നൗ​ഷാ​ദ്

കണ്ണൂർ: മേലെ ചൊവ്വ പാതിരിപറമ്പിൽ യുവാവിന്റെ തലക്കടിച്ച് സ്വർണമാല കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. മട്ടന്നൂർ നരയൻപാറയിൽ അൽമാസിൽ കെ.എസ്. നൗഷാദ് (42) ആണ് പിടിയിലായത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൂത്തുപറമ്പിലെ ബാറിൽനിന്ന് സാഹസികമായി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പാതിരിപറമ്പ് പെരിങ്ങോത്ത് അമ്പലത്തിനടുത്ത് താമസിക്കുന്ന കണ്ണൂർ സുസുകി ഷോറൂമിൽ ജോലി ചെയ്യുന്ന എം.കെ. സിതേഷിന്റെ രണ്ടു പവൻ സ്വർണമാലയാണ് സൗഹൃദം നടിച്ച് വീട്ടിലെത്തി പ്രതി കവർന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

വീട്ടിൽ ഒരുമിച്ച് മദ്യപിച്ചശേഷം മദ്യലഹരിയിലായ സിതേഷിനെ വായിൽ തുണിതിരുകി അടുക്കളയിലെ അമ്മിക്കുട്ടി ഉപയോഗിച്ച് തലക്കടിച്ചുവീഴ്ത്തിയാണ് കവർച്ചയെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ സിതേഷ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അബോധാവസ്ഥയിലായ ഇയാൾക്ക് പ്രതിയെക്കുറിച്ച് വിവരം നൽകാൻ സാധിച്ചിരുന്നില്ല.

സംഭവമറിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ 50ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യത്തിന് ശേഷം ഇയാൾ സഞ്ചിയുമായി കൈയിലെ രക്തം തുടച്ചു പോകുന്ന ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു.

ഇതു പരിശോധിച്ച പൊലീസ് ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചി ഇരിട്ടിയിലെ മൊബൈൽ ഫോൺ കടയിലേതാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂത്തുപറമ്പിൽനിന്ന് പ്രതി പിടിയിലായത്.

കേസെടുത്ത് 24 മണിക്കൂറിനകം പ്രതിയെ കണ്ടെത്താനായത് പൊലീസിന് നേട്ടമായി. സ്വർണമാല ഇരിട്ടി ഭാഗത്തെ കടയിൽ വിറ്റതായാണ് വിവരം. ടൗൺ എസ്.ഐ സി.എച്ച്. നസീബ്, എ.എസ്.ഐമാരായ രാഗേഷ്, എം. അജയൻ, സി. രഞ്ജിത്ത്, സി.പി.ഒ നാസർ, രാജേഷ്, ബാബു മണി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - Robbery of gold necklace by attacking-Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.