തൃശൂർ: ജില്ലയുടെ പ്രധാന മനുഷ്യ വിഭവ ശേഷിയായി അന്തർ സംസ്ഥാന തൊഴിലാളികൾ മാറുകയാണ്. കേരളീയരുടെ വൈറ്റ് കോളർ ജോലി ഭ്രമമാണ് ഇക്കൂട്ടർക്ക് കൂടിയ അവസരം നൽകുന്നത്. നിർമാണ മേഖലയിൽ തുടങ്ങി സ്വർണപ്പണി അടക്കം ഇതര പാരമ്പര്യ തൊഴിലുകളിലും കൃഷിപ്പണിക്കും അടക്കം ഇവരില്ലാതെ പണി നടക്കാത്ത സാഹചര്യമാണ് നിലവിൽ. ഇത്തരക്കാർ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളും ഏറുകയാണ്.
കഴിഞ്ഞ ദിവസം ടിക്കറ്റ് എടുക്കാത്തത് ചോദിച്ച ടി.ടി.ഇയെ മർദിച്ച് അവശനാക്കിയ അന്തർ സംസ്ഥാന തൊഴിലാളികൾ ഉയർത്തുന്ന വെല്ലുവിളി ഏറെയാണ്. ഇക്കൂട്ടർ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളിലെ പ്രദേശവാസികളുടെ സ്വൈര ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ മാസം കാമുകനുമായി ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സ്ത്രീയെയും കാമുകനെയും ചേർപ്പ് പൊലീസ് പിടികൂടിയിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ച് ഒന്നും രണ്ടും പറഞ്ഞ് തെറ്റിയതിന് പിന്നാലെ പരസ്പരം അതിക്രമിക്കുന്ന കേസുകളും ഏറുകയാണ്.
ഇതിൽതന്നെ കൊല്ലുന്ന സംഭവങ്ങളും ഏറുകയാണ്. മുഴുവൻ സമയ ലഹരി അടിമകളും നിരോധിത പുകയില ഉപയോഗിക്കുന്നവരുമാണ് ഇവരിൽ ബഹുഭൂരിപക്ഷവും.
കേരളത്തിൽ നിരോധിച്ച പുകയില ഉൽപന്നങ്ങൾ ഇങ്ങോട്ട് എത്തിക്കുന്നവരും കഞ്ചാവ് അടക്കം മയക്കുമരുന്നു വാഹകരും കൂട്ടത്തിലുണ്ട്. ലഹരി നൽകുന്ന ഇലകൾ അടക്കം കേരളത്തിൽ എത്തിക്കുകയും വീര്യം കൂടിയ വിവിധ ബീഡികൾ വിൽക്കുന്ന സ്ഥിരം സംവിധാനങ്ങൾ വരെ ഇവർക്കായി ജില്ലയിലുണ്ട്. ശക്തനിലും കോർപറേഷൻ ഓഫിസ് പരിസരത്തും ഞായറാഴ്ച വിപണികൾ വരെ ഇക്കൂട്ടർക്കുണ്ട്.
കേരളത്തിൽ ജോലി ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും മറ്റു നിയമപരമായ അവകാശങ്ങളെക്കുറിച്ച് വിവരം നൽകുന്നതിനും സർക്കാർ നടപ്പാക്കിയ ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്റർ ജില്ലയിൽ ഇതുവരെ തുടങ്ങാനായില്ല. സെന്റർ തുടങ്ങുന്നതിന് കെട്ടിടം കിട്ടാതെ പോയതാണ് കാര്യങ്ങൾ വൈകാൻ ഇടയാക്കിയത്. റെയിൽവേ സ്റ്റേഷന് സമീപം റാസ ബിൽഡിങ്ങിൽ താഴത്തെ നിലയിൽ കെട്ടിടം വാടകക്ക് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കരാറിന് അംഗീകാരം ലഭിക്കുന്നതിനായി ലേബർ കമീഷനിലേക്ക് അയച്ചു കഴിഞ്ഞു. ഇതിന് അംഗീകാരം ലഭിക്കുന്നതോടെ സെന്റർ പ്രവർത്തനം ഉടനടി തുടങ്ങും.
നേരത്തേ പടിഞ്ഞാറേ കോട്ടയിൽ കോർപറേഷൻ കെട്ടിടം വാടകക്ക് നൽകാമെന്ന് പറഞ്ഞുവെങ്കിലും ഇതുമായി ബന്ധപ്പെട്ട നൂലാമാലകളിൽ കുടുങ്ങിയതാണ് ഇതര ജില്ലകളിൽ സെന്റർ തുടങ്ങിയിട്ടും ജില്ലയിൽ തുടങ്ങാൻ വൈകിയത്.
ഇത് തുടങ്ങുന്നതോടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനുള്ള ആവാസ് പദ്ധതി വീണ്ടും തുടങ്ങും. ഒപ്പം കുടിയേറ്റ തൊഴിലാളി ക്ഷേമനിധി കാര്യങ്ങളും ആരോഗ്യ, തൊഴിൽ സംബന്ധമായ ബോധവത്കരണ ക്ലാസുകളും മറ്റും തുടങ്ങാനുമാവും. ഫെസിലിറ്റേഷൻ സെന്റർ വരുന്നതോടെ ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോകാനാവുമെന്ന് ജില്ല ലേബർ ഓഫിസർ എം.എം. ജോവിൻ 'മാധ്യമ'ത്തോട് പറഞ്ഞു.
സ്വകാര്യ കരാറുകാരുടെ കീഴിൽ ജോലി ചെയ്തിരുന്നവർ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്. കരാറുകാരുടെ പട്ടികയും ലഭ്യമല്ല. പൊലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്തർ സംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും കരാറുകാർ ഇത് പാലിക്കാറില്ല. പൊലീസ് സ്റ്റേഷനുകളിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ വിവരം അടങ്ങുന്ന ഒരു രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദേശമുണ്ടെങ്കിലും നടക്കാറില്ലെന്നും പറയുന്നു. തൊഴിലാളികളുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴിൽ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ് പ്രാവർത്തികമായിട്ടില്ല.
വിവിധ സംസ്ഥാനത്തുനിന്ന് എത്തുന്നവർ ചേരിതിരിഞ്ഞ് സംഘടിക്കുന്നതാണ് ഏറെ പ്രശ്നം സൃഷ്ടിക്കുന്നതെന്ന് ജില്ല ലേബർ ഓഫിസർ വ്യക്തമാക്കി. ബംഗാൾ, ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ അടക്കം സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ദേശാടിസ്ഥാനത്തിൽ സംഘടിതമായാണ് താമസം. ഇവരിൽ കുടുംബവുമായി എത്തുന്നവർ ഏറെ കുറവാണ്. അങ്ങനെയുള്ളവർ മാറി വീടെടുത്താണ് താമസിക്കുക.
ഇങ്ങനെ ദേശാടിസ്ഥാനത്തിൽ സംഘടിക്കുന്നവർ തമ്മിലെ കൂലിത്തർക്കമാണ് അധികവും സംഘർഷത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത്. നാട്ടിൽ പ്രശ്നമുള്ളവരെ ഇങ്ങോട്ട് തൊഴിലിനായി വിളിച്ചുവരുത്തി വകവരുത്തുന്നത് അടക്കം പ്രശ്നങ്ങളും കൂട്ടത്തിലുണ്ട്. തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ മാത്രമാണ് അന്തർ സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കാനും തൊഴിലുകൾക്ക് നിയോഗിക്കാനും അനുവദിക്കാനാവൂവെന്ന് തൊഴിലുടമകൾക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കപ്പെടാതെ പോകുന്നതാണ് പ്രശ്നങ്ങളുടെ കാതൽ.
തൃശൂർ: 2020 ഒക്ടോബർ 31ലെ കണക്ക് അനുസരിച്ച് അന്ന് 41,915 പേരാണ് ഇതര സംസ്ഥാന തൊഴിലാളികളായുള്ളത്. ഇതിനപ്പുറം രജിസ്ട്രേഷൻ നടത്താത്തവരും ഏറെയുണ്ട്. ഇതോടെ കണക്ക് അരലക്ഷം പിന്നിടാനാണ് സാധ്യത. ഇതിൽതന്നെ കോവിഡിന് പിന്നാലെ ഏറെപേർ നാട്ടിലേക്ക് തിരിച്ചുപോയി. രണ്ടാം ലോക്ഡൗൺ കാലഘട്ടത്തിൽ ഇക്കൂട്ടർക്കും സർക്കാർ അതിജീവന കിറ്റ് നൽകിയിരുന്നു. 29,229 അന്തർ സംസ്ഥാന തൊഴിലാളികൾക്കാണ് ഇത്തരത്തിൽ കിറ്റ് നൽകിയത്.
കോവിഡ് വ്യാപന സമയത്ത് ഇവർ നാടണഞ്ഞതോടെ ജോലിക്ക് ആളെ കിട്ടാത്ത സാഹചര്യവുമുണ്ടായി. തുടർന്ന് വിവിധ കരാറുകാർ ഇടപെട്ട് ഇങ്ങോട്ട് തിരിച്ചുകൊണ്ടു വരുകയാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.