തൃശൂർ: യുവ സമൂഹത്തെ കീഴ്പ്പെടുത്തി സംസ്ഥാനത്ത് ഭയാനകമായ രീതിയിൽ നടക്കുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ ബോധവത്കരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുതിയ സംഘടന.
കൊടുങ്ങല്ലൂർ ആസ്ഥാനമായ 'വിജിലന്‍റ് എഗെൻസ്റ്റ് ഡ്രഗ് അബ്യൂസ് ഇന്ത്യ' എന്ന സംഘടനയുടെ ലോഗോ പ്രകാശനം വ്യാഴാഴ്ച വൈകീട്ട് നാലിന് തൃശൂർ പേൾ റീജൻസി ഹോട്ടലിൽ ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കുമെന്ന് പ്രസിഡന്‍റ് എൻ. പത്മനാഭനും സീനിയർ വൈസ് പ്രസിഡന്‍റ് കെ.എം. അബ്ദുൽ ജമാലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരളം മയക്കുമരുന്ന് വ്യാപനത്തിന്‍റെയും ഉപയോഗത്തിന്‍റെയും കേന്ദ്രമാവുകയാണ്. ഇതിലധികവും രാസലഹരി വസ്തുക്കളാണ്. രണ്ട് വർഷം മുമ്പ് വരെ അപൂർവമായിരുന്ന എം.ഡി.എം.എ ഇപ്പോൾ വ്യാപകമാണ്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലായി 12 കേന്ദ്രങ്ങളിൽ എം.ഡി.എം.എ ഉൽപാദിപ്പിക്കുന്നതായാണ് വിവരം. ഐ.ടി പ്രഫഷണലുകളും ഡോക്ടർമാരും എൻജിനിയർമാരുമടക്കം ഉപഭോക്താക്കളാവുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന തലത്തിൽ വിപുലമായ പ്രവർത്തന പദ്ധതികളോടെയാണ് സംഘടന പ്രവർത്തനം തുടങ്ങുന്നത്. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പൊലീസിൽനിന്ന് വിരമിച്ച സംഘടന ജനറൽ സെക്രട്ടറി എം.പി. മുഹമ്മദ് റാഫി എഴുതിയ 'എന്‍റെ കുറ്റാന്വേഷണ യാത്രകൾ' എന്ന പുസ്തകത്തിന്‍റെ പ്രകാശനം ചടങ്ങിൽ റിട്ട. ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് നിർവഹിക്കും. കവി സി. രാവുണ്ണി ഏറ്റുവാങ്ങും.
തീംസോങ് ലോഞ്ചിങ് പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ എം.പി. മുഹമ്മദ് റാഫി, ഡയറക്ടർ സാലി സജീർ, ട്രഷറർ റഷീദ്, ആതിര എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.