തൃശൂർ: കഴിഞ്ഞ ദിവസം അന്തരിച്ച തൃശൂർ കോർപറേഷന്റെ പ്രഥമ മേയർ ജോസ് കാട്ടൂക്കാരൻ ലീഡർ കെ. കരുണാകരനൊപ്പം എന്നും നിലനിന്ന സജീവ പ്രവർത്തകൻ.
ഷോപ്പ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മുൻ നേതാവ്, ഐ.എൻ.ടി.യു.സി ജില്ല ദീർഘകാല സെക്രട്ടറി എന്നീ നിലകളിൽ തൃശൂരിലെ തൊഴിലാളി രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
1965ൽ കോൺഗ്രസ് തൃശൂർ ബ്ലോക്ക് പ്രസിഡന്റായി പ്രവർത്തിച്ചു. 1968 മുതൽ 2000 വരെ ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. തൃശൂർ ഈസ്റ്റ് പ്രഥമ ജില്ല കൗൺസിൽ മെംബറായ ജോസ് 2000ല്‍ തൃശൂരിന്റെ പ്രഥമ മേയറുമായി.
ജില്ല ആശുപത്രി അഡ്വൈസറി ബോർഡ് അംഗം, വടക്കാഞ്ചേരി വിരുപ്പാക്ക സ്പിന്നിങ് മിൽ ചെയർമാൻ, തൃശൂർ നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ എന്നീ നിലകളിലും പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
പുസ്തകപ്രിയനും കവിയുമായിരുന്നു. ജോസ് കാട്ടൂക്കാരന്റെ ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഡി.സി.സിയിൽ പൊതുദർശനത്തിന് വെക്കും. ശേഷം രാവിലെ 10.15ന് തൃശൂർ കോർപ്പറേഷനിൽ പൊതുദർശന് വെക്കും. വൈകീട്ട് നാലിന് അരണാട്ടുകര സെന്റ് തോമസ് ചർച്ചിൽ സംസ്കരിക്കും. സംസ്കാര ശേഷം വൈകീട്ട് അഞ്ചിന് തൃശൂർ കോർപറേഷൻ ഓഫിസിന് മുന്നിൽ സർവകക്ഷി യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.