തൃശൂർ: അൽപം സമയംകൂടി കഴിഞ്ഞിരുന്നുവെങ്കിൽ എന്താകുമായിരുന്നുവെന്ന് ഓർക്കാനാകാത്ത അവസ്ഥയിലാണ് എഴുപതുകാരൻ അനിയൻ നായർ. കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ കാൽതെറ്റി വീണ അനിയൻ നായർ മണിക്കൂറിലധികമാണ് തിണ്ടിൽ പിടിച്ച് കിടന്നത്. സമീപവാസിയെത്തി അഗ്നിരക്ഷ സേനയെ വിവരമറിയിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുളങ്കുന്നത്ത്കാവ് കല്ലെപ്പടി പത്താം വാർഡിൽ പൂണിക്കടവിൽ വീട്ടിൽ അനിയൻ നായരാണ് സ്വന്തം കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. കാട് പിടിച്ച സ്ഥലത്തിന് സമീപം ആരും ഇല്ലാത്തതിനാൽ വിവരം പുറത്തറിഞ്ഞില്ല. കൈവരിയിൽ പിടിച്ച് ഏറെ നേരം കിടന്ന് നിലവിളിച്ചുവെങ്കിലും ആരും കേട്ടില്ല. ഇതിനിടയിലാണ് മോട്ടോർ പുരയുടെ താക്കോൽ നൽകുന്നതിനായി സുഹൃത്ത് കൃഷിയിടത്തിൽ വന്നത്. കിണറ്റിൽ നിന്നും ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അനിയൻ നായരെ കണ്ടത്. ഉടൻ കയർ ഇട്ടുകൊടുത്ത് പിടിച്ചുനിർത്തി തൃശൂർ ഫയർഫോഴ്സിൽ അറിയിച്ചു. അസി. സ്റ്റേഷൻ ഓഫിസർ സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എസ്. സ്‌മിനേഷ്കുമാറാണ് കിണറ്റിൽ ഇറങ്ങിയത്. അവശനായ അനിയൻ നായരെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.