വനപാലകര്‍ പിടികൂടിയ വാഹനങ്ങള്‍, അറസ്​റ്റിലായ രതീഷ്, ഫൈസല്‍, മുഹമ്മദ് ആഷിക്, കനകരാജ്, വെങ്കിടേശന്‍

കോടശ്ശേരി വനത്തിലെ ചന്ദനക്കടത്ത്​; അഞ്ചംഗ സംഘം പിടിയില്‍

കൊടകര (തൃശൂർ): കോടശ്ശേരി റിസര്‍വ് വനത്തിലെ ചട്ടിക്കുളം വനത്തില്‍നിന്ന് ചന്ദനം മുറിച്ചുകടത്താനെത്തിയ അഞ്ചംഗ സംഘം വനപാലകരുടെ പിടിയിലായി. മണ്ണാര്‍ക്കാട് പഠിപ്പുര വീട്ടില്‍ മുഹ്മദ് ആഷിക് (38), പാലക്കാട് മുട്ടിക്കുളങ്ങര കടമ്പിടിപുരക്കൽ രതീഷ് (40), മണ്ണാര്‍ക്കാട് നാട്ടുകല്‍ പെറിപുറത്ത് വീട്ടിൽ ഫൈസൽ (34), തമിഴ്‌നാട് കള്ളക്കുറിച്ചി വണ്ടകപ്പട്ടി കനകരാജ് (25), തമിഴ്‌നാട് ധര്‍മപുരി വേലന്നൂർ കാളിയക്കോട്ട വെങ്കിടേശൻ (41) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിലെ രക്തചന്ദനക്കടത്ത് ഉൾപ്പെടെ നിരവധി ചന്ദനമോഷണക്കേസുകളിൽ പ്രതികളാണ് ഇവർ. ചന്ദനം കടത്താൻ കൊണ്ടുവന്ന മൂന്നു കാറുകളും പിടികൂടി.

ചട്ടിക്കുളം മലയില്‍നിന്ന് നാല്​ ചന്ദനമരങ്ങൾ മുറിച്ചതായി ശനിയാഴ്ച കണ്ടെത്തിയിരുന്നു. ചന്ദനമോഷ്​ടാക്കൾ വീണ്ടും എത്താനിടയുണ്ടെന്നതിനാൽ വനപാലകർ ഈ ഭാഗത്ത് നിരീക്ഷണം നടത്തിവരുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച കാറിലെത്തിയ രതീഷ്, കനകരാജ്, ഫൈസൽ എന്നിവർ വനത്തിലേക്ക് കയറിയതോടെ വനപാലകര്‍ സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തില്‍ കൊടകര, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നാണ്​ വെങ്കിടേശന്‍, ആഷിക് എന്നിവരെ പിടികൂടിയത്​. രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും വെള്ളിക്കുളങ്ങര ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജി. വിശ്വനാഥന്‍ പറഞ്ഞു.

പ്രതികളെ പിടികൂടിയ വനപാലക സംഘത്തിൽ വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസര്‍ വിജിന്‍ദേവ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജി. വിശ്വനാഥന്‍, സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍ കെ.എ. ബാലന്‍, കെ.ബി. ശോഭന്‍ ബാബു, ബീറ്റ് ഓഫിസര്‍മാരായ ഗോപാലകൃഷ്ണന്‍, ടി.വി. രജീഷ്, ഗിനില്‍ ചെറിയാന്‍, കെ.എസ്. സന്തോഷ്, കെ.വി. ഗിരീഷ്, പി.എസ്. സന്തോഷ്, സ്​റ്റാന്‍ലി തോമസ്, എം.എസ്. ശ്രീകാന്ത്, വാച്ചര്‍ സി. ബല്‍രാജ്, ഡ്രൈവര്‍ പ്രണവ് എന്നിവരാണുണ്ടായിരുന്നത്. നിരവധി ചന്ദനമോഷണക്കേസിൽ ഉള്‍പ്പെട്ടവരാണ് പ്രതികളെന്നും ചന്ദനക്കടത്ത്​ സംഘത്തിലെ കണ്ണികള്‍ മാത്രമാണ് ഇവരെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags:    
News Summary - Sandalwood smuggling in Kodasserry forest; Five-member gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.