഗത്താണ് വെള്ളം ഉയര്‍ന്നത്.
ഇവിടത്തെ തടയണയില്‍ കുളവാഴയടക്കമുള്ളവ തടഞ്ഞ് വെള്ളം കൃഷിയിടങ്ങളിലേക്ക് കുത്തിയൊഴുകുകയായിരുന്നു. നഗരസഭ മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികള്‍ തുടങ്ങാന്‍ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ഷകർ ആരോപിച്ചു. പാമ്പുത്തറ പാടത്തും സമീപത്തെ വീടുകളിലും വെള്ളം കയറുമെന്ന ആശങ്കയുണ്ട്.
ഇരിങ്ങാലക്കുട: ശനിയാഴ്ച രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട്. പൂതംകുളം റോഡിലും പുറ്റിങ്ങൽ റോഡിലും ഉൾപ്പെടെ നഗരത്തിന്റെ പലയിടത്തും വെള്ളം കയറി. തൃശൂര്‍-കൊടുങ്ങല്ലുര്‍ സംസ്ഥാനപാതയില്‍ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. കാനകളിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സാധ്യമല്ലാത്തതിനാലാണ് റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്.
മൂന്നുപീടിക റോഡില്‍ പലയിടത്തും മഴവെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഗതാഗതം തടസ്സപ്പെട്ടു. പടിഞ്ഞാറന്‍ മേഖലയിലും പലയിടത്തും റോഡ് വെള്ളത്തിലാണ്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ യോഗങ്ങൾ ചേർന്നിരുന്നുവെങ്കിലും കൃത്യമായി നടപ്പാക്കാൻ സാധിക്കാത്തതാണ് മഴക്കാല ആരംഭത്തിൽ തന്നെ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
നഗരസഭ കെട്ടിടത്തിന് മുൻവശത്തുള്ള അയ്യങ്കാവ് മൈതാനിയിലും സമീപത്തെ റോഡുകളും വെളളക്കെട്ടിന്റെ പിടിയിലാണ്. റോഡിൽ പലയിടത്തും വലിയ കുഴികൾ ഉള്ളതും വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കാനായി കുഴിച്ച കുഴികൾ കൃത്യമായ രീതിയിൽ മൂടി റോഡ് റീ ടാറിങ് ചെയ്യാത്തതും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കയുണ്ട്.
ചേർപ്പ്: ശക്തമായ മഴയിൽ ചേർപ്പ് പെരുമ്പിള്ളിശേരി, തായംകുളങ്ങര, കാവിൽപാടം പടിഞ്ഞാറെപെരുമ്പിള്ളിശേരി, അമ്മാടം റോഡ്, ഊരകം എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ട്.
കാവിൽപാടത്ത് പല വീടുകളിലും വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ വെള്ളക്കെട്ട് മോട്ടോർ ഉപയോഗിച്ചാണ് ഒഴിവാക്കിയത്. പലയിടത്തും റോഡിന് ഇരുവശത്തുമുള്ള കാനകൾ തൃശൂർ-കൊടുങ്ങല്ലൂർ റോഡ് പണിയെ തുടർന്ന് മൂടി പോയതിനാൽ റോഡിലൂടെ ഒഴുകി വന്ന മഴവെള്ളം വ്യാപാര സ്ഥാപനങ്ങളിക്ക് കയറിയതും ദുരിതമായി.
ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കൊടുങ്ങല്ലൂർ: ശക്തമായ കാലവർഷ പെയ്ത്തിൽ കൊടുങ്ങല്ലൂർ താലൂക്കിൽ വ്യാപക കെടുതി. ഇതേ തുടർന്ന് അധികൃതർ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിഞ്ഞനം, കാതിക്കോട്, മതിലകം, കാര എന്നിവിടങ്ങളിൽ സ്കൂളുകളിലും അഴീക്കോട് സൈക്ലോൺ ഷെൽട്ടറിലുമാണ് ക്യാമ്പുകൾ തുറന്നത്. ഇതിനകം ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൂന്നു വീടുകൾ ഭാഗികമായി തകർന്നു.
നിരവധി വീടുകൾ വെള്ളക്കെട്ടിലായി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി. ഇടിമിന്നലിലും നാശമേറെ. പെരുംതോട് കര കവിഞ്ഞതോടെ മതിലകം, എസ്.എൻ.പുരം, എടവിലങ്ങ്, എറിയാട് പഞ്ചായത്തുകളിൽ തോടിന്റെ പരിസരത്ത് താമസിക്കുന്നവർ വെള്ളക്കെട്ടിലായി.
മതിലകം കഴുവിലങ്ങ് തോപ്പിൽ ബാബു, എടവിലങ്ങ് 14 ാം വാർഡിൽ ഇരിങ്ങ തുരുത്തി കുട്ടിയുടെ ഭാര്യ അമ്മിണി, ലോകമലേശ്വരം അറക്കത്താഴം അപ്പോഴം പറമ്പിൽ പുരുഷോത്തമന്റെ മകൻ രാധാകൃഷ്ണൻ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്.
എസ്.എൻ.പുരം പഞ്ചായത്തിൽ സാഹിബിന്റെ പള്ളി അങ്കണത്തിൽ വെള്ളം കയറി. സമീപത്തെ കാനയിൽ തടസ്സം ഉണ്ടായതിനെ തുടർന്നാണ് ഖബർസ്ഥാനിൽ ഉൾപ്പെടെ വെള്ളം കയറിയത്. ശ്രീനാരായണപുരം സെൻററിൽ കച്ചവട സ്ഥാപനങ്ങളിൽ വെളളം കയറി നാശമുണ്ടായി. മറ്റു പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. പരിഹാര നടപടികൾ സ്വീകരി ക്കുന്നതായി പ്രസിഡന്റ് എം.എസ്. മോഹനൻ പറഞ്ഞു.
എറിയാട് പെരുതോട് കരകവിഞ്ഞ് ഒഴുകി ദുരിതത്തിലായ മൂന്നാം വാർഡ് നിവാസികളെ അംഗം പി.കെ. മുഹമ്മദിന്റെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചു.
മതിലകത്തിന്റെയും എടവിലങ്ങിന്റെയും വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് ദുരിതമായി. രണ്ടിടത്തും പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും സന്ദർശിച്ചു. കൊടുങ്ങല്ലുർ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് ദുരിതമുണ്ട്. തണ്ടാംകുളത്ത് മരം വീണ് കള്ള് ഷാപ്പും ടൈലറിംഗ് ഷോപ്പും തകർന്നു. ടൈലർക്ക് പരിക്കേറ്റു.
ശനിയാഴ്ച രാവിലെ രണ്ട് മണിക്കൂറോളം പെയ്ത കനത്ത പേമാരിയിൽ നാടാകെ ദുരിതം
കുന്നംകുളം: ശക്തമായ മഴയിലും മിന്നലിലും വ്യാപക നാശം. കാണിപ്പയ്യൂരിൽ വീടിന്റെ ചുമർ മിന്നലിൽ തകർന്നു. യൂനിറ്റി ആശുപത്രിയിലും സമീപത്തെ അപ്പാർട്ട്മെന്റിലും വെള്ളം കയറി. പല റോഡുകളും വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും നഗരത്തിലെ പലയിടങ്ങളിലും വെള്ളം കയറിയിരുന്നു.
കാണിപ്പയ്യൂർ മാന്തോപ്പ് സ്വദേശി റഷീദിന്റെ വീടിന്റെ ചുമരാണ് തകർന്നത്. അടുക്കളയിൽ ഉഗ്ര സ്ഫോടന ശബ്ദത്തോടൊപ്പം തീയും പുകയും ഉയർന്നു. കുന്നംകുളം - തൃശൂർ റോഡിലെ കാണിപ്പയ്യൂർ യൂനിറ്റി ആശുപത്രിയിലും സമീപത്തെ തിരുവോണം അപ്പാർട്ട്മെന്റിലുമാണ് വെള്ളം കയറിയത്. അത്യാഹിത വിഭാഗം, ഫാർമസി എന്നീ വിഭാഗങ്ങളിലേക്കും ഓഫിസിനുള്ളിലുമാണ് വെള്ളം കയറിയത്.
ഒന്നര അടിയോളം ആശുപത്രിയിൽ വെള്ളം ഉയർന്നു. കടവല്ലൂർ അമ്പലത്തിന് സമീപത്തെ പൂട്ടികിടന്ന വീട്ടിൽ വെള്ളം കയറി. ചൊവ്വന്നൂർ ഉദയ നഗറിലും മാന്തോപ്പ് ചെമ്മണൂർ ഗ്രാമത്തിലും വെള്ളം കയറി. പാറേമ്പോടത്ത് സ്വകാര്യ ബാറിന് സമീപത്തെ രണ്ടു വീടുകളിലും കനത്ത മഴയിൽ വെള്ളം കയറിയിരുന്നു. ഭാവന തിയ്യറ്ററിലും സമീപ സ്ഥാപനങ്ങളിലും വെള്ളം കയറി.
പാവറട്ടി: ചിറ്റാട്ടുകര റോഡിൽ കുടുംബം സഞ്ചരിച്ച സ്കൂട്ടർ കോഴിതോട്ടിലേക്ക് വീണു. പുലിക്കോട്ടിൽ സേവ്യറിന്റെ മകൻ സിബിൻ, സേവ്യറിന്റെ ഭാര്യ അൽഫോൺസ, നാല് വയസുള്ള മകൻ എന്നിവരാണ് വീണത്. വെള്ളം നിറഞ്ഞതിനാൽ റോഡ് തിരിച്ചറിയാത്തതാണ് അപകട കാരണമായത്. നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി. രാത്രി അഗ്നിശമന സേന എത്തിയാണ് സ്കൂട്ടർ പുറത്തെടുത്തത്.
ചെറുതുരുത്തി: മിന്നലേറ്റ് റോഡരികിലെ മരം പിളർന്ന് കടപുഴകി വീണു. പൈങ്കുളം കിള്ളിമംഗലം റോഡിൽ രണ്ടാം വാർഡിൽ ചെറുകനാൽ പ്രദേശത്തെ റോഡരികിലെ മരമാണ് ഉച്ചക്ക് രണ്ടോടെ മിന്നലേറ്റ് പിളർന്നത്. സമീപത്ത് ആരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.