ഞാ​യ​റാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​ട്ടി​ലും​കു​ഴി ജ​ന​കീ​യ ട​ർ​ഫി​ൽ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തും പ്ര​വ​ർ​ത്ത​ക​രും

പട്ടിലുംകുഴിയുടെ സ്വന്തം ടർഫ് ഞായറാഴ്ച നാടിന് സമർപ്പിക്കും

തൃശൂർ: പീച്ചിയുടെ സ്വപ്നമായ ടർഫ് സ്റ്റേഡിയം ഞായറാഴ്ച പട്ടിലുംകുഴിയിൽ നാടിന് സമർപ്പിക്കും. പ്രദേശത്തെ ഫുട്ബാൾ പ്രേമികളാണ് സ്വന്തമായൊരു ടർഫ് കോർട്ട് വേണമെന്ന ആഗ്രഹത്തിലെത്തിയത്.

തുടർന്ന് പൊതുപ്രവർത്തകനായ ഷാജി കോടങ്കണ്ടത്ത്, റിട്ട. ഡെപ്യൂട്ടി കലക്ടർ കെ. ഗംഗാധരൻ, നാടക പ്രവർത്തകൻ യാക്കോബ് പയ്യപ്പിള്ളി എന്നിവർ മുന്നിട്ടിറങ്ങി. കൂടെ നൂറോളം നാട്ടുകാരും. ഇതിനായി പട്ടിലുംകുഴി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപവത്കരിച്ചു. ഫുട്ബാൾ പ്രേമി മത്തായി 17.5 സെന്റ് സ്ഥലം സൗജന്യമായി നൽകി.

30 ലക്ഷം രൂപ വരുന്ന ചെലവ് കണ്ടെത്താൻ നാടൊന്നായി കൈകോർത്തു. പിരിവെടുത്തും സമ്മാനക്കൂപ്പണുകൾ വഴിയും പണം സമാഹരിച്ചു. അധ്വാനവുമായി നാട്ടുകാർ സ്വയമിറങ്ങി. നിലമൊരുക്കാനും മണ്ണ് വിരിക്കാനും കോൺക്രീറ്റ് നിറക്കാനും തുടങ്ങി ലൈറ്റിടലിന് വരെ എല്ലാവരും ഒന്നിച്ചു. നാടാകെ അടച്ചിട്ടപ്പോൾ പട്ടിലുംകുഴിക്കാർ ടർഫ് സ്റ്റേഡിയം സജ്ജമാക്കുന്ന പ്രവൃത്തികളിലായി.

31 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ഫുട്ബാൾ കോർട്ട് ഫ്ലഡ് ലൈറ്റുകളടക്കം സജ്ജമാക്കി ഹൈടെക്ക് ടർഫ് കോർട്ടെന്ന സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് നാട്. ജനകീയ ടർഫ് സംവിധായകൻ ലാൽജോസ് ഞായറാഴ്ച വൈകീട്ട് നാലിന് നാടിന് സമർപ്പിക്കും.

എം.എൽ.എമാരായ പി.വി. ശ്രീനിജനും ടി.ജെ. സനീഷ് കുമാർ ജോസഫും വിശിഷ്ടാതിഥികളാവും. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. കൂടാതെ നാടൻ ഭക്ഷണവും സംഗീത വിരുന്നുമുണ്ടാകും. മുമ്പ് പട്ടിലുംകുഴി റോഡ് വീതി കൂട്ടാനും തടയണ നിർമിക്കാനും ദേശീയപാതയിലേക്ക് എളുപ്പം എത്താനുള്ള കോടതി പാലം നിർമിക്കാനും നാട്ടുകാരുടെ കൂട്ടായ്മ ഒത്തൊരുമിച്ചിരുന്നു.

Tags:    
News Summary - Pattilumkuzhi's own turf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.