തൃശൂർ: ഈച്ചകളെ കൊണ്ട് പൊറുതിമുട്ടിയ കുരിയിച്ചിറ നിവാസികൾ സമരത്തിന്. ആക്ഷൻ കൗൺസിൽ ഫോർ ക്ലീൻ കൂരിയച്ചിറയുടെ നേതൃത്വത്തിലാണ് സമരം. കുരിയച്ചിറ അറവുശാലക്കു സമീപം തൃശൂർ കോർപറേഷൻ സ്ഥാപിച്ച ഒ.ഡബ്ല്യു.എസ് പ്ലാന്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
ദുർഗന്ധവും ഈച്ച, കൊതുക്, കീടങ്ങൾ പെരുകുന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്. പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കുരിയച്ചിറ സെന്ററിൽ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിമുതൽ ആറുവരെ നാട്ടുകാർ മനുഷ്യച്ചങ്ങല തീർക്കും.
ഈച്ച ശല്യം വർധിച്ചതിനെ തുടർന്നാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചതെന്നും അഞ്ച് കൗൺസിലർമാരും പുരോഹിതരും ജനങ്ങളും ഒപ്പിട്ട ഭീമഹരജി മേയർക്കും പ്രതിപക്ഷ നേതാവിനും ജീവനക്കാർക്കും നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ജില്ല കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവക്കും ആക്ഷൻ കൗൺസിൽ പരാതി നൽകിയെങ്കിലും നടപടിയായില്ല.
ഇതിനിടെ മേയറുടെ അധ്യക്ഷതയിൽ മോണിറ്ററിങ് സമിതി രൂപവത്കരിച്ചെങ്കിലും മീറ്റിങ്ങിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ മേയറോ ഭരണസമിതിയോ യാതൊരു നടപടിയും സ്വീകരിച്ചില്ല.
കഴിഞ്ഞ 11 മാസമായി മോണിറ്ററിങ് സമിതി കൂടാൻ മേയർ തയാറായിട്ടില്ല. ഈ കാര്യത്തിനായി ആക്ഷൻ കൗൺസിൽ അംഗങ്ങളും സ്ഥലം കൗൺസിലർമാരും നിരവധി തവണ കോർപറേഷൻ അധികാരികളെ സമീപിച്ചെങ്കിലും നിഷേധാത്മകവും നിരുത്തരവാദപരവുമായ നിലപാടാണ് മേയറും ഭരണസമിതിയും സ്വീകരിച്ചിട്ടുള്ളതെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു.
ഒന്നരമാസമായി കോർപറേഷനിലെ മുഴുവൻ മാലിന്യവും കൊണ്ടുവന്ന് കൂട്ടിയിട്ട് ശരിയായ വിധം സംസ്കരിക്കാതെ ദുർഗന്ധവും ഈച്ചയും കൊതുക്, കീടങ്ങൾ എന്നിവ പെരുകി സമീപവാസികൾ വീടുകളിൽ താമസിക്കാൻ സാധിക്കാതെ വീട് മാറി പോകുന്ന സാഹചര്യം ഉണ്ടായിട്ടുള്ളതാണ്. വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നതിനോ മറ്റും സാധിക്കാതെ നിറയെ ഈച്ചകൾ പെരുകി ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലായി.
പ്ലാന്റ് ശരിയായി സംരക്ഷിച്ച് കൊണ്ടുപോകാൻ കോർപറേഷന് സാധിക്കുന്നില്ല എന്ന് ഉറപ്പായ സാഹചര്യത്തിൽ അത് അടച്ചുപൂട്ടി പൊതുജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കാൻ അവസരം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്.
മനുഷ്യച്ചങ്ങലക്കുശേഷം കുരിയച്ചിറ സെന്ററിൽ ചേരുന്ന പ്രതിഷേധയോഗം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുരിയച്ചിറ ഇടവക വികാരി ഫാ. തോമസ് വടക്കൂട്ട്, ഫാ. ഡെന്നി തലോക്കാരൻ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ നേതാക്കളും വ്യാപാരി നേതാക്കളും സാമൂഹിക പ്രവർത്തകരും തുടങ്ങിയവർ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ ഡേവീസ് കൊച്ചുവീട്ടിൽ, ഡോ. ടോമി ഫ്രാൻസീസ്, ജോസ് മണി, ജോബി ജോൺ, തോമസ് വി. ആന്റണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.