ഇരിങ്ങാലക്കുട: നിർമാണം പൂർത്തിയായ റോഡ് ഏഴാം ദിവസം തകർന്നു. നാലര കിലോമീറ്ററോളം വരുന്ന കാറളം-കരാഞ്ചിറ പൊതുമരാമത്ത് കിഫ്ബി റോഡാണ് തകർന്നത്.
കേവലം ഏഴു ദിവസം മുമ്പ് പണി പൂർത്തീകരിച്ച റോഡ് പണി പൂർത്തിയായതിന്റെ പിറ്റേദിവസത്തെ മഴയിൽ തന്നെ തകർന്നത് നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയർത്തി. അശാസ്ത്രീയ അറ്റകുറ്റപ്പണികളിലൂടെ അഴിമതി നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് കാറളം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്ന് കിടന്നിരുന്ന റോഡായിട്ടും വളരെ കനം കുറഞ്ഞ രീതിയിലാണ് ടാറിങ് നടത്തിയതെന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടി. തകർന്ന റോഡിൽ ചരലുകൾ നിറഞ്ഞത് ഇരുചക്ര വാഹന യാത്രികർക്ക് അപകട ഭീഷണി ഉയർത്തുന്നതായും അവർ ചൂണ്ടിക്കാട്ടി.
കുഴിയിൽ വീണ് അപകടം സംഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടിയെടുക്കണമെന്നും, എത്രയും വേഗം റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് സംസ്ഥാന പൊതുമരാമത്ത് മന്ത്രിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.