ചെറുതുരുത്തി: റമദാൻ നോമ്പ് നോറ്റ് സനൽ എഴുതുകയാണ്...ഹിജറതൻ നവമാം പുണ്യമാസത്തിൽ..പരിശുദ്ധ ഗ്രന്ഥത്തിൻ ഉദയമാസത്തിൽ..വ്രതശുദ്ധി നിറയട്ടെ ഹൃദയങ്ങളിൽ.. ചെറുതുരുത്തി താഴെപ്പറ തെക്കേക്കരമേൽ വീട്ടിൽ മോഹനൻ-സുമതി ദമ്പതികളുടെ മകൻ സനൽ എന്ന കണ്ണൻ (33) ആണ് നോമ്പെടുത്ത് റമദാൻ മാസത്തെ പറ്റിയുള്ള ഗാനം എഴുതുന്നത്.
ചെറുപ്പം മുതലേ നോമ്പിനെ ഇഷ്ടപ്പെടുന്ന ഇദ്ദേഹം ഒരുവിധം വർഷങ്ങളിൽ കൃത്യമായി നോമ്പെടുക്കാറുണ്ട്. മുള്ളൂർക്കര റെയിൽവേ ഗേറ്റ് മാനായാണ് ജോലി ചെയ്യുന്നത്. ജോലിയും കടുത്ത ചൂടും കാരണം ചില ദിവസങ്ങളിൽ നോമ്പെടുക്കാൻ സാധിക്കാത്ത വിഷമവും സനൽ പങ്കുവെച്ചു. മുസ്ലിം കൂട്ടുകാരും നിരവധി മതപണ്ഡിതരുമായി ആശയവിനിമയം നടത്തുകയും നിരവധി അറബി തർജമ ചെയ്ത മലയാളം പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നബി വചനങ്ങളടക്കം വേഗത്തിൽ മനസ്സിലാക്കാനും എഴുതാനും സാധിക്കുന്നതെന്ന് സനൽ പറയുന്നു.
കൂടാതെ പരിശുദ്ധ ഖുർആന്റെ മലയാള പരിഭാഷയും സനൽ വായിച്ചിട്ടുണ്ട്. നേരത്തേ നബിദിനത്തിന് സനൽ എഴുതിയ പാട്ടുകൾ ഹിറ്റായിരുന്നു. നെടുമ്പുരയിലും സമീപത്തുമുള്ള ഒരുവിധം മുസ്ലിം വിദ്യാർഥികൾ സനലിന്റെ ഗാനമാണ് നബിദിനത്തിന് തെരഞ്ഞെടുത്തിരുന്നത്. അന്ന് പള്ളി കമ്മിറ്റി ഭാരവാഹികളും പള്ളി ഖത്തീബും സനലിനെ ആദരിച്ചിരുന്നു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായി പിതാവിന്റെയും മാതാവിന്റെയും മികച്ച പിന്തുണയുമുണ്ടെന്ന് സനൽ പറയുന്നു. ഭാര്യ: അഞ്ജലി. മകൻ: അഹാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.