ഇരിങ്ങാലക്കുട: ഇല്ലിക്കല്‍ ഷട്ടര്‍ ഉയര്‍ത്താത്തതില്‍ പ്രതിഷേധവുമായി കര്‍ഷകര്‍. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഷട്ടറിന്റെ ചങ്ങലകള്‍ തുരുമ്പെടുക്കുകയും ഭിത്തികള്‍ക്ക് കേടു സംഭവിക്കുകയും ചെയ്തതിനാൽ ഷട്ടര്‍ ഉയര്‍ത്താനും താഴ്ത്താനും പറ്റാത്ത സാഹചര്യം വന്നിരുന്നു.
അന്ന് പ്രദേശത്തെ വീടുകളിൽ വെള്ളം കയറി വലിയ നാശം ഉണ്ടായി. ഇതേത്തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ മന്ത്രി നേരിട്ട് എത്തുകയും കാലവര്‍ഷം തീര്‍ന്നാല്‍ ഉടനെ ഷട്ടറിന്റെയും മോട്ടോറിന്റെയും കേടുപാടുകള്‍ തീര്‍ക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തെങ്കിലും പിന്നീട് തുടര്‍നടപടി ഉണ്ടായില്ലെന്നാണ് കര്‍ഷകരും നാട്ടുകാരും പറയുന്നത്.
ഒരാഴ്ച മുമ്പ് സര്‍ക്കാരിന്റെ മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ ഷട്ടര്‍ ഉയര്‍ത്തുന്നതില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു.
മുരിയാട് കോള്പാടശേഖരം, ചെമ്മണ്ട കായല്‍ പാടശേഖരം, താമരപ്പാടം, കിഴക്കേപുഞ്ചപ്പാടം, കുഴിക്കാട്ടുകോണം കോള്പാടശേഖരം, ചിത്രവള്ളി പാടശേഖരം, പൈങ്കിളി പാടശേഖരം എന്നിവയാണ് ഇപ്രാവശ്യവും ഷട്ടർ ഉയർത്താത്തതിനെ തുടർന്ന് വെള്ളത്തിലായത്.
ഇപ്പോള്‍ കരുവന്നൂര്‍ പുഴയില്‍ വീണുകിടക്കുന്ന ഷട്ടറിനു മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. അതുകൊണ്ട് വേണ്ടത്ര വേഗത്തില്‍ ഒഴുകിപ്പോകുന്നില്ല.
പ്രശ്നത്തിന് അടിയന്തര പ്രധാന്യം നല്കി, ഷട്ടറുകളുടെ കേടുപാടുകള്‍ തീര്‍ക്കാനും കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മൂര്‍ക്കനാട് മേഖല കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുന്‍ കൗണ്‍സിലര്‍ കെ.കെ. അബ്ദുല്ലകുട്ടി, ടി.എം. ധര്മ്മരാജന്, റപ്പായി കോറോത്തുപറമ്പില്‍, കെ.എ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.