കൊടുങ്ങല്ലൂർ: തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ കിലുക്കം എന്ന വള്ളമാണ് ചെറുമത്സ്യങ്ങൾ സഹിതം ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. എറിയാട് സ്വദേശി ഇക്ബാലിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. 10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 1200 കിലോ അയല ഇനം മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്.
ഫിഷറീസ് ഡി.ഡി തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാറിലേക്ക് ഈടാക്കും. ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലിൽ നിക്ഷേപിച്ചു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എൻ. സുലേഖയുടെ നേതൃത്വത്തിൽ തുടര്‍ന്നും ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, അഴീക്കോട് കോസ്റ്റൽ പൊലീസ് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് വള്ളം പിടിച്ചെടുത്തത്. എഫ്.ഇ.ഒ ശ്രുതിമോൾ, എ.എഫ്.ഇ.ഒ സംന ഗോപൻ, മറൈൻ എൻഫോഴ്സ് ഉദ്യോഗസ്ഥരായ ഷിനിൽ കുമാർ, പ്രശാന്ത് കുമാർ, ഷൈബു, കോസ്റ്റൽ സി.പി.ഒ അഖിലേഷ്, ലൈഫ് ഗാർഡുമാരായ പ്രസാദ്, ഫസൽ, സ്രാങ്ക് ഹരികുമാർ എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.
ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും സ്പെഷൽ ടാസ്ക് സ്വാഡ് പരിശോധന ഉണ്ടായിരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനിത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.