ചെന്ത്രാപ്പിന്നി: എടത്തിരുത്തിയിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് തീരദേശത്തെ പത്ത് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങി. എടത്തിരുത്തി ഏറാക്കലിലാണ് നാട്ടിക ശുദ്ധജല പദ്ധതിയിലെ പ്രധാന പൈപ്പ് പൊട്ടിയത്. ഇതോടെ ഏങ്ങണ്ടിയൂർ മുതൽ ശ്രീനാരായണപുരം വരെ പത്ത് പഞ്ചായത്തുകളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെട്ടത്. ഇല്ലിക്കൽ പമ്പിങ് സ്റ്റേഷനിൽനിന്ന് വെള്ളാനിയിലെ ശുദ്ധീകരണശാലയിലെത്തിച്ചശേഷം ഇവിടെനിന്ന് തീരമേഖലകളിലേക്ക് വിതരണം ചെയ്യുന്ന 700 എം.എം. പ്രിമോ പൈപ്പാണ് പൊട്ടിയത്. പൈപ്പ് മാറ്റിയിട്ട ശേഷമേ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കഴിയൂ. അധികൃതരെത്തി പ്രവൃത്തിയാരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെ പൈപ്പ് മാറ്റിയിടുന്ന പണി പൂർത്തീകരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ഒരു മാസം മുമ്പാണ് ഏറാക്കലിൽ തന്നെ മറ്റൊരു ഭാഗത്ത് പൈപ്പ് പൊട്ടിയത്. പത്ത് ദിവസമെടുത്താണ് അന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനായത്.
ഇടക്കിടെ പൈപ്പുകൾ പൊട്ടുന്നത് കുടിവെള്ള വിതരണം താറുമാറാക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ് 32 വർഷം പിന്നിട്ട പൈപ്പുകളിലൂടെയാണ് തീരദേശത്ത് കുടിവെള്ള വിതരണം നടത്തുന്നത്. അതുകൊണ്ട് തന്നെ പ്രധാന പൈപ്പ് ലൈൻ എവിടെയെങ്കിലും പൊട്ടിയാൽ രണ്ട് മൂന്ന് ദിവസത്തേക്ക് തീരദേശത്ത് കുടിവെള്ളമുണ്ടാകില്ല. അഞ്ച് വർഷം മുമ്പ് കിഫ്ബിയിൽ ഉൾപ്പെടുത്തി 70 കോടിയോളം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് പണി തുടങ്ങിയില്ല. പിന്നീട് കരാറുകാരൻ പണിയിൽനിന്ന് പിന്മാറുകയും ചെയ്തു. കഴിഞ്ഞ വർഷം 133 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തടസ്സം മൂലം പണി നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.