തൃശൂർ: വായന കുറയുന്നുവെന്ന പരാതികൾക്കിടയിലും ശ്രദ്ധേയ പ്രവർത്തനവുമായി ‘പുസ്തകപ്പുര’. നാല് മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വീട്ടിൽ കൊച്ചു വായനശാല തുടങ്ങുന്നതിന് 50 പുസ്തകം വീതം സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. 2022ൽ ഗ്രന്ഥശാലാ ദിനത്തിൽ തുടങ്ങിയ പദ്ധതിയിൽ ജില്ലയിലെ എല്ലാ പഞ്ചായത്തിലുമായി 200ഓളം കുട്ടികൾ ഭാഗമാണ്. കവി സച്ചിദാനന്ദന്റെ ‘വായന തന്നെ ലഹരി’ എന്ന സന്ദേശമാണ് പുസ്തകപ്പുരയുടെ മുദാവാക്യം.
സ്കൂളുകൾ, വായനശാലകൾ, എസ്.എസ്.കെ അധികൃതർ എന്നിവ വഴി വായനാശീലമുള്ള കുട്ടികളെ കണ്ടെത്തലാണ് ആദ്യപടി. അങ്ങനെ ലഭിക്കുന്ന കുട്ടികളെ അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്നവരെ പദ്ധതിയിൽ അംഗമാക്കുന്നു. തുടർന്ന് കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, തൃശൂർ, വടക്കാഞ്ചേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ വെച്ച് കുട്ടികൾക്ക് പത്തു പുസ്തകം വീതം നൽകി. ആദ്യ പത്തു പുസ്തകം വായിച്ചു കഴിഞ്ഞ് അടുത്ത ഘട്ടത്തിൽ 10 പുസ്തകം നൽകി. ഇങ്ങനെ മൂന്നു ഘട്ടങ്ങളിലായി 5000 ത്തോളം പുസ്തകങ്ങൾ വിതരണം ചെയ്തു. കുട്ടികളെ കൊടകര, കൊടുങ്ങല്ലൂർ, ഗുരുവായൂർ, തൃശൂർ, വടക്കാഞ്ചേരി ഇങ്ങനെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ച് വാട്സാപ് കൂട്ടായ്മയുമുണ്ട്.
ഡോ.എൻ.ആർ. ഗ്രാമപ്രകാശ് ചെയർമാനായ ഒരു സംഘത്തിന്റെ നേതൃത്വത്തിലാണ് പുസ്തകപ്പുര പദ്ധതി നടപ്പിലാക്കുന്നത്. മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജൻ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാർ, എഴുത്തുകാർ, അധ്യാപകർ, വായനശാല പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പരിപാടികളിൽ പങ്കെടുത്തു. ഡോ.കെ.ആർ. ബീന, കോഓഡിനേറ്ററായ സംഘത്തിൽ നന്ദകിഷോർ വർമ്മ, ഡോ.പി. സജീവ് കുമാർ, ഡോ. കല സജീവൻ, ഡോ. സ്വപ്ന സി. കോമ്പാത്ത്, ചന്ദ്രതാര, മേഴ്സി ആന്റണി, സ്മിത കോടനാട്, കെ.എസ്. ശ്രുതി, ഉർസുല ബിനോയ് എന്നിവരാണ് പ്രധാന പ്രവർത്തകർ. അംഗങ്ങളായ കുട്ടികളുടെ മഹാസംഗമം ഈ മാസം 28ന് തൃശൂരിൽ നടക്കും. പ്രധാനമായും കുട്ടികളുടെ കൈവശമുള്ള പുസ്തകങ്ങളുടെ കൈമാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് പുസ്തകപ്പുര കോഓഡിനേറ്റർ ഡോ.കെ.ആർ. ബീന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.