തൃശൂർ: ജില്ലയിൽ ആറ് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിലവിലുള്ള ഒരു വാർഡ് നഷ്ടപ്പെട്ടു. തൃക്കൂർ പഞ്ചായത്ത് ആലേങ്ങാട് വാർഡാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. വടക്കാഞ്ചേരി നഗരസഭ പതിമൂന്നാം വാർഡ് ഒന്നാംകല്ല് ഡിവിഷൻ, മുരിയാട് തുറവൻകാട് വാർഡ്, ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷൻ എന്നിവ ഇടതു മുന്നണി നിലനിർത്തി. കുഴൂർ പഞ്ചായത്ത് കുഴൂർ വാർഡും വെള്ളാങ്ങല്ലൂർ പഞ്ചായത്ത് വെളയനാട് വാർഡും യു.ഡി.എഫ് നിലനിർത്തി.
തൃക്കൂർ പഞ്ചായത്ത് ആലേങ്ങാട് വാർഡിൽ ഇടത് സ്ഥാനാർഥി ലിന്റോ തോമസ് ആണ് വിജയിച്ചത്. 285 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. യു.ഡി.എഫ് സ്ഥാനാർഥി മാത്യു ഇലവുങ്കലിനെയാണ് പരാജയപെടുത്തിയത്. യു.ഡി.എഫിലെ ജിയോ പാനോക്കാരൻ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. യു.എഡി.എഫ് 10, എൽ.ഡി.എഫ് അഞ്ച്, ബി.ജെ.പി. ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
വടക്കാഞ്ചേരി നഗരസഭ 13-ാം ഡി വിഷൻ ഒന്നാം കല്ലിൽ ഇടത് സ്ഥാനാർഥി മല്ലിക സുരേഷാണ് വിജയിച്ചത്. 27 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി. എഫ് സ്ഥാനാർഥി സിന്ധു സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് കൗൺസിലർ വി. ലതയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ്. 28, യു.ഡി. എഫ് 10, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
കുഴൂർ പഞ്ചായത്ത് കുഴൂർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി സേതുമോൻ ചിറ്റേത്ത് വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി ജെൻസൻ തെറ്റയിലിനെ 285 വോട്ടിനാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് അംഗം കേശവൻകുട്ടി രാജിവച്ചതിനെത്തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ്. യു.ഡി.എഫ് ഒമ്പത്, എൽ.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.
മുരിയാട് പഞ്ചായത്ത് തുറവൻകാട് വാർഡിൽ എൽ.ഡി.എഫിലെ റോസ്മി ജയേഷ് വിജയിച്ചു. യു.ഡി.എഫിലെ ഷീജ ജോർജിനെ ആണ് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡണ്ടായിരുന്ന എൽ.ഡി.എഫിലെ ഷീജ ജയരാജ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽ.ഡി.എഫ്. 11, യു.ഡി.എഫ്. ആറ് എന്നിങ്ങനെയാണ് കക്ഷിനില.
വെള്ളാങ്കല്ലൂർ പഞ്ചായത്ത് വെളയനാട് വാർഡ് യു.ഡി.എഫ് നിലനിറുത്തി. യു.ഡി.എഫ് സ്ഥാനാർഥി ബിജു പുല്ലൂക്കര 303 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. നൗഷാദിനെ പരാജയപ്പെടുത്തി. യു.ഡി.എഫ് അംഗം അനിൽ മാന്തുരുത്തിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽ.ഡി.എഫ് 13, യു.ഡി.എഫ് എട്ട് എന്നിങ്ങനെയാണ് ഇവിടെ കക്ഷി നില.
ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഷീന രാജൻ 597 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ശാലിനി ഉണ്ണികൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. സി.പി.എമ്മിലെ ഷീജ ശിവൻ സർക്കാർ ജോലി ലഭിച്ചതി നെത്തുടർന്നു രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. എൽ.ഡി.എഫ്. 12 യു.ഡി.എഫ്. ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.