തൃശൂർ: പോസ്റ്റ് ഓഫിസ് റോഡിൽ വീണ്ടും വൺവേ പരിഷ്കാരം. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ഏറെ പരാതികളുയർന്നതിനെ തുടർന്ന് പൊലീസ് തന്നെ പിൻവലിച്ച വൺവേ പരിഷ്കാരമാണ് മുന്നറിയിപ്പില്ലാതെ ഞായറാഴ്ച മുതൽ നടപ്പാക്കിയത്. തൃശൂർ നഗരത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കുന്ന ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനപ്രകാരം മേയർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വൺവേ നടപ്പാക്കിയതെന്ന് പൊലീസ് അറിയിച്ചു. പുതിയ പരിഷ്കാരമനുസരിച്ച് മുനിസിപ്പൽ റോഡിൽനിന്ന് പോസ്റ്റ് ഓഫിസുകളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. ചെട്ടിയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് എം.ഒ റോഡിലേക്ക് പ്രവേശിക്കാം. ഈ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം നടപ്പാക്കിയത്. നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും പോസ്റ്റ് ഓഫിസ് റോഡിലെ വ്യാപാരികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പരിഷ് കാരം പിൻവലിച്ചിരുന്നത്.
മുന്നറിയിപ്പില്ലാതെ പരിഷ്കാരം നടപ്പാക്കിയതിനാൽ ഞായറാഴ്ച വലഞ്ഞത് ചെട്ടിയങ്ങാടി പള്ളിയിലേക്ക് വന്നവരായിരുന്നു. തിങ്കളാഴ്ച പ്രവൃത്തി ദിവസമാകുന്നതോടെ റെയിൽവേ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലേക്ക് പോകുന്നവരും വലയും. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടും പരാജയപ്പെട്ടതാണെന്നിരിക്കെ ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയിൽ വിഷയം വന്നപ്പോൾ പ്രതിസന്ധിയെ കുറിച്ച് പൊലീസ് മൗനം പാലിച്ചുവെന്ന് വിമർശനമുണ്ട്.
നേരത്തെ ഹോൺ മുഴക്കാൻ പാടില്ലെന്നും ഈ മാസം ഒന്ന് മുതൽ സ്വരാജ് റൗണ്ടിൽ ലൈൻ ട്രാഫിക് സംവിധാനവുമടക്കം ഗതാഗത പരിഷ്കാരം നിർദേശിച്ചിരുന്നുവെങ്കിലും ഇതൊന്നും ഫലപ്രദമായി നടപ്പായില്ല. ഇതിനിടെയാണ് മുന്നറിയിപ്പില്ലാതെ വീണ്ടും പരാജയപ്പെട്ട വൺവേ പരിഷ്കാരം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.