തൃശൂര്‍: കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ക്ക് എതിരായ അവിശ്വാസപ്രമേയം ചൊവ്വാഴ്ച ചർച്ച ചെയ്യും. കേവല ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന ഇടതുപക്ഷത്തിനും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനും അവിശ്വാസത്തിൽ എന്തെങ്കിലും തീരുമാനമുണ്ടാവണമെങ്കിൽ ആറ് അംഗങ്ങളുള്ള ബി.ജെ.പിയുടെ നിലപാട് പ്രധാനമാണ്.
തിങ്കളാഴ്ച കൗൺസിലർമാരുടെ യോഗം ചേർന്നെങ്കിലും തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് വിട്ടു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീണ്ടും യോഗം ചേർന്ന് തീരുമാനിക്കും. ബി.ജെ.പി അവിശ്വാസത്തെ പിന്തുണച്ചാല്‍ കോൺഗ്രസ് വിമതനെ മേയറാക്കിയുള്ള ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെടും. വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചാല്‍ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടും.
ബി.ജെ.പി പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഒപ്പം ഇടതുപക്ഷത്തെ ചില സ്വതന്ത്രാംഗങ്ങളും കൂടെ നിൽക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. 55 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസിന് 24, ഇടതുമുന്നണിക്ക് 25, ബി.ജെ.പിക്ക് ആറ് എന്നിങ്ങനെയാണ് കൗണ്‍സിലര്‍മാരുള്ളത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബി.ജെ.പി നീക്കം നിർണായകമാണ്. ഇടതുപക്ഷത്തുനിന്ന് ചിലരെ പാളയത്തിലെത്തിക്കാൻ കോൺഗ്രസ് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൂചന.
55 അംഗ കൗൺസിലിൽ 28 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ അവിശ്വാസം പാസാകൂ. ബി.ജെ.പി തീരുമാനം അവസാന നിമിഷത്തിലേക്കു മാറ്റിയത് ഇരുമുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇടതുമുന്നണിയുടെയും കോണ്‍ഗ്രസിന്‍റെയും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗങ്ങള്‍ ചേര്‍ന്നു. ഇരു കൂട്ടരും അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.
ബി.ജെ.പി തീരുമാനം എതിരായാല്‍ അവിശ്വാസത്തിന് നിൽക്കാതെ മേയര്‍ എം.കെ. വര്‍ഗീസ് രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്. രാവിലെ 10ന് കലക്ടറുടെ അധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ യോഗം ചേര്‍ന്ന് മേയര്‍ക്ക് എതിരായ അവിശ്വാസം പരിഗണിക്കും. ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന് എതിരായ പ്രമേയം ചര്‍ച്ചക്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.