വടക്കേക്കാട്: അതിക്രൂരമായ ഇരട്ടക്കൊലപാതകത്തിന്റെ നടുക്കത്തിലാണ് വടക്കക്കോട്. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുല്ലയുടെയും (75) ഭാര്യ ജമീലയുടെയും (64) മരണം നാടിനെയാകെ നടുക്കി. പ്രതിയായ പേരമകൻ അഗ്മൽ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പഞ്ഞു. മംഗളൂരുവിലെ പഠനം പാതിവഴിയിൽ നിർത്തിയാണ് ഇയാൾ നാട്ടിലേക്കെത്തിയത്. നാട്ടുകാരോട് കാര്യമായ സൗഹൃദമില്ലാത്ത ഇയാളെത്തേടി പലപ്പോഴുമെത്തുന്നത് അപരിചിത യുവാക്കളാണ്.
മയക്കുമരുന്ന് ഉപയോഗം കാരണം മാനസികനില തെറ്റിയ അവസ്ഥയിലായപ്പോൾ തിരൂർ വെട്ടത്തെ മദ്യവിമുക്തി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നിട്ടും സ്വഭാവത്തിൽ മാറ്റമില്ലായിരുന്നു. വീട്ടിലെത്തിയാൽ വഴക്കായിരുന്നു. രാത്രി വൈകിയാണ് വരവും പോക്കും. വാതിലിന്റെ കൊളുത്ത് തുറക്കാൻ ജനൽ ഗ്ലാസുകൾ മുകളിലും താഴെയും പൊട്ടിച്ചിട്ടുണ്ട്. ഒരിക്കൽ 10 ലക്ഷം ആവശ്യപ്പെട്ടായിരുന്നു വഴക്ക്.
തന്റെ വീട്ടിലേക്ക് മാറിത്താമസിക്കാൻ ഗൾഫിൽനിന്നെത്തിയ മകൻ നൗഷാദ് ഞായറാഴ്ചയും മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ആ വയോധികർ കൂട്ടാക്കിയില്ല. മൂത്തമകൾ രണ്ടാമത്തെ വിവാഹം കഴിഞ്ഞ് കൊല്ലം ജില്ലയിലേക്ക് പോയതോടെ മകൻ അഗ്മലിനെ വളർത്തിയത് വല്യുപ്പയും വല്യുമ്മയുമായിരുന്നു.
സംരക്ഷകനാകേണ്ട പേരമകന്റെ കൈകൊണ്ടുതന്നെ അന്ത്യവുമുണ്ടാകുമെന്ന് അബ്ദുല്ലയും ഭാര്യ ജമീലയും കരുതിയിരിക്കില്ല. ആറടിയിലേറെ പൊക്കമുള്ള അഗ്മൽ കായികാഭ്യാസിയാണ്. അതിനാലാണ് രണ്ടുപേരെയും തനിച്ച് കൊലപ്പെടുത്താനായയത്. കൊലപാതകരീതിയെല്ലാം പ്രതിയെ നാട്ടിലെത്തിച്ചശേഷമേ അറിയാനാകൂ. അഗ്മൽ മാത്രമാണോ കൂടെ ആരെങ്കിലുമുണ്ടോ എന്നെല്ലാം അറിയേണ്ടതുണ്ട്.
ആദ്യകാല കോൺഗ്രസ് നേതാവായ പുളിക്കൽ ഹൈദ്രോസ്-പാത്തുമ്മ ടീച്ചർ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ജമീല. എഴുത്തിനോടും വായനയോടും താൽപര്യമുള്ള ഇവർ പഠനകാലത്ത് സ്കൂളിൽ കല, സാംസ്കാരികരംഗത്ത് സജീവമായിരുന്നു. വിവാഹശേഷം ഭർത്താവും മക്കളുമൊന്നിച്ച് കുറെക്കാലം യു.എ.ഇയിലായിരുന്നു.
സജീവ സാമൂഹികപ്രവർത്തകയും പാലിയേറ്റിവ് വളന്റിയറുമായിരുന്നു. ‘ഓർമകളിലെ വന്നേരി’ പൂർവവിദ്യാർഥി സംഘടനയുടെ സജീവ അംഗവും വനിത വിഭാഗം വൈസ് പ്രസിഡന്റുമാണ്. കഴിഞ്ഞ തവണ ഹജ്ജ് നിർവഹിച്ചിരുന്നു.
വടക്കേക്കാട്: വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോധികർ പേരമക്കളാൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണ് വടക്കേക്കാട്ട് ഇന്നലെ നടന്നത്. 2020 മാർച്ച് 17ന് വടക്കേക്കാട് തൊഴുകാട്ടിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ റുഖിയയും (70) പേരമകനാൽ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടിരുന്നു.
മകളുടെ മകൻ സവാദാണ് (27) കൊലപ്പെടുത്തിയത്. റുഖിയയുടെ മകൾ ചെർപ്പുളശ്ശേരി കുമാരൻപടിയിലെ ഫൗസിയയുടെ മകനാണ് സവാദ്. വട്ടംപാടം ഐ.സി.എ സ്കൂളിന് സമീപത്തെ വീട്ടിൽ വെച്ചായിരുന്നു സംഭവം. സവാദ് ജോലിക്ക് പോകാത്തത് സംബന്ധിച്ച് റുഖിയ ഉപദേശിച്ചത് ഇഷ്ടപ്പെടാത്തതാണ് കാരണം. തർക്കത്തിനിടെ മർദനമേറ്റപ്പോൾ റുഖിയ കരയാൻ തുടങ്ങി.
സവാദ് വീണ്ടും കഴുത്തിന് പിടിച്ച് തള്ളി. വീടിന്റെ മതിലിൽ തലയിടിച്ച് വീണു. വീട് പൂട്ടി പുറത്തിറങ്ങിയ സവാദ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തി താൻ ഒരാളെ കൊന്നെന്ന് അറിയിച്ചു. സവാദിനെ കസ്റ്റഡിയിലെടുത്തെങ്കിലും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന ഡോക്ടറുടെ വിശദീകരണം വന്നതോടെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.