തൃശൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് കടാംപുള്ളിക്ക് വടക്ക് രണ്ടര ഏക്കർ സ്ഥലം നഗര മാലിന്യം നിക്ഷേപിച്ച് നികത്തി മറിച്ച് വിറ്റ് കോർപറേറ്റുകൾ കോടികൾ സമ്പാദിക്കുന്നതായി പരാതി. കള്ളാധാരം ചമച്ച് വഴിയും കൂട്ടുസ്വത്തും തട്ടിയെടുത്തതായും ഇവർ ആരോപിച്ചു. പ്രദേശവാസികളെ അവിടെനിന്ന് ഒഴിഞ്ഞു പോകാൻ നിരന്തരം ദ്രോഹിക്കുകയാണെന്ന് കുട്ടനാടൻ പാടം നാഗരിക മാലിന്യ നിക്ഷേപ വിരുദ്ധ ജനകീയ സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
നഗര മാലിന്യം മൂലം പ്രദേശവാസികളുടെ കിണറുകളിലെ കുടിവെള്ളം മലിനീകരിക്കപ്പെട്ടു. ഭൂമി നികത്തുവാൻ ഉപയോഗിച്ച പതിനായിരക്കണക്കിന് ലോഡ് അജൈവ മാലിന്യങ്ങളും രാസപദാർഥങ്ങളും എടുത്തു മാറ്റുവാനും അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങൾക്ക് നഷ്ടമായ ശുദ്ധജലം, ശുദ്ധ വായു എന്നിവ തിരിച്ചുനൽകാനും നീതി ലഭ്യമാക്കുന്നതിനും അധികാരികൾ നടപടി സ്വീകരിക്കണം. അനധികൃത പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന സർക്കാർ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കള്ളാധാരം ചമച്ച് തട്ടിയെടുത്ത വഴിയും കൂട്ടുസ്വത്തും യഥാർഥ അവകാശികൾക്ക് നിയമപരമായി തിരിച്ച് നൽകുന്നതിനും ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കോഓഡിനേറ്റർ കെ. അനീഷ്, ചെയർമാൻ മൊയ്തുണ്ണികുട്ടി, കൺവീനർ പി. ബാപ്പു എന്നിവർ പങ്കെടുത്തു.
മുള്ളൂർക്കരയിൽ മണ്ണ് മാഫിയ കുന്നിടിക്കുന്നു
ചെറുതുരുത്തി: മുള്ളൂർക്കരയിൽ മണ്ണ് മാഫിയ വിഹരിക്കുന്നു. കുന്നിടിച്ച് പാടങ്ങൾ നികത്തൽ തകൃതിയായിട്ടും അധികൃതർ മൗനത്തിൽ. അകമല റിസർവ് വനത്തോട് ചേർന്ന് സ്വകാര്യവ്യക്തികളുടെ കൈവശത്തിലുള്ള കുന്നുകൾ ഇടിച്ച് പാടങ്ങൾ നികത്തുന്നത് വ്യാപകമാവുകയാണ്. മുൻവർഷങ്ങളിൽ മണ്ണിടിഞ്ഞ് കാഞ്ഞിരശ്ശേരി മേഖലയിൽ ഒരാൾ മരണമടഞ്ഞിരുന്നു. തൊട്ട് സമീപമുള്ള വരവൂർ പഞ്ചായത്ത് ഭൂകമ്പ പ്രദേശവുമാണ്.
ചെങ്കുത്തായ അകമല നോട്ടിഫൈഡ് റിസർവ് വനത്തോട് ചേർന്നാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കുന്നിടിക്കൽ നടക്കുന്നതെന്ന് ബയോ നാച്വറൽ ക്ലബ് സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം. അബ്ദുസ്സലാം മുള്ളൂർക്കര ആരോപിച്ചു. വിദൂരഭാവിയിൽ വൻ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിനും സാധ്യത ഏറുകയാണെന്നും കുറ്റപ്പെടുത്തി.
പഞ്ചായത്തിലുൾപ്പെടുന്ന വനപ്രദേശങ്ങൾ അതി പ്രകൃതി ദുർബല മേഖലയാണ്. ഹൈകോടതി ഉത്തരവ് ലംഘിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് മണ്ണുമാഫിയ വിഹരിക്കുന്നത്. സാധാരണക്കാർക്ക് വീട് നിർമിക്കുന്നതിന് ആവശ്യമായ അനുമതി പോലും ലഭിക്കാത്ത പ്രദേശത്താണ് അനധികൃത പ്രവർത്തനങ്ങൾ. പ്രദേശത്തിെൻറ ആവാസവ്യവസ്ഥ തകർക്കുന്നതാണ് മാഫിയ പ്രവർത്തനം. തണ്ണീർതട നിയമലംഘനം പ്രകൃതിക്കും പ്രകൃതിക്ഷോഭങ്ങൾക്കും കാരണമാകുമെന്നാണ് വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.