തൃശൂർ: അരനൂറ്റാണ്ടുള്ള ആവശ്യത്തിൽ പതിറ്റാണ്ട് മുമ്പേ അനുമതിയായി തുക അനുവദിച്ചിട്ടും സ്ഥലമേറ്റെടുക്കാൻ കഴിയാത്തത് മൂലം പൂങ്കുന്നം-ചൂണ്ടൽ നാലുവരിപ്പാത വികസനം നീളുന്നു. കൈപ്പറമ്പ് പഞ്ചായത്ത് അതിർത്തിയിലെ മുണ്ടൂർ മുതൽ പുറ്റേക്കര വരെയെത്തുന്ന 1800 മീറ്റർ റോഡ് നാല് വരിയാക്കാനായി 22 മീറ്റർ വീതി വർധിപ്പിക്കാനായി സ്ഥലമേറ്റെടുക്കാൻ കഴിയാത്തതാണ് കാരണം. അരനൂറ്റാണ്ടിലധികമായുള്ള ആവശ്യത്തിൽ 2011ലെ സർക്കാർ റോഡ് വികസനത്തിന് അനുമതി നൽകുകയും തുക അനുവദിച്ച് നടപടികളിലേക്കും കടന്നു.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പൂങ്കുന്നം മുതൽ ചൂണ്ടൽ വരെയുള്ള സ്ഥലങ്ങളിൽനിന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഏറ്റെടുക്കലും ഒരുഘട്ട പ്രവർത്തനവും കഴിഞ്ഞെങ്കിലും സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് ഭൂവുടമകളുമായുള്ള തർക്കവും കക്ഷിരാഷ്ട്രീയക്കാർ ചേരിതിരിഞ്ഞതോടെ മുണ്ടൂർ മുതൽ പുറ്റേക്കര വരെയെത്തുന്ന 1800 മീറ്റർ മേഖലയിൽനിന്നും സ്ഥലമേറ്റെടുക്കൽ നടന്നില്ല.
ഇവിടമാകട്ടെ നിത്യേന അപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന മേഖല കൂടിയാണ്. തൃശൂർ-കുറ്റിപ്പുറം റോഡിലെ കുപ്പിക്കഴുത്ത് കൂടിയാണ് മുണ്ടൂർ-പുറ്റേക്കര മേഖല. റോഡ് വികസനത്തിനായി കഴിഞ്ഞ സർക്കാറിന്റെ കാലത്തും ശ്രമം തുടർന്നു. സ്ഥലമേറ്റെടുക്കലിനായി 50 ലക്ഷം രൂപ പ്രാഥമികമായി അനുവദിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് മാത്രം നടന്നില്ല. സ്ഥലം അളക്കാനെത്തുന്ന ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയും പ്രദേശത്ത് പ്രതിഷേധവും തുടർന്നതോടെ ഉദ്യോഗസ്ഥരും വലഞ്ഞു. തൃശൂർ-കോഴിക്കോട് റോഡും തീർഥാടന നഗരിയായ ഗുരുവായൂരിലേക്കുള്ള അന്തർ സംസ്ഥാനക്കാരുമടക്കം പോകുന്നതാണ് ഈ റോഡ്.
ഗവ. മെഡിക്കൽ കോളജ്, ആരോഗ്യ സർവകലശാല, അമല മെഡിക്കൽ കോളജ് -കാൻസർ റിസർച് സെന്റർ എന്നിവിടങ്ങളിലേക്ക് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള രോഗികൾ ഈ പാതയാണ് ഉപയോഗിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് അന്തർ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തരെത്തുന്നുണ്ട് ഈ പാതയിലൂടെ. വടക്കാഞ്ചേരി മണ്ഡലത്തിലാണ് ഏറ്റെടുക്കാനുള്ള റോഡുള്ളത്. മണലൂർ, കുന്നംകുളം മണ്ഡലങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇപ്പോൾ കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നാലുവരിയാക്കാനുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടക്കുകയാണ്. കേച്ചേരി ജങ്ഷൻ, ചൂണ്ടൽ മേഖലകളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കാൻ വൈകുന്നതും നാലുവരിയാക്കാൻ തടസ്സപ്പെടുത്തുന്നതും ജനദ്രോഹകരമാകുമെന്നും ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച് അടിയന്തര യോഗം വിളിച്ചു ചേർത്ത് പ്രശ്നം പരിഹരിക്കണമെന്ന് പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.