തൃശൂർ: ശമ്പള പരിഷ്കരണത്തിൽ കടുത്ത സമരത്തിന്റെ സൂചന പ്രഖ്യാപിച്ച യു.എൻ.എ ആവശ്യത്തിന് അംഗീകാരം. നഴ്സുമാരുടെ 72 മണിക്കൂർ സമ്പൂർണ പണിമുടക്കിനിടയിൽ നടന്ന ചർച്ചകളിൽ ഭൂരിഭാഗം ആശുപത്രികളിലും ശമ്പള പരിഷ്കരണത്തിൽ ധാരണയായി. ശമ്പളവർധന പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് 50 ശതമാനം ഇടക്കാലാശ്വാസം നൽകണമെന്ന ആവശ്യം ആശുപത്രികൾ അംഗീകരിച്ചു.
തിങ്കളാഴ്ച രാത്രി വരെ ആറ് ആശുപത്രികൾ മാത്രമായിരുന്നു സമരക്കാരുടെ ആവശ്യം അംഗീകരിച്ചത്. എന്നാൽ, ചൊവ്വാഴ്ച സമരത്തിന്റെ ആദ്യ മണിക്കൂറുകൾ പിന്നിട്ടതോടെ തന്നെ ഇരുപതോളം ആശുപത്രികൾ സമരക്കാരുടെ ആവശ്യം അംഗീകരിച്ച് 50 ശതമാനം ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു.
വൈകീട്ടോടെ എലൈറ്റ് ആശുപത്രി മാത്രമായിരുന്നു ധാരണയിലെത്താതിരുന്നത്. 32 ആശുപത്രികളിലായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ധാരണയിലായ ആശുപത്രികളിലെല്ലാം നഴ്സുമാർ ജോലിക്ക് പ്രവേശിച്ചു.
ഫെബ്രുവരി 15ന് ജില്ലയിൽ പണിമുടക്ക് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് 72 മണിക്കൂർ പണിമുടക്ക് യു.എൻ.എ പ്രഖ്യാപിച്ചത്. സമരത്തിനെതിരെ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയുണ്ടായ സാഹചര്യത്തിലായിരുന്നു രാത്രിയിൽ സമരക്കാരുമായി മാനേജ്മെന്റുകൾ ചർച്ച നടത്തിയത്.
പ്രതിദിന വേതനം 1500 രൂപയെങ്കിലുമാക്കി നിശ്ചയിക്കുക, ആശുപത്രി മേഖലയിലെ കരാർ, ദിവസവേതന നിയമനങ്ങൾ അവസാനിപ്പിക്കുക, ആശുപത്രിയിലെ രോഗി-നഴ്സസ് അനുപാതം കൃത്യവും നിയമപരവുമായി നടപ്പാക്കുക, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക, നിയമങ്ങൾ ലംഘിക്കുന്ന മാനേജ്മെന്റുകൾക്കെതിരെ ശക്തമായ നടപടി എടുക്കുക, ശമ്പളവർധന വരുന്നത് വരെ അടുത്ത മാസം മുതൽ ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും ഇടക്കാലാശ്വാസം നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.
പ്രശ്ന പരിഹാരമായില്ലെങ്കിൽ മേയ് ഒന്നു മുതൽ സംസ്ഥാനത്തുടനീളം അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും യു.എൻ.എ പ്രഖ്യാപിച്ചിരുന്നു. പടിഞ്ഞാറെകോട്ടയിൽനിന്ന് കലക്ടറേറ്റിന് മുന്നിലേക്ക് നടന്ന മാർച്ചിൽ നിരവധി നഴ്സുമാർ പങ്കെടുത്തു.
കുത്തിയിരിപ്പ് സമരം യു.എൻ.എ ദേശീയ പ്രസിഡൻറ് ജാസ്മിൻഷാ ഉദ്ഘാടനം ചെയ്തു. എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡൻറ് ഇ.വി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി എം.വി. സുധീപ്, സംസ്ഥാന സെക്രട്ടറി രശ്മി പരമേശ്വരൻ, സംസ്ഥാന ട്രഷറർ ഇ.എസ്. ദിവ്യ, ജില്ല കോഓഡിനേറ്റർമാരായ നിതിൻ മോൻ, സണ്ണി, ടിന്റു തോമസ്, ജിനു ജോസ് എന്നിവർ സംസാരിച്ചു.
പണിമുടക്കിനെ തുടർന്ന് കഴിഞ്ഞദിവസം തീവ്രപരിചരണ വിഭാഗത്തിലെയടക്കം രോഗികളെ നിർബന്ധിത വിടുതൽ നൽകി ആശുപത്രികൾ വിട്ടിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സമരം ആശുപത്രി പ്രവർത്തനങ്ങളെ ബാധിച്ചു. ആശുപത്രി പടിക്കലിൽ അടിയന്തര സേവനത്തിനുള്ള നഴ്സുമാരെ സജ്ജമാക്കിയായിരുന്നു പ്രതിഷേധ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.