വടക്കാഞ്ചേരി: മച്ചാട് മാമാങ്കം ദർശിക്കാൻ ഉത്സവ പ്രേമികളുടെ പ്രവാഹം. പുലർച്ചെ നടതുറക്കൽ, വിശേഷാൽ പൂജകൾ, ഗണപതി ഹോമം തുടങ്ങിയ ചടങ്ങുകൾ ഭക്തിസാന്ദ്രമായി. പാടശേഖരത്തിൽ നിറഞ്ഞാടുന്ന പൊയ്ക്കുതിരകളുടെ അമ്മാനമാടുന്ന ദൃശ്യവിസ്മയം ആസ്വദിക്കാൻ ക്ഷേത്രാങ്കണവും പരിസരവും ജനസമുദ്രമായി.
പൊയ്ക്കുതിരകളെ ചുമലിലേറ്റി ആർപ്പുവിളികളും ആരവവുമായി മേലോട്ടും താഴോട്ടുമിട്ട് പൂരപ്രേമികൾ ആനന്ദനൃത്തം ചവിട്ടി. കല്ലംപാറ -പനങ്ങാട്ടുകര വിഭാഗത്തിനാണ് ഇത്തവണ മാമാങ്ക നടത്തിപ്പ് ചുമതല. തട്ടക ദേശക്കാരുടെ കുതിര എഴുന്നള്ളിപ്പ്, മണലിത്തറ ദേശക്കാരുടെ കുംഭകുടം എന്നിവയോടെയാണ് മാമാങ്ക പെരുമ ആരംഭിച്ചത്. മംഗലം, പാർളിക്കാട്, ദേശക്കുതിരകൾ ആദ്യവും മണലിത്തറ, കരുമത്ര, വിരുപ്പാക്ക ദേശക്കുതിരകൾ പിന്നീടും വീണ കണ്ടത്തിലെത്തി. ഇവിടെ കാത്ത് നിൽക്കുന്ന ഭഗവതി കുതിരകൾ ദേശക്കുതിരകളെ സ്വീകരിച്ചാനയിച്ചു. മണലിത്തറ ദേശത്തിന്റെ മൂന്ന് കുതിരകൾക്കൊപ്പം ദേശത്തിന്റെ കുംഭക്കുടം എഴുന്നള്ളിപ്പും പൂരപ്രേമികൾക്ക് അനുഭൂതിയായി. പഞ്ചവാദ്യ മേള പെരുക്കത്തിൽ താളമിട്ട് ആനന്ദ നിർവൃതിയിലായി ജനം. ജാതി-മത- ഭേദമന്യേയുള്ള തട്ടക ദേശക്കാർ ചുമലിലേറ്റി ആരവം മുഴക്കിയാണ് കിലോമീറ്ററുകളോളം പാടശേഖരങ്ങളിലൂടെ സഞ്ചരിച്ച് കുതിരകളെ കാവിലെത്തിച്ചത്.
വൈകീട്ട് നടന്ന എം.ജി. ശ്രീകുമാർ, റഹ്മാൻ, മൃദുല വാര്യർ നയിച്ച ശ്രീരാഗോത്സവവും മാമാങ്കത്തിന് ഹരമായി. രാത്രി 10ന് നടന്ന തായമ്പകയും കെങ്കേമമായി. കൂടാതെ ഹരിജനങ്ങളുടെ പഞ്ചവാദ്യം, മേളം, താലം മുതലായവയും നടന്നു. പുലർച്ചെ രണ്ടിന് നടന്ന മേജർ സെറ്റ് പഞ്ചവാദ്യവും, ഏഴിന് പഴുവിൽ രഘുമാരാരുടെ നേതൃത്വത്തിൽ 100ൽ പരം കലാകാരന്മാർ പങ്കെടുത്ത പാണ്ടിമേളവും, 9.30ന് നടന്ന പൂതൻ, തറ, ഹരിജൻ വേല ആഘോഷത്തോടെ മാമാങ്കത്തിന് സമാപനം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.