തൃശൂർ: നീറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാർഥികളും രക്ഷിതാക്കളും കോടതിയിലേക്ക്. ഇതിന്റെ ഭാഗമായി തൃശൂരിൽ നീറ്റ് പരീക്ഷ എഴുതിയവരുടെ കൂട്ടായ്മ ചൊവ്വാഴ്ച തേക്കിൻകാട് മൈതാനിയിൽ പ്രതിഷേധം സംഘടിപ്പിക്കും. സിനി ആൻഡ് ഉജ്ജ്വല ക്ലാസസാണ് സംഘടിപ്പിക്കുന്നത്.
67 കുട്ടികൾക്ക് 720 മാർക്ക് കിട്ടിയതും ഒരു സെന്ററിലെ ഏഴ് പേർക്ക് മുഴുവൻ മാർക്ക് കിട്ടിയതും വരാൻ പാടില്ലാത്ത 718, 719 എന്നീ മാർക്കുകൾ കിട്ടിയത് ഗ്രേസ്മാർക്ക് നൽകിയതിനാലാണെന്ന എൻ.ടി.എയുടെ വിശദീകരണവും ഉൾപ്പെടെയെല്ലാം സംശയാസ്പദമാണെന്ന് വിദ്യാർഥികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗ്രേസ് മാർക്ക് വിവരം ഫലപ്രഖ്യാപനത്തിന് മുമ്പ് എൻ.ടി.എ പറഞ്ഞിരുന്നില്ല.
സമയ നഷ്ടത്തിനാണ് ഗ്രേസ് മാർക്കെങ്കിൽ എൻ.ടി.എ ബുള്ളറ്റിനിൽ പറയണമായിരുന്നു. മാത്രമല്ല സമയ നഷ്ടത്തിന്റെ പേരിലുള്ള ഗ്രേസ് മാർക്ക് പരീക്ഷയെഴുതിയ എല്ലാവർക്കും കിട്ടേണ്ടതാണ്. നീറ്റ് ചോദ്യപേപ്പർ ചോർന്നെന്ന ആക്ഷേപവും ആ വിഷയത്തിൽ കോടതിയിൽ നിലനിൽക്കുന്ന കേസും ഫലപ്രഖ്യാപനത്തിൽ കണ്ട ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ പ്രസക്തമാകുകയാണെന്നും അവർ പറഞ്ഞു.
വിദ്യാർഥികളായ വി.എ. അനുഗ്രഹ, കെ.എ. ലെസ്ല, എം.പി. ആദിനാഥ്, കെ. ശ്രീമന്യ എന്നിവരും സിനി സ്വാമിനാഥനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.