തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ പുത്തൻ പരീക്ഷണത്തിനൊരുങ്ങി സി.പി.എം. 2019ലെ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ഇത്തവണ പകരം വീട്ടാനുള്ള കരുനീക്കമാണ് നടത്തുന്നത്. ദേശീയതലത്തിൽ ‘ഇൻഡ്യ’ സഖ്യത്തിനൊപ്പമാണെങ്കിലും കേരളത്തിൽ ശത്രുവായ കോൺഗ്രസിനെതിരെ ശക്തരെതന്നെ കളത്തിലിറക്കാനാണ് തീരുമാനം. പ്രാഥമിക പട്ടിക തയാറാക്കിക്കഴിഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ പരീക്ഷിച്ച പുതുമുഖങ്ങൾക്ക് പകരം, മുതിർന്ന നേതാക്കളെതന്നെ രംഗത്തിറക്കാനാണ് ആലോചന. ചാലക്കുടിയിൽ മുൻ മന്ത്രി സി. രവീന്ദ്രനാഥാണ് സി.പി.എം പരിഗണനയിൽ മുന്നിലുള്ളത്. മുൻ എം.എൽ.എ ബി.ഡി. ദേവസിയും പട്ടികയിലുണ്ട്. പാർട്ടി തീരുമാനിച്ച കാലാവധി കഴിഞ്ഞതും പുതുമുഖ പരീക്ഷണങ്ങളുമാണ് ബി.ഡി. ദേവസിയുടെയും രവീന്ദ്രനാഥിനെയും കഴിഞ്ഞ തവണ മത്സര രംഗത്തുനിന്ന് മാറ്റിയത്. ചാലക്കുടി നിയമസഭ മണ്ഡലം കേരള കോൺഗ്രസിന് കൊടുത്ത് മുൻ കോൺഗ്രസ് നേതാവിനെ മത്സരിപ്പിച്ചതിലെ പ്രതിഷേധവും നിയമസഭ മണ്ഡലം നഷ്ടപ്പെടാൻ കാരണമായി.
ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണനെയാണ് ആലോചിക്കുന്നത്. മുൻ എം.എൽ.എ യു.ആർ. പ്രദീപും പരിഗണനയിലുണ്ട്. രണ്ടുപേരും ജനകീയ മുഖമുള്ളവരാണെന്നതാണ് നേട്ടം. രാധാകൃഷ്ണന്റെ പിൻഗാമിയായി 2016ൽ ചേലക്കരയിൽ മത്സരിച്ച പ്രദീപ് മികച്ച വിജയമാണ് നേടിയത്. നിലവിൽ പട്ടികജാതി വികസന കോർപറേഷൻ ചെയർമാൻകൂടിയാണ് പ്രദീപ്.
തൃശൂരിൽ മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ മത്സരിപ്പിക്കണമെന്ന നിർദേശമാണ് സി.പി.ഐ നേതൃത്വത്തിന് സി.പി.എം നൽകിയിരിക്കുന്നത്. പ്രതാപനും നടൻ സുരേഷ് ഗോപിയും തമ്മിൽ മത്സരിക്കുമ്പോൾ ശക്തമായ സാന്നിധ്യത്തിന് പറ്റിയ ആൾ നിലവിൽ സുനിൽകുമാറാണെന്ന് സി.പി.ഐ നേതാക്കളും പറയുന്നു. സുനിൽകുമാർകൂടി വരുമ്പോൾ മത്സരം ശക്തമാവും. വ്യക്തിപരമായും രാഷ്ട്രീയത്തിനതീത ബന്ധങ്ങളുമുള്ള സുനിൽകുമാറിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.