ചെന്ത്രാപ്പിന്നി: പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ എടത്തിരുത്തി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ച് ആരോഗ്യ വകുപ്പ് പഞ്ചായത്തിന് റിപ്പോർട്ട് നൽകി.എടത്തിരുത്തി പഞ്ചായത്തിലെ 10-ാം വാർഡിൽ മുളങ്ങാട്ടുപറമ്പിൽ ചന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് തിങ്കളാഴ്ച പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും ഉൾപ്പടെ അജൈവ മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. പരിസരത്ത് പുകയും ദുർഗന്ധവും സമീപവാസികൾക്ക് ശ്വാസതടസ്സവും ഉണ്ടായതോടെ പരാതിയുമായി നാട്ടുകാർ രംഗത്തുവരികയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പഞ്ചായത്തിലേക്ക് റിപ്പോർട്ട് നൽകി. പരിസരം വൃത്തിഹീനമായിരുന്നെന്നും അലക്ഷ്യമായി അജൈവ മാലിന്യം കത്തിച്ചിരുന്നതായും പരിശോധനയിൽ ബോധ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലെന്നും കക്കൂസ് മാലിന്യം പുറത്ത് ഒഴുക്കിയിരുന്നതായും ഇത് ഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടതായും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഹരിത കർമസേനക്ക് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നൽകുന്നില്ലെന്നും കണ്ടെത്തി. തുടർന്ന് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. അനീഷ് ശിപാർശ ചെയ്യുകയായിരുന്നു.
ചാമക്കാല കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എസ്. അനീഷ്, എം.ബി. ബിനോയ്, ആർ. കൃഷ്ണകുമാർ, വി.എം. ലിനി, എം.എൽ.എസ്.പി നഴ്സ് ശ്രീദേവി എസ്. മേനോൻ എന്നിവരാണ് പരിശോധന നടത്തിയത്. പഞ്ചായത്ത് പരിധിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ തുടർന്നും നിയമാനുസൃതമായി പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. ബിനോയ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.