മാള: റോഡ് നിർമാണത്തിൽ പാതി ദൂരം നിർമിച്ച് പരിഹസിക്കുകയാണ് പഞ്ചായത്തെന്ന് പരാതി. റോഡിന്റെ മറുഭാഗം നിർമാണത്തിന് ഇടുങ്ങിയ റോഡ് വീതി കൂട്ടാനാവശ്യമായ ഭൂമി നൽകാൻ ഉടമ തയാറായിട്ടും ഒഴിഞ്ഞു മാറുകയാണ് അധികൃതരെന്ന് നാട്ടുകാർ പറയുന്നു. കാൽനട പോലും ദുഷ്കരമായ പൊയ്യ പഞ്ചായത്ത് വാർഡ് രണ്ട് പാടശേഖരം ലക്ഷം വീട് ലിങ്ക് റോഡിനാണ് ഈ ദുർഗതി.
പൊയ്യ പഞ്ചായത്ത് വാർഡ് രണ്ടിൽ ഉൾപ്പെടുന്ന റോഡിന്റെ ആകെ നീളം 450 മീറ്റർ മാത്രമാണ്. മാള-കൊടുങ്ങല്ലൂർ റോഡ്, പടിഞ്ഞാറൻ മുറി ചർച്ച് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ലിങ്ക് റോഡ്. ഒരു ഭാഗം ടാറിങ് നിർമാണം നടത്തിയത് 200 മീറ്റർ. ശേഷിക്കുന്ന ഭാഗത്ത് കാൽനട മാത്രമാണ് ചെയ്യാനാവുക.
പടിഞ്ഞാറൻ മുറിയിലേക്കുള്ള എളുപ്പവഴിയാണിത്. ലക്ഷം വീട് നിവാസികൾ ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്ന വഴിയാണിത്. ചെങ്കമുക്ക് പാടശേഖരത്തിലൂടെ ട്രാക്ടറും കൊയ്ത്ത് വാഹനങ്ങളും ഒരു ഭാഗത്ത് കൂടെ കടന്നു പോയിരുന്നു. മറുവഴിയിൽ തടസ്സമായത് ഇടവഴിയാണ്. ഇവിടെ വീതി കൂട്ടിയാൽ ഗതാഗതം യാഥാർഥ്യമാവും.
അടിയന്തര ഘട്ടങ്ങളിൽ ഓട്ടോ, ആംബുലൻസ് എന്നിവക്കുപോലും ഇതുവഴി വരാൻ കഴിയില്ല. തൊട്ടടുത്ത വാർഡിൽ ഫയർഫോഴ്സ് കാര്യാലയം ഉണ്ടെങ്കിലും പാതി ദൂരം മാത്രമാണ് ഇവർക്കെത്താനാവുക. ലക്ഷം വീട് കോളനിവാസികൾ, പരിസരത്തെ വീടുകൾ എന്നിവിടങ്ങളിൽ എത്താനാകില്ല.
ഇതിന് റോഡ് നിർമാണം നടത്തണം. തങ്ങളെ റോഡിന്റെ പാതി ദൂരം നിർമിച്ച് പരിഹസിക്കുകയാണ് അധികൃതരെന്ന് നാട്ടുകാർ പറയുന്നു. റോഡ് പുനർനിർമിക്കാമെന്ന് വാഗ്ദാനം നൽകിയ ജനപ്രതിനിധികൾ വാഗ്ദാന ലംഘനം നടത്തിയതായും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.