പുന്നയൂർക്കുളം: ദേശീയപാതയുടെ സമാന്തരമായ ഇടുങ്ങിയ സർവിസ് റോഡിൽ ലോറികൾ കൂട്ടമായി നിർത്തിയിടുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമാകുന്നു. മന്ദലാംകുന്ന് കിഴക്ക് ഭാഗത്തെ സർവിസ് റോഡിൽ ദേശീയപാത നിർമാണ കമ്പനിയായ ശിവാലയുടെ ടോറസ് ലോറികളാണ് കൂട്ടമായി നിർത്തിയിടുന്നത്. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് ലോറികൾ പാർക്ക് ചെയ്യുന്നത്.
ദേശീയപാതയുടെ നിർമാണം പൂർത്തിയാവാത്തതിനാൽ പ്രാദേശികമായ ആവശ്യങ്ങൾക്ക് ഈ സർവിസ് റോഡാണ് രണ്ട് ദിശയിലേക്കുമായി ഉപയോഗിക്കുന്നത്. ഈ റോഡിന്റെ നിർമാണം പൂർത്തിയായിട്ടില്ല. വാഹനങ്ങൾ റോഡിന്റെ ഒരു ഭാഗത്ത് നിർത്തിയിടുന്നതിനാൽ ഇരുദിശയിലും സഞ്ചരിക്കുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സമീപത്തെ മദ്റസ വിദ്യാർഥികൾക്കും വളരെയധികം പ്രയാസം സ്വഷ്ടിക്കുകയാണ്.
സമീപത്തെ പല പോക്കറ്റ് റോഡുകളിലേക്കും മറ്റു വാഹനങ്ങൾക്ക് കടന്നുപോവാൻ കഴിയാത്ത അവസ്ഥയാണ്. ഇതുകാരണം പോക്കറ്റ് റോഡിൽനിന്ന് കയറിവരുന്ന വാഹനങ്ങൾക്ക് സർവിസ് റോഡിലെ മറ്റു വാഹനങ്ങളെ ശരിക്ക് കാണാനാവാത്ത അവസ്ഥയുണ്ട്. തൊട്ടടുത്ത് അകലാട് രണ്ടിടത്തും അണ്ടത്തോട് പെരിയമ്പലത്തും ദേശീയപാതയോട് ചേർന്ന വലിയ പറമ്പുകളിലാണ് ഇത്തരത്തിലുള്ള മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത്. കൂടുതൽ വാഹനങ്ങൾ നിർത്തിയിടാൻ അവിടെ സൗകര്യമുണ്ടായിട്ടാണ് ഇടുങ്ങിയ റോഡിനെ ആശ്രയിക്കുന്നത്. പ്രദേശത്ത് തെരുവ് വിളക്കുകളും പ്രകാശിക്കുന്നില്ല. നേരത്തെ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറുകളും ബൈക്കുകളും ഇടിച്ച് അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
അപകടകരമായ വിധത്തിൽ നിർത്തിയിടുന്ന വാഹനങ്ങളെ അടിയന്തരമായി മാറ്റിയിടാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് എസ്.ഡി.പി.ഐ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി തൗഫീഖ് മാലികുളം, സുബൈർ ഐനിക്കൽ, ആശിഫ് പാപ്പാളി, അഷ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.