തൃശൂർ: തൃശൂർ പൂരത്തിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങൾക്ക് ഉത്തരവാദിയാര്? ചൊവ്വാഴ്ച തൃശൂർ കോർപറേഷൻ കൗൺസിൽ യോഗം ചേർന്നപ്പോൾ അംഗങ്ങൾ തമ്മിൽ തർക്കിച്ച ഒരു വിഷയമാണിത്.
ദേവസ്വങ്ങളുടെ ഏകപക്ഷീയ നിലപാടാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്ന് ഭരണപക്ഷ കൗൺസിലർ പറഞ്ഞുവെന്നും അങ്ങനെ ദേവസ്വങ്ങളെ കുറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലനും കോൺഗ്രസ് കൗൺസിലർമാരും നടുത്തളത്തിൽ ഇറങ്ങി ബഹളംവെച്ചു.
അവരെ പ്രതിരോധിക്കാൻ മേയറും സ്ഥിരംസമിതി ചെയർമാൻ പി.കെ. ഷാജനും അടക്കമുള്ള ഭരണപക്ഷാംഗങ്ങളുമെത്തി. പൊലീസിന്റെ ഇടപെടലാണ് പൂരവും വെടിക്കെട്ടും വൈകാനും നീളാനും ഇടയാക്കിയതെന്ന് രാജൻ പല്ലൻ അടക്കമുള്ള പ്രതിപക്ഷാംഗങ്ങൾ വാദിച്ചു. ഇതോടെ എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ വാക്പോരായി.
കുരിയച്ചിറയിലെ ജൈവമാലിന്യ സംസ്കരണ പ്ലാന്റിനെച്ചൊല്ലിയായിരുന്നു അടുത്ത പ്രശ്നം. പ്ലാന്റുള്ള പ്രദേശത്ത് ഒരു വർഷമായി ഈച്ചശല്യം രൂക്ഷമാണെന്നും പരിസരത്ത് ജനജീവിതം ദുസ്സഹമായിട്ടും പരിഹാരത്തിന് നടപടിയെടുക്കാതെ ഭരണസമിതിയും മേയറും ജനങ്ങളെ ദ്രോഹിക്കുകയാണെന്നും പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി.
പ്രദേശത്തെ കൗൺസിലർമാരായ സിന്ധു ആന്റോ ചാക്കോള, ഇ.വി. സുനിൽരാജ്, ലീല വർഗീസ്, ആൻസി ജേക്കബ് പുലിക്കോട്ടിൽ, നിമ്മി റപ്പായി എന്നിവർ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
ഗാർഹിക, വാണിജ്യ കെട്ടിട ഉടമകളിൽനിന്ന് കോർപറേഷൻ നിയമവിരുദ്ധമായി അധിക നികുതിയും പിഴയും പിഴപ്പലിശയും സേവന നികുതിയും ലൈബ്രറി സെസും വാങ്ങുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഭരണ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും കുറ്റകരമായ വീഴ്ചക്ക് നികുതിദായകർ വൻ സാമ്പത്തിക ബാധ്യത ചുമക്കേണ്ടി വരികയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2016 മുതൽ നികുതി നിർണയത്തിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് സർക്കാറിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ നികുതി വിജിലൻസ് അന്വേഷണം നടത്തണമെന്നും അധിക നികുതിയും പലിശയും പിഴയും ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് കൗൺസിലിൽ ആവശ്യപ്പെട്ടു. യനെസ്കോ ലേണിങ് സിറ്റി ഉദ്ഘാടനത്തിന് ഒറ്റ ദിവസത്തിന് 12 ലക്ഷം രൂപ ചെലവാക്കിയത് അംഗീകരിക്കാനാവില്ലെന്നും അത് അംഗീകരിക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതിൽ അഴിമതിയുണ്ടെന്നും ആരോപിച്ചു. കൗൺസിലർമാരായ ജോൺ ഡാനിയേൽ, കെ. രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, ലാലി ജെയിംസ്, വിനേഷ് തയ്യിൽ, സിന്ധു ആന്റോ, മേഫി ഡെൽസൺ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.