പുന്നയൂർക്കുളം: ബ്ലേഡ് മാഫിയയെ തേടി പട്ടികജാതി കുടുംബത്തിന്റെ വീട്ടില്‍ വടക്കേക്കാട് പൊലീസിന്റെ അരിച്ചുപെറുക്കൽ. അകാരണമായി പരിശോധന നടത്തിയെന്ന ആക്ഷേപവുമായി ഡി.ഐ.എസ്.എ ഭാരവാഹികൾ രംഗത്തെത്തി. പുന്നയൂര്‍ വെട്ടിപ്പുഴ അറക്കല്‍ ഷിനോജ് ലാലിന്റെ വീട്ടിലാണ് പൊലീസ് രണ്ട് മണിക്കൂറോളം പരിശോധന നടത്തിയത്. ഇതോടെ കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം നാണക്കേടായെന്നും പ്രദേശത്തെ സാമൂഹികവിരുദ്ധരാണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് വീട് റെയ്ഡ് നടത്തിച്ചതെന്നും ഷിനോജ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴിനാണ് എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ രണ്ട് ജീപ്പ് പൊലീസ് എത്തി വീട് വളഞ്ഞത്. വാതില്‍ ബലമായി തുറന്ന് അകത്ത് കയറി അലമാര, മേശ തുടങ്ങി അടുക്കളയിലെ പാത്രങ്ങള്‍ വരെ തുറന്ന് പരിശോധിച്ചു. പരിശോധനയുടെ കാര്യം എന്താണെന്ന് പോലും പറഞ്ഞില്ല. ഇക്കാര്യം ചോദിച്ചപ്പോള്‍ പൊലീസുകാര്‍ തട്ടിക്കയറി.
തിരിച്ചുപോകുന്ന സമയത്താണ് ആധാരം, ചെക്ക് ലീഫ്, വാഹനങ്ങളുടെ ആര്.സി ബുക്ക് എന്നിവ വാങ്ങി താന്‍ പണം പലിശക്ക് നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തിയത്.
ഓട്ടോ ഡ്രൈവറായ ഷിനോജ് ലാൽ കുടല് സംബന്ധമായ രോഗത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിരം ചികിത്സിക്കുന്നയാളാണ്. നേരത്തേ ഒരു കേസിലും ഉള്‍പ്പെടാത്ത തന്റെ വീട്ടില്‍ കയറുന്നതിന് മുമ്പായി ആവശ്യമായ അന്വേഷണം പോലും പൊലീസ് നടത്തിയില്ലെന്നും ഷിനോജ് ലാല്‍ ആരോപിച്ചു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ദലിത് ആദിവാസി ഇന്‍ഡിപെന്‍ഡന്റ് സോഷ്യല്‍ അസംബ്ലി (ദിശ) ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.