പെരിഞ്ഞനം: ഗവ. യു.പി സ്കൂൾ ലീഡിങ് ലൈറ്റ്സിന്റെ ബാനറിൽ നിർമിച്ച ‘ചോദ്യം ഉത്തരം’ എന്ന ഹ്രസ്വചിത്രത്തിന്റെ മൂന്നാം ഭാഗം പുറത്തിറങ്ങി. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ പ്രാധാന്യമാണ് മൂന്നാം ഭാഗത്തിന്റെ പ്രതിപാദ്യം. കുട്ടികൾക്ക് സൗജന്യമായി ലഭിക്കുന്ന ഉച്ചഭക്ഷണത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന ചില രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള മികവാർന്ന ബോധവത്കരണം കൂടിയാണ് ഹ്രസ്വചിത്രം. പാഠഭാഗങ്ങളിലെ അറിവുകൾക്കപ്പുറം പൊതുസമൂഹത്തിൽ അറിഞ്ഞിരിക്കേണ്ടതും അറിയിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലാണ് എഴ് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നൊരുക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ ഭാഗത്തിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്കൂളിലെ വിദ്യാർഥികളാണ് അഭിനേതാക്കൾ. അധ്യാപകരുടെ അവതരണവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർധാര ക്ലിനിക്കിന്റെ സഹകരണത്തോടെയാണ് ചിത്രം നിർമിച്ചത്. ആശയവും സംവിധാനവും ഷെമീർ പതിയാശ്ശേരിയുടേതാണ്. അധ്യാപകരായ രാജശ്രീ, സ്മിത, അഞ്ജു, മുഹ്സിന, വിദ്യാർഥികളായ സിദറത്തുൽ മുംതഹ, അഞ്ജലി, ദേവിനന്ദ, അനയ, വൈഖരി തുടങ്ങിവരാണ് അഭിനേതാക്കൾ.
ഇ.ടി. ടൈസൺ എം.എൽ.എ പ്രകാശനം ചെയ്തു. വിദ്യാലയത്തിന് ലഭിച്ച ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഒ.കെ. നാസർ അധ്യക്ഷത വഹിച്ചു. ക്വാളിറ്റി കൺട്രോൾ മാനേജർ ടി.ആർ. പ്രകാശൻ, പ്രധാനാധ്യാപിക ഇ.കെ. ഖദീജാബി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.