അതിരപ്പിള്ളി: വെറ്റിലപ്പാറയിൽ പുലി നായെ കൊന്നു. വെറ്റിലപ്പാറ 13 കൊമ്പൻ ബിനോയിയുടെ വീട്ടിലെ നായെയാണ് പുലി പിടിച്ചത്. വീട്ടിൽ മൂന്ന് പട്ടികൾ വേറെയുണ്ടെങ്കിലും കെട്ടിയിട്ടതിനെയാണ് പുലി പിടിച്ചത്. ശരീരത്തിന്റെ പകുതിയോളം തിന്നിട്ടുണ്ട്. ബഹളം കേട്ട് ടോർച്ചടിച്ചപ്പോൾ പുലി ഓടിമറഞ്ഞു. ഈ ഭാഗത്ത് കുറച്ചു നാളുകളായി പ്രദേശവാസികൾ പുലി ഭീതിയിലാണ്. ടാപ്പിങ്ങിന് പോകുന്നവരും മറ്റും പലപ്പോഴും പുലിയെ നേരിട്ട് കണ്ടിട്ടുണ്ട്. മാനിനെ പിടികൂടാൻ പിന്നാലെ പായുന്നതും കണ്ടിട്ടുണ്ട്.
പ്രായമേറിയതോ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതോ ആയ പുലിയാണ് നാട്ടിലിറങ്ങി പട്ടികളെ ആക്രമിച്ച് തിന്നുന്നതെന്നാണ് കരുതുന്നത്. 14 പ്രദേശത്ത് കുറച്ചു ദിവസമായി അവിടവിടെ പട്ടികളെ കാണാതായതായി റിപ്പോർട്ട് ഉണ്ട്. ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടിയില്ല. നാട്ടുകാർ രാത്രി പുറത്തിറങ്ങുന്നത് കുറച്ചിട്ടുണ്ട്. കുട്ടികളെ വീട്ടിനുള്ളിൽനിന്ന് പുറത്തിറക്കുന്നില്ല. കരുതലിനായി രാത്രി വെളിച്ചം കത്തിക്കുന്നുമുണ്ട്. ഒരു വർഷം മുമ്പ് ഇവിടെ കടുവ ശല്യം ഉണ്ടായിരുന്നു. അഞ്ച് എരുമകളെ അന്ന് കടുവ ആക്രമിച്ചു കൊന്നിരുന്നു. ദിവസവും കാട്ടാനകളുടെ ശല്യവും പ്രദേശത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.