ആമ്പല്ലൂർ: ചെങ്ങാലൂരിൽ കുറുമാലി പുഴയിലെ മനക്കൽ കടവ് ജലസേചന പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. പുതുക്കാട് പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ കാർഷിക ആവശ്യത്തിന് വെള്ളം എത്തിക്കുന്ന പൈപ്പുകളാണ് പലയിടങ്ങളിലായി പൊട്ടിയത്. സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെയാണ് പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടി വെള്ളം പറമ്പിലും റോഡിലും കെട്ടിക്കിടക്കുകയാണ്. മനക്കൽ കടവ് ക്ഷേത്രത്തിന് സമീപത്ത് രണ്ടിടത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. ഇതോടെ ക്ഷേത്രത്തിലേക്കുള്ള വഴിയിലും പറമ്പുകളിലും വെള്ളം നിറഞ്ഞു. സൂര്യഗ്രാമം, മാട്ടുമല തുടങ്ങിയ പ്രദേശത്തുള്ളവർ ആശ്രയിക്കുന്ന പദ്ധതിയുടെ പൈപ്പുകൾ പൊട്ടിയതോടെ കൃത്യമായി ഇവിടേക്ക് വെള്ളം എത്തുന്നില്ലെന്ന പരാതിയുണ്ട്. വേനൽ കനത്തതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവായതോടെ നാട്ടുകാർ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്.
ഒരു മാസം മുമ്പ് പൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തൊട്ടടുത്ത ദിവസം ഇവിടെ വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു. പറമ്പുകളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ മതിലുകൾ ഇടിഞ്ഞുവീഴുമെന്ന ആശങ്കയും വീട്ടുകാർക്കുണ്ട്. നൂറുകണക്കിന് കർഷകരാണ് പദ്ധതിയെ ആശ്രയിച്ച് വേനലിൽ കൃഷി ചെയ്യുന്നത്. വെള്ളം ലഭിക്കാതായതോടെ കാർഷിക വിളകൾ നാശത്തിന്റെ വക്കിലാണ്. പുതുക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാൽവുകൾ സ്ഥാപിച്ചാണ് വെള്ളം എത്തിക്കുന്നത്. ഇത്തരം വാൽവുകളിലാണ് തകരാർ സംഭവിക്കുന്നത്. പറമ്പുകൾക്കടിയിലൂടെ പോകുന്ന പൈപ്പുകളും പൊട്ടുന്നുണ്ട്. എത്രയും വേഗം പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി വെള്ളം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.