തൃശൂർ: നഗരത്തിൽ നിർത്തിയിട്ട ലോറിയിൽനിന്ന് മൂന്ന് ലക്ഷം കവർന്നു. തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിൽ കപ്പലണ്ടിയുമായെത്തിയ ലോറിയിൽ നിന്നുമാണ് പണം കവർന്നത്. വാഹന ഡ്രൈവർ കൊല്ലങ്കോട് സ്വദേശി സുദേവ് ആണ് പൊലീസിന് പരാതി നൽകിയത്.
അർധരാത്രിയോടെയാണ് സുദേവ് കപ്പലണ്ടിയുമായി മാർക്കറ്റിലെത്തിയത്. ചരക്ക് ഇറക്കാനായി ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്നു. ലോറിയുടെ ഡ്രൈവർ കാബിനിലെ ഡാഷിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്നുള്ള കവർച്ചകൾ ഒതുങ്ങിയതോടെ വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള കവർച്ചകൾ പെരുകിയിരിക്കുകയാണ്. തൃശൂർ നഗരത്തിൽ ചരക്ക് ലോറികളിലെ കവർച്ച വ്യാപകമാകുകയാണ്. നഗരത്തിൽ ഒന്നര മാസത്തിനിടയിൽ മാത്രം 14 ചരക്ക് ലോറികളിൽ നിന്നാണ് ബാറ്ററികൾ കവർന്നതായി പൊലീസിന് ലഭിച്ച പരാതികളിലുള്ളത്.
സാമൂഹിക വിരുദ്ധരെയും ഗുണ്ടകളെയും ഒതുക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ മുഴുവൻ സമയ പട്രോളിങ് ഉണ്ടെങ്കിലും വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള കവർച്ച സംഘത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മൂന്ന് വർഷം മുമ്പ് ദേശീയപാത നടത്തറയിൽ പച്ചക്കറി ലോറിയിൽനിന്ന് പണം കവർന്ന സംഭവത്തിന് സമാനതകളുണ്ടോയെന്നത് പരിശോധിക്കുന്നുണ്ട്.
നടത്തറയിലെ കവർച്ച സംഘം സ്ഥിരം പിടിച്ചുപറി ഗുണ്ടാ സംഘമാണ്. ഈ സംഘത്തിലെ ഒരു പ്രതിയെ കഴിഞ്ഞ ആഴ്ച കൊരട്ടിയിൽ കഞ്ചാവുമായി പിടികൂടിയിരുന്നു. ചരക്ക് ലോറിയിൽ നിന്നും പണം നഷ്ടപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പട്രോളിങ് ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.