മാള: ടൗൺ പോസ്റ്റ് ഓഫിസ് റോഡ് ടാറിങ് നടപടി തെരഞ്ഞെടുപ്പിന് ശേഷം നടപ്പാക്കുമെന്ന് സൂചന. നേരത്തേ ഈ റോഡ് മാള പൊലീസ് സ്റ്റേഷൻ വരെയാണ് നവീകരിച്ചത്. ജങ്ഷൻ വരെയുള്ള ഭാഗമാണ് നവീകരിക്കാതെ ഉപേക്ഷിച്ചത്.
ടൗൺ വികസന രണ്ടാംഘട്ടമായി മാള-പോസ്റ്റ് ഓഫിസ് റോഡ് വീതി കൂട്ടാൻ ശ്രമം നടത്തിയിരുന്നു. മാള-ആലുവ കോട്ടമുറി റോഡ് നവീകരിക്കാനും പദ്ധതി തയാറാക്കിയിന്നു. ഇതിന്റെ ഭാഗമായി മാള ലീഡര്‍ സ്ക്വയര്‍ മുതല്‍ ഹോളി ഗ്രെയ്സ് സ്കൂള്‍ കവാടം വരെയുള്ള രണ്ട് കീലോമീറ്റർ ദൂരമാണ് ആദ്യം നവീകരിച്ചത്. ഇവിടെ ബിറ്റുമിൻ മെക്കാഡം ടാറിങ് നടത്തി. അഞ്ചര മീറ്റര്‍ വീതിയിലാണ് റോഡ് ടാറിങ് നടത്തിയത്. നിലവില്‍ ചിലയിടങ്ങളില്‍ ആറുമീറ്റര്‍ വരെ ടാറിങിന് വീതിയുണ്ട്. റോഡ് നവീകരിക്കുന്നതോടെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമാകും.
അതേസമയം മാള ടൗൺ റോഡ് വീതികൂട്ടൽ കടമ്പയാണ്. ഒരേസമയം, ഇരുഭാഗത്തേക്കും വലിയ വാഹനങ്ങൾ കടന്നു പോകാനാവാത്ത റോഡ് വീതി വർധിപ്പിക്കാൻ അധികൃതർ നേരത്തേ തീരുമാനിച്ചിരുന്നു.
ആലുവ-മാള റോഡ് അവസാനിക്കുന്നത് ജൂത സിനഗോഗിന് മുന്നിലാണ്. നേരത്തേ നടന്ന ചർച്ചയിൽ വ്യാപാര സ്ഥാപന ഉടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാര സംഖ്യ വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇത് തത്വത്തിൽ സർക്കാറിനെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനു വേഗത പോരെന്ന് ആരോപണമുണ്ട്. ടൗണിലെ ഏറ്റവും തിരക്കേറിയ റോഡാണ് പോസ്റ്റ് ഓഫിസ് റോഡ്. റോഡിന് ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങൾ നിലകൊള്ളുന്ന ഭൂമി ഏറ്റെടുക്കൽ നടപടികളാണ് ആദ്യം പൂർത്തീകരിക്കേണ്ടത്. ഇതിന് നഷ്ടപരിഹാരം നൽകാനായി ഭീമമായ സംഖ്യയാണ് വേണ്ടി വരിക. റോഡിന്റെ വടക്കുഭാഗത്ത് പുനർനിർമിച്ച കെട്ടിടങ്ങൾക്ക് ഭീഷണിയില്ലെന്ന് അറിയുന്നു. നിശ്ചിത ദൂരപരിധി അളന്ന് മാറ്റിയാണ് ഇവർ നിർമാണം നടത്തിയത്. അതേസമയം, തെക്കുഭാഗത്ത് പഴയ വ്യാപാര സ്ഥാപനങ്ങൾ പലതും പൂർണമായും ഇല്ലാതാകും.
ഇവിടെ വാടക നൽകി കച്ചവടം നടത്തുന്ന വ്യാപാരികൾ പെരുവഴിയിലാകും. നഷ്ടപരിഹാരം ലഭിക്കുക ഉടമക്കാണ്. വർഷങ്ങളായി മാള ടൗണിൽ വ്യാപാരം നടത്തിയ വാടകക്കാരെ പുനരധിവസിപ്പിക്കാൻ നടപടികളില്ല. ഇത് കൂടി പരിഹരിക്കണം. ബന്ധപ്പെട്ട ഉടമകളിൽ ചിലർ തങ്ങളുടെ നിലപാട് അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.