തൃശൂർ: പൊതുകാന, തോട് എന്നിവിടങ്ങളിലേക്ക് മാലിന്യം തുറന്നുവിടുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചതായി ഗുരുവായൂർ നഗരസഭ സെക്രട്ടറി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ഗുരുവായൂർ വലിയതോടിൽ സംരക്ഷണ ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ തോട് കൈയേറ്റം കണ്ടെത്താൻ താലൂക്ക് സർവേയർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. സർവേ ചെയ്ത് അതിർത്തി നിശ്ചയിക്കുന്ന മുറക്ക് തോട്ടിലെ കൈയേറ്റം ഒഴിവാക്കുമെന്നും ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുമെന്നും നഗരസഭയുടെ റിപ്പോർട്ടിൽ പറയുന്നു.
മാലിന്യം നിറഞ്ഞ് ഗുരുവായൂർ വലിയതോട് നശിക്കുകയാണെന്ന് കാണിച്ച് സമർപ്പിച്ച ഹരജിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി ഗുരുവായൂർ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടികൾ വ്യക്തമാക്കിയത്.
വലിയതോടിന്‍റെ വശങ്ങളിൽ മണ്ണിടിച്ചിൽ ഒഴിവാക്കാൻ സംരക്ഷണഭിത്തി ഘട്ടംഘട്ടമായി നിർമിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജാറം റോഡ് പാലം മുതൽ സംരക്ഷണ ഭിത്തിയുടെ നിർമാണം നടക്കുന്നുണ്ട്. മഴക്കാലപൂർവ ശുചീകരണ ഭാഗമായി നഗരസഭയിലെ എല്ലാ തോടുകളും വൃത്തിയാക്കാറുണ്ട്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ പ്രധാന റോഡുകളിലെ കാനകൾ പുനർനിർമാണം നടത്തി. ലോഡ്ജുകളിലും മറ്റും സ്വീവേജ് കണക്ഷൻ നൽകിയതിനാൽ പൊതുകാന, തോട് എന്നിവിടങ്ങളിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടയാൻ സാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. പുന്നയൂർക്കുളം സ്വദേശി ശ്രീജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.