എൻ.ടി.സിയും കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയവും രാജ്യത്തെ സ്പിന്നിങ് മില്ലുകൾ അടച്ചുപൂട്ടാനും അവയുടെ ആസ്തിയുടെ കണക്ക് എടുക്കാനും ധൃതികൂട്ടുമ്പോൾ ഒരുകാര്യം ഉറപ്പാണ്. ഇവയെ പരിപാലിക്കാനുള്ള നടപടികൾ പ്രതീക്ഷിച്ചുകൂടാ. ഇനി ആസ്തി വിറ്റ് സംരക്ഷിക്കാനാണെങ്കിൽ എത്രനാൾ... മാർക്കറ്റ് കൃത്യമായി മനസ്സിലാക്കാതെയുള്ള നൂൽ വിൽപനയാണോ നഷ്ടം വരുത്തിവെക്കുന്നത് ? അതോ മറ്റാർക്കെങ്കിലും വേണ്ടി ഒതുങ്ങിക്കൊടുക്കുന്നതോ? നഷ്ടക്കണക്ക് വിളമ്പുമ്പോൾ ഇങ്ങനെ ഒരുപാട് സംശയങ്ങളുണ്ട് തൊഴിലാളികൾക്ക്.
ഒരുകാലത്ത് അധ്യാപകരേക്കാൾ ശമ്പളം ടെക്സ്റ്റൈൽ മില്ലിൽ ജോലിയെടുക്കുന്നവർക്കുണ്ടായിരുന്നു. അന്ന് അവിടെ ജോലികിട്ടാൻ ശിപാർശക്കുവേണ്ടി രാഷ്ട്രീയ നേതാക്കൾക്ക് മുന്നൽ വരിനിന്ന കാലം. അത്തരത്തിൽ അഭിമാനത്തോടുകൂടി പണിയെടുത്ത നാളുകൾ നാഷനൽ ടെക്സ്റ്റൈൽ മില്ലിന് കീഴിലെ പുല്ലഴിയിലെ കേരള ലക്ഷ്മി മില്ലിന്റെ ഓർമകളിലുണ്ട്. ഇന്നിപ്പോൾ പട്ടിണിക്കണ്ണീര് ഒഴിഞ്ഞ സമയമില്ല.
1964ൽ കാളിമുത്തു ചെട്ട്യാരാണ് മിൽ ആരംഭിച്ചത്. 1974ൽ ദേശസാത്കരണ ഭാഗമായി 50 ഏക്കറുള്ള മിൽ കേന്ദ്രസർക്കാർ ഏറ്റെടുത്തു.
പോളിസ്റ്റർ കോട്ടൺ അനുപാതം 70:30ലുള്ള നൂലാണ് ഉണ്ടാക്കുന്നത്. കേരള ലക്ഷ്മി മിൽ 2007-2008 വരെ ലാഭത്തിലായിരുന്നു. 82-83 വർഷങ്ങളിൽ 20 ശതമാനം ബോണസ് വാങ്ങിയിരുന്നെന്ന് തൊഴിലാളികൾ പറയുന്നു.
പലഘട്ടങ്ങളിലായി സർക്കാർ ഫണ്ട് പല സമയങ്ങളിൽ അനുവദിച്ചു. 2006ൽ ഭൂമി വിറ്റിട്ട് ഫണ്ട് ഉണ്ടാക്കി കുറേ യന്ത്രങ്ങൾ ആധുനികവത്കരിച്ചു.
എൻ.ടി.സി സ്വന്തം ഫണ്ട് നൽകി മുന്നോട്ടുകൊണ്ടുപോയെങ്കിലും മുടന്തിനീങ്ങിയ മില്ലിന്റെ പ്രവർത്തനം കോവിഡിനുമുമ്പുതന്നെ സ്തംഭിച്ചു. തൊഴിൽ സമരവും ഒട്ടും കുറവായിരുന്നില്ല. 2016 മുതൽ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മൂലധനമില്ലായ്മയാണ് പ്രധാന കാരണം.
2020ലെ കോവിഡ് എൻ.ടി.സിക്ക് അടച്ചുപൂട്ടാൻ മാനേജ്മെന്റിന് അനുഗ്രഹമായി. കോടികൾ വരുന്ന പുത്തൻ യന്ത്രസാമഗ്രികൾ തുരുമ്പുപിടിച്ചു. വളപ്പ് കാടുകയറി. 6000 കിലോഗ്രാം നൂലായിരുന്നു അടച്ചുപൂട്ടലിനുതൊട്ടുമുമ്പ് ഇവിടത്തെ ഒരുദിവസത്തെ ശരാശരി ഉൽപാദനം.
നേരത്തേ 8000 കിലോഗ്രാം വരെ ഉണ്ടായിരുന്നു. പ്രവർത്തനം നിലക്കുമ്പോഴുള്ള രണ്ടുവർഷത്തെ നഷ്ടം 20 കോടി. പൂട്ടുമ്പോൾ 10 ദിവസത്തെ ഉൽപാദനത്തിനുള്ള പഞ്ഞി ബാക്കിയായിരുന്നു.
ജനുവരി 2017 മുതൽ ഡിസംബർ 2018 വരെയുള്ള കണക്ക് വിശകലനം ചെയ്തത് ഗവ. എൻജിനീയറിങ് കോളജ് പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിലെ എം.ടെക് വിദ്യാർഥികളായ നിർമൽ എം. മേനോനും ടി.എ. ബിനോയ്, അവിനാഷ് സെൻ തുടങ്ങിയവർ 2019ൽ കേരള ലക്ഷ്മി മില്ലിന്റെ അവസ്ഥ സംബന്ധിച്ച് ഒരുപഠനം നടത്തിയിരുന്നു.
അത് വെറുമൊരു മില്ലിനെ കേന്ദ്രീകരിച്ചുള്ള പഠനം മാത്രമായിരുന്നില്ല, രാജ്യത്തെ എൻ.ടി.സി മില്ലുകളുടെ അവസ്ഥ ഇതിന് സമാനമായിരുന്നു. ജനുവരി 2017 മുതൽ ഡിസംബർ 2018 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുമായിരുന്ന എത്ര സ്പിൻഡിലുകൾ നഷ്ടമായി എന്നതായിരുന്നു പഠനത്തിലെ ഒരുഭാഗം.
അറ്റകുറ്റപ്പണി ഇല്ലാത്തതാണത് നഷ്ടം കൂട്ടാൻ പ്രഥമ കാരണമായി പഠനസംഘം കണ്ടെത്തിയത്. സമരവും ഹർത്താലും രണ്ടാമത്, ജീവനക്കാരില്ലായ്മ, വൈദ്യുതി വിച്ഛേദനം, ജീവനക്കാർ ജോലിക്ക് വരാത്തത്, ട്രാൻസ്ഫോർമർ പ്രശ്നങ്ങൾ എന്നീ കാരണങ്ങൾ യഥാക്രമം പിറകിൽ വരുന്നു. ചെറിയ കാര്യങ്ങൾപോലും ഉൽപാദനക്ഷമതയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ.
കേരള ലക്ഷ്മി മിൽസ് പുല്ലഴി 100 ശതമാനം കോട്ടൺ നൂലിന്റെ 42944 സ്പിൻഡിൽസ് ഉപയുക്തമാക്കാൻ ശേഷിയുള്ളതാണ്. 2015 മുതൽ തുടരെ നഷ്ടത്തിലാണ്. 2017നുശേഷം വലിയ നഷ്ടത്തിലേക്ക് കൂപ്പുകുട്ടി. സാങ്കേതിക കാരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരണങ്ങളുമില്ലാത്തത് മുഖ്യഘടകമായി. പഞ്ഞി, ശമ്പളം, ഇന്ധനം തുടങ്ങിയവയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജീവക്കാരുടെ ഉൽപാദനക്ഷമത 2017ൽ 75.2 ഉണ്ടായിരുന്നത് 66.37 ആയി കുറഞ്ഞു. മണിക്കൂറിൽ 70.63 മാത്രമാണ് ഉൽപാദനശേഷി വേണ്ട നിരക്ക് 90 ആണ്. ജീവനക്കാരുടെ ഉൽപാദനക്ഷമത 70.58 ശതമാനം. ശരാശരി 90 വേണ്ടിടത്തെന്ന് നിർദേശിക്കുന്നിടത്താണിത്.
കേരള ലക്ഷ്മി അടച്ചുപൂട്ടിയിട്ട് മൂന്നുവർഷത്തോളമായി. ഉൽപാദിപ്പിക്കുന്ന നൂൽ മുംബൈ ഗണ്ഡികളിലാണ് പ്രധാനമായി വിറ്റിരുന്നത്. കയറ്റുമതി ചെയ്തിരുന്ന നൂലുകൾ ചൈന വേണ്ടന്നുവെച്ചതും തിരിച്ചടിയായി. റിലയൻസ് പോലുള്ള വൻ കുത്തകക്കാർ മേഖലയിൽ രംഗപ്രവേശം ചെയ്ത് വിപണി കൈയടക്കിയതും വിൽപനയെ ബാധിച്ചിരുന്നു. ലോക് ഡൗൺ കാലത്ത് കമ്പനിയുടെ ഭൂമി അളന്നുതിട്ടപ്പെടുത്തി ആസ്തി കണക്കാക്കൽ പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണ നടപടിക്രമം മാത്രമാണെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.
എന്നാൽ, കുത്തകകൾക്ക് വിൽക്കുന്നതിന്റെ മുന്നോടിയാണെന്ന് പറഞ്ഞ് തൊഴിലാളികൾ എതിർത്തതോടെ ശ്രമം ഉപേക്ഷിച്ചു. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി പീയുഷ് ഗോയലുമായി തൊഴിലാളി സംഘടനകൾ ചർച്ച നടത്തിയപ്പോൾ പൊതുമേഖല സംരക്ഷണം ലക്ഷ്യമല്ലെന്ന് ഉറപ്പിച്ചുപറഞ്ഞതായി സംഘടന ഭാരവാഹികൾ അറിയിച്ചു. കോവിഡിനുശേഷം ജൂലൈയിൽ കേരളത്തിൽ മറ്റ് മില്ലുകൾ തുറന്നപ്പോൾ എൻ.ടി.സി മില്ലുകൾ അടഞ്ഞുകിടന്നു. മുൻജീവനക്കാർ ഉപജീവനത്തിന് വേണ്ടി മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞുകഴിഞ്ഞു. സംയുക്ത തൊഴിലാളി യൂനിയനുകളുടെ സമരം എന്നതും ചടങ്ങുതീർക്കലായി. 18ഓളം ഓഫിസ് ജീവനക്കാർ മില്ലിൽ ഇപ്പോഴും വന്ന് പോകുന്നുണ്ട്. എന്ന് അടച്ചുപൂട്ടുമെന്ന ആശങ്കയിലാണ് അവരും.
ടെക്സ്റ്റൈൽ മില്ലുകൾക്ക് ആവശ്യമായ പ്രധാന അസംസ്കൃതവസ്തുവായ പരുത്തി മുൻകൂറായി വാങ്ങി സംഭരിക്കാനും മില്ലുകൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യാനും സംസ്ഥാന സർക്കാർ രൂപവത്കരിച്ച കോട്ടൺ ബോർഡിലാണ് സ്പിന്നിങ് മില്ലുകൾക്ക് പ്രതീക്ഷ. മില്ലുകൾക്ക് ആവശ്യമുള്ള പരുത്തി, സീസൺ അടിസ്ഥാനമാക്കി കുറഞ്ഞ വിലക്ക് സംഭരിക്കുകയാണ് ബോർഡിന്റെ പ്രധാന ചുമതല. നേരത്തേ ഓരോ മില്ലും തങ്ങൾക്ക് ആവശ്യമുള്ള പരുത്തി സ്വന്തം നിലയിൽ സംഭരിക്കുകയായിരുന്നു.
വിലക്കുറവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഇതുമൂലം കഴിഞ്ഞിരുന്നില്ല.
ജില്ലയിൽ സ്വകാര്യമേഖലയിലെ മൂന്ന് എണ്ണം ഉൾപ്പെടെ ഏഴ് സ്പിന്നിങ് മില്ലുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സീതാറം ഒഴിച്ച് മറ്റെല്ലാം അടഞ്ഞുകിടക്കുന്നു. അടുത്തുതന്നെ വിരുപ്പാക്കയിലെ സഹകരണ സ്പിന്നിങ്മിൽ തുറക്കുമെന്ന് അധികൃതർ പറയുന്നുണ്ട്.
91-96 കാലത്തെ ഇറക്കുമതി-സാമ്പത്തിക നയങ്ങളിൽ കാലിടറിയപ്പോഴാണ് സ്വകാര്യമില്ലുകളായ രാജഗോപാലും നാട്ടിക സ്പിന്നിങ് മില്ലും വനജ മില്ലും പൂട്ടിയത്. കേന്ദ്ര നയത്തിൽ കുടുങ്ങി എൻ.ടി.സി മില്ലുകളും അടഞ്ഞു. ഇവിടെ താൽക്കാലിക ജോലിയിലുണ്ടായിരുന്ന 650 പേർ പൂർണമായും പട്ടിണിയിലാണ്. സ്ഥിരജോലിക്കാർക്ക് മൂന്നിലൊന്ന് ശമ്പളം നൽകിവരുന്നുണ്ട്.
ആധുനികവത്കരണത്തിന്റെ പാതയിൽ മുന്നേറുക തന്നെയാണ് സ്പിന്നിങ്മില്ലുകളെ ജീവൻ വെപ്പിക്കാനുള്ള മാർഗം. പുനരുജ്ജീവന പാക്കേജുകൾ വഴി സർക്കാറുകളുടെ ധനസഹായത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഇതിനേക്കാളുപരി ദീർഘവീക്ഷണമുള്ള മേഖലയുമായി ബന്ധമുള്ള ആത്മാർഥതയുള്ള നേതൃത്വം ഓരോ സ്ഥാപനങ്ങളുടെയും തലപ്പത്ത് വന്നാൽ മാത്രമേ പ്രതീക്ഷക്ക് വകയുള്ളൂ.
ആധുനിക യന്ത്രങ്ങൾ കൊണ്ടുവരുകയും ഉൽപാദനം കൂട്ടുകയും വേണം. കൃത്യമായ അറ്റകുറ്റപ്പണി നടത്തി യന്ത്രങ്ങളെ സംരക്ഷിക്കാം.
പുതിയതരം നൂലുൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി നിർമിക്കാം. എല്ലാമുപരി സൗഹാർദപൂർണമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.