തൃശൂര്‍: ജനറല്‍ ആശുപത്രിയിലെത്തുന്നവരിൽനിന്ന് ഈടാക്കിയിരുന്ന വാഹന പാർക്കിങ് കൊള്ള നിർത്തിവെപ്പിച്ചു. പരാതിയെ തുടർന്ന് ആശുപത്രിയിലെത്തിയ മേയർ എം.കെ. വർഗീസിനോടും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയോടും വാഹന പാർക്കിങ്ങിന്റെ പിരിവ് കരാറെടുത്തയാളുടെ ജീവനക്കാർ മോശമായി പെരുമാറിയത് തർക്കത്തിനുമിടയാക്കി.
സി.പി.എം നേതാവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വർഗീസ് കണ്ടംകുളത്തി പരസ്യമായി പൊട്ടിത്തെറിക്കുകയും ചെയ്തു.
കോർപറേഷൻ ഉടമസ്ഥതയിലുള്ള ജനറൽ ആശുപത്രിയിൽ വാഹനങ്ങളിൽനിന്ന് അമിത ഫീസ് പിരിക്കുന്നതായും ആളുകളോട് മോശമായി പെരുമാറുന്നതായും ആക്ട്സ് ജനറൽ സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ മേയർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു മേയറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആശുപത്രി സന്ദർശിച്ചത്.
പാര്‍ക്കിങ് ഫീസ് പിരിക്കുന്നവര്‍ ആക്ട്സിന്റെ ആംബുലന്‍സ് ജീവനക്കാരോട് പോലും മോശമായി പെരുമാറിയ സാഹചര്യത്തിലായിരുന്നു ആക്ട്സ് ജനറൽ സെക്രട്ടറി കൂടിയായ ലൈജുവിന്റെ പരാതി. രോഗിയുമായി എത്തുന്ന വാഹനങ്ങൾ തീവ്രപരിചരണ വിഭാഗത്തിന് സമീപത്ത് വാഹനം നിർത്തി രോഗിയെ ഇറക്കും മുമ്പ് വാഹനം മാറ്റിയിടാനും, തുക പിരിക്കാനുമായി എത്തും. ബൈക്ക് യാത്രികരിൽനിന്ന് പോലും വൻ തുകയാണ് പിരിക്കുന്നത്.
ഇതാകട്ടെ സമയം വൈകുന്നതനുസരിച്ച് തുകയും കൂടും. റോഡപകടങ്ങളിലെ സൗജന്യ രക്ഷകരായി രാപ്പകൽ ഓടിയെത്തുന്ന ആക്ട്സ് ആംബുലസ് ഡ്രൈവർമാരോടും ജീവനക്കാരോടും പോലും കരാറുകാരന്റെയും ജീവനക്കാരന്റെയും ധാർഷ്ട്യമാണത്രേ. ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് രൂപയും മൂന്ന് ചക്രം 10 രൂപ, കാർ അടക്കമുള്ളവക്ക് 20 രൂപയുമാണ് ഈടാക്കാൻ അനുമതി.
എന്നാൽ, ബൈക്കുകളിൽനിന്നും 20 രൂപ വരെയും ഈടാക്കിയത് മേയറുടെ നേരിട്ടുള്ള പരിശോധനയിൽ ബോധ്യപ്പെട്ടതോടെയാണ് പാർക്കിങ് ഫീസ് പിരിക്കുന്നത് നിർത്തിവെക്കാനുള്ള നിർദേശമുണ്ടായത്. കൂടുതൽ പരിശോധനകൾക്കും ചർച്ചകൾക്കും ശേഷമേ ഫീസ് പിരിവിന് അനുമതി നൽകൂ എന്ന് മേയർ അറിയിച്ചു. മേയറോടൊപ്പമെത്തിയ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയുടെ വാഹനം മാറ്റിയിടാനുള്ള കരാർ ജീവനക്കാരന്റെ പരാമർശമാണ് തർക്കത്തിനിടയാക്കിയത്.
മേയറടക്കമുള്ളവരുമായി വിഷയത്തിൽ ചർച്ച നടത്തുന്നതിനിടെയായിരുന്നു കരാർ ജീവനക്കാരന്റെ അപമര്യാദയായുള്ള പെരുമാറ്റം. ഇതോടെ ജീവനക്കാരനോട് വർഗീസ് കണ്ടംകുളത്തി പരസ്യമായി പൊട്ടിത്തെറിക്കുകയും ചെയ്തു. ജീവനക്കാരനെ ഉടൻ ഒഴിവാക്കാൻ വർഗീസ് കണ്ടംകുളത്തി കരാറുകാരനോട് പറഞ്ഞു. മേയറോടും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോടും മോശമായി പെരുമാറിയ നേരിട്ട് അനുഭവമുണ്ടായതോടെ നേരത്തേ ലഭിച്ച പരാതിയിൽ കഴമ്പുണ്ടെന്നും കണ്ടെത്തി. മോശമായി പെരുമാറിയ ജീവനക്കാരനെ ജോലിയിൽനിന്ന് നീക്കം ചെയ്യാനും മേയർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.