തൃശൂർ: ഇത്തവണ ഓണാഘോഷത്തിന് മാറ്റേകാന്‍ കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്സും ശര്‍ക്കര വരട്ടിയും. ‘ഫ്രഷ് ബൈറ്റ്സ്’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് കുടുംബശ്രീ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം യൂനിറ്റുകളില്‍നിന്ന് 700ഓളം കുടുംബശ്രീ സംരംഭകര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാകും. കോര്‍പറേറ്റ് ബ്രാന്റുകളോട് കിടപിടിക്കുന്ന രീതിയിലാണ് കുടുംബശ്രീ ഉല്പന്നം വിപണിയില്‍ എത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉല്പാദനം, പാക്കിങ് എന്നിവയില്‍ ഗുണനിലവാരത്തോടെ ഏകീകൃത മാനദണ്ഡം പാലിച്ചിട്ടുണ്ട്. സമാന സ്വഭാവമുള്ള യൂനിറ്റുകളെ സംയോജിപ്പിച്ച് ജില്ലതലത്തില്‍ ക്ലസ്റ്ററുകള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുക.
2024-‘25ൽ മൂന്ന് ലക്ഷം ഉപജീവന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപവത്കരിച്ച ‘കെ-ലിഫ്റ്റ്’ പദ്ധതിയുടെ ഭാഗമായാണ് ’ഫ്രഷ് ബൈറ്റ്സ്’ ബ്രാന്‍ഡിങ് നടത്തിയത്. കുടുംബശ്രീ ജനകീയ ഹോട്ടല്‍ പദ്ധതിക്ക് സര്‍ക്കാര്‍ സബ്സിഡി തുക പൂര്‍ണമായും നല്‍കിയെന്നും പ്രീമിയം ഹോട്ടല്‍ പദ്ധതിയും ലഞ്ച് ബെല്‍ സംവിധാനവും സംസ്ഥാന വ്യാപകമാക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
മന്ത്രി കെ. രാജന് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ നഗരസഭ നല്കുന്ന 25 ലക്ഷം രൂപയുടെ ചെക്ക് നഗരസഭ ചെയര്‍മാനും മുനിസിപ്പല്‍ ചേംബര്‍ അസോസിയേഷന് ചെയര്‍മാനുമായ എം. കൃഷ്ണദാസ് മന്ത്രി എം.ബി. രാജേഷിന് കൈമാറി.
കുടുംബശ്രീ സംസ്ഥാന മിഷന് നോണ്‍ ഫാം ലൈവ്ലിഹുഡ് പ്രോഗ്രാം ഓഫിസര്‍ എ.എസ്. ശ്രീകാന്ത് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ല പ്രസിഡന്റ് എസ്. വസന്തലാല്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിങ് ബോഡി അംഗവുമായ കെ.ആര്. ജോജോ, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ ടി.എം. റജീന, സി.ഡി.എസ് ചെയര്പേഴ്സൻമാരായ സത്യഭാമ വിജയന്, റെജുല കൃഷ്ണകുമാര്‍, തൃശൂര്‍ കറി പൗഡര്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് കെ.എന്‍. ഓമന, കുടുംബശ്രീ ഫുഡ് പ്രോസസിങ് ആൻഡ് മാര്‍ക്കറ്റിങ് ക്ലസ്റ്റര്‍ പ്രസിഡന്റ് സ്മിത സത്യദേവ്, ഫാം ലൈവ്ലി ഹുഡ് പ്രോഗ്രാം ഓഫിസര്‍ ഡോ. എസ്. ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.