തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ പരാജയം പരിശോധിക്കാനുള്ള നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട്. പരാജയത്തെക്കുറിച്ച് പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച മൂന്നംഗ ഉപസമിതി ചൊവ്വാഴ്ച എത്തുമെന്ന് പുതിയ ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് എം.പി അറിയിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടിവിരുദ്ധ പോസ്റ്റുകള്‍ ഇട്ടവര്‍ 24 മണിക്കൂറിനകം അവ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. മുന്‍ എം.എല്‍.എ കെ.സി. ജോസഫ്, അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായും 14 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായും സമിതി കൂടിക്കാഴ്ച നടത്തും. അതേസമയം, സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരനെ സമിതി ഇപ്പോള്‍ കാണില്ല. ജില്ലയിലെ മറ്റു നേതാക്കളെ പിന്നീട് കാണും. ഇവര്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ഡി.സി.സിക്കോ ഉപസമിതിക്കോ രേഖമൂലം നല്‍കാം. ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചക്കുശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ശ്രീകണ്ഠന് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള അപകീര്‍ത്തി പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുമെന്ന് ശ്രീകണ്ഠന് മുന്നറിയിപ്പ് നല്കി. അപകീര്‍ത്തി പോസ്റ്റുകള്‍ നീക്കം ചെയ്യാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അവര്‍ക്കെതിരെ നിയമ നടപടികളിലേക്ക് കടക്കുകയും ചെയ്യും. പരസ്യമായി അഭിപ്രായ പ്രകടനം നടത്തരുത്. ഇത് ലംഘിക്കുന്നവര്‍ എത്ര വലിയ നേതാവായാലും എ.ഐ.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഡി.സി.സി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരിനെതിരെ തൃശൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഡി.സി.സി പ്രസിഡന്റിന്റെ താക്കീത്.തൃശൂരിലെ പരാജയം കനത്ത തിരിച്ചടിയാണെന്നും അതിനെ ഗൗരവപൂര്‍ണമായാണ് കണ്ടിരിക്കുന്നതെന്നും ശ്രീകണ്ഠന് പറഞ്ഞു. പ്രത്യേക സാഹചര്യമായിരുന്നു തൃശൂരിലേത്. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.സി.സിയില്‍ കൂട്ടത്തല്ലുണ്ടായ സംഭവത്തിലെ പൊലീസ് കേസുമായി മുന്നോട്ടുപോകണോ ഒത്തുതീര്‍പ്പില്‍ എത്തണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്തസമ്മേളനത്തില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവരും സംബന്ധിച്ചു.
തൃശൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി രൂപവത്കരിച്ച ഉപസമിതിയിലെ അംഗങ്ങളുടെ പട്ടിക ഡി.സി.സി പുറത്തുവിട്ടു. മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ. അബ്ദുറഹിമാന് കുട്ടി, മുന്‍ എം.എല്‍.എ അനില്‍ അക്കര എന്നിവര്‍ കണ്‍വീനര്‍മാരായ സമിതിയില്‍ മറ്റു 10 പേരാണുള്ളത്. കെ.വി. ദാസന്, സി.സി. ശ്രീകുമാര്‍, ഐ.പി. പോള്‍, രാജന് ജെ. പല്ലന്, ജോസഫ് ടാജറ്റ്, കെ. ദിലീപ് കുമാര്‍, ലീല സുബ്രഹ്മണ്യന്, കെ. ശശിധരന് മാസ്റ്റര്‍, സുജ സജീവ് കുമാര്‍, എന്‍.എസ്. വര്‍ഗീസ് എന്നിവരാണ് സമിതി അംഗങ്ങള്‍.
ബി.ജെ.പി നേതാവ് സുരേഷ് ഗോപി മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മൃതി കുടീരത്തില്‍ പോയതില്‍ തെറ്റില്ലെന്ന് ശ്രീകണ്ഠന്. പൊതുസമൂഹത്തിന്റെ നേതാവാണ് കരുണാകരന്. സുരേഷ് ഗോപി കരുണാകരന്റെ കുടുംബവുമായി ബന്ധമുള്ള ആളാണ്. അതിനാല്‍, സ്മൃതി കുടീരത്തില്‍ പോയി പ്രാര്‍ഥിക്കുന്നതിലോ തെറ്റ് ഏറ്റുപറയുന്നതിലോ കുഴപ്പമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.