തെരുവുനായ്ക്കളുടെ പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയില്ല

തൃശൂർ: തെരുവുനായ്ക്കളുടെ പേവിഷ കുത്തിവെപ്പ് ജില്ലയിൽ തുടങ്ങിയില്ല. കുത്തിവെപ്പ് നടത്തുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍കരുതല്‍ (പ്രി എക്‌സ്‌പോഷര്‍ വാക്‌സിന്‍) കുത്തിവെപ്പ് മൂന്നുതവണ നടത്തി മാത്രമേ കുത്തിവെപ്പ് തുടങ്ങേണ്ടതുള്ളൂവെന്ന ആരോഗ്യവകുപ്പിൽനിന്നുള്ള നിർദേശത്തെത്തുടർന്നാണ് നടപടി വൈകുന്നത്.

ജില്ലയിൽ രണ്ട് ഡോസ് മരുന്നുവിതരണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. അതേസമയം, വളർത്തുനായ്ക്കളുടെ കുത്തിവെപ്പ് നടന്നുവരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 30ന് മുമ്പ് വാക്‌സിനേഷന്‍ പദ്ധതി പൂര്‍ത്തിയാക്കാനാകില്ലെന്നാണ് ആശങ്ക.

ജില്ലയില്‍ നിലവിൽ കോർപറേഷനിൽ മാത്രമേ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബി.സി) സെന്റർ ആയിട്ടുള്ളൂ. 187 ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇവരെ ഉപയോഗിച്ചാണ് സെന്ററുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ നടത്തുന്നത്.

എന്നാല്‍, ഇവരില്‍ പലരും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതും അവധിയെടുക്കുന്നതുമാണ് പ്രശ്‌നം. പരിശീലനം നേടിയശേഷം മൂന്ന് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്താലേ ഇവരെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറക്കാന്‍ കഴിയൂ. അപകടകാരികളായ തെരുവുനായ്ക്കളെ കുത്തിെവക്കാന്‍ പോകുന്നവര്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാതെ പോകുന്നത് ആത്മഹത്യപരമാണെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും ചൂണ്ടിക്കാട്ടുന്നു.

രണ്ട് വര്‍ഷം മുമ്പ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഒറ്റ ഡോസ് പ്രതിരോധ വാക്‌സിന്‍ മതിയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, 2014-15 കാലയളവിലാണ് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മുന്‍കരുതല്‍ വാക്‌സിന്‍ നല്‍കിയത്.

അതുകൊണ്ടുതന്നെ മൂന്നു ഡോസ് വാക്‌സിനും ഇവര്‍ സ്വീകരിക്കേണ്ടിവരും. പ്രത്യേകിച്ച്, പേവിഷബാധ വ്യാപകമായ സാഹചര്യത്തില്‍ കടുത്ത ആശങ്കയിലാണ് ജീവനക്കാര്‍. കൂടുതല്‍ നായ്പിടിത്തക്കാര്‍ ഉണ്ടെങ്കിലേ വാക്‌സിനേഷന്‍ അടക്കമുള്ള പ്രതിരോധപ്രവര്‍ത്തനം ജില്ലയില്‍ ഊര്‍ജിതമാകൂ. ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിൽ എ.ബി.സി സെന്റർ തുടങ്ങാനുള്ള നടപടി നടന്നുവരുകയാണ്.

വളർത്തുനായ്ക്കൾക്ക് കൃത്യമായ വാക്സിനേഷൻ എടുത്തില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുെമന്ന് അധികൃതർ അറിയിച്ചു. എടുക്കാത്തവർ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കുത്തിവെപ്പ് എടുത്ത് ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും അറിയിച്ചു.

'ബോധവത്കരണവും പ്രതിരോധ കുത്തിവെപ്പും വേണം'

തൃശൂർ: നായുടെ കടിയേറ്റാൽ ചെയ്യേണ്ട അടിയന്തര കാര്യങ്ങളിൽ ബോധവത്കരണവും അവ നടപ്പാക്കാനുള്ള ശ്രദ്ധയുമാണ് വേണ്ടതെന്ന് പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. കെ.കെ. പുരുഷോത്തമൻ.

കടിയേറ്റ ഉടൻ വെള്ളം ശക്തിയായി തുറന്നുവിട്ട് സോപ്പുപയോഗിച്ച് കഴുകുകയാണ് വേണ്ടത്. പിന്നീട് ഏറ്റവും നേരത്തേ ചികിത്സ സ്വീകരിക്കണം. കടിയേറ്റാൽ കുത്തിവെപ്പും ചികിത്സയും നടത്തുന്നപോലെ വളർത്തുമൃഗങ്ങളെ വളർത്തുമ്പോൾ പ്രതിരോധ കുത്തിവെപ്പ് എടുപ്പിച്ച് ലൈസൻസ് സ്വന്തമാക്കണം.

40 ശതമാനവും കുട്ടികൾക്കാണ് കടിയേൽക്കുന്നത് എന്നിരിക്കേ കുട്ടികൾക്ക് മുമ്പേകൂട്ടി പ്രതിരോധം നൽകുന്ന പേവിഷ കുത്തിവെപ്പ് എടുപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

  • പ്രഥമശുശ്രൂഷക്കും വാക്‌സിനേഷനും അതിപ്രാധാന്യം.
  • കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക.
  • എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക.
  • മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആർ.വി) ഇമ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
  • കൃത്യമായ ഇടവേളയിൽ വാക്‌സിൻ എടുത്തെന്ന് ഉറപ്പുവരുത്തണം.
  • കടിയേറ്റ ദിവസവും തുടർന്ന് മൂന്ന്, ഏഴ്, 28 ദിവസങ്ങളിലും വാക്‌സിൻ എടുക്കണം.
  • വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് വാക്‌സിനേഷൻ ഉറപ്പുവരുത്തുക.
Tags:    
News Summary - Rabies vaccination of stray dogs has not started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.