തൃശൂർ: ഉപരിപഠനത്തിന് വിദേശത്തുപോകാൻ വായ്പ നൽകുന്ന കേരള പട്ടിക ജാതി-പട്ടിക വർഗ വികസന കോർപറേഷൻ മുന്നോട്ടുവെക്കുന്ന വിചിത്ര നിബന്ധന വിദ്യാർഥികൾക്ക് തടസ്സമാകുന്നു. അപേക്ഷിക്കുന്ന വിദ്യാർഥിയുടെ കുടുംബത്തിലെ വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയിൽ കവിയരുത് എന്ന നിബന്ധനയാണ് വിനയാകുന്നത്. വിദേശത്ത് പഠിക്കാൻ യോഗ്യത നേടുന്ന ഒരു കുട്ടിക്ക് സ്വന്തം ബാങ്ക് അക്കൗണ്ടിൽ 20 ലക്ഷം മുതൽ 25 ലക്ഷം വരെ ഡെപ്പോസിറ്റ് കാണിക്കേണ്ടതായുണ്ട്. ഈ വ്യവസ്ഥകൂടി നിലനിൽക്കേയാണ് വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപ കവിയരുതെന്ന നിബന്ധനവെക്കുന്നത്. പട്ടിക ജാതി - വർഗ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനായി വിദേശത്തുപോകാൻ 10 ലക്ഷം രൂപ വരെ വായ്പയാണ് കോർപറേഷൻ നൽകുന്നത്.
ഈ വിഭാഗങ്ങളിൽനിന്ന് അർഹരായവർക്ക് വിദേശ പഠനം നിഷേധിക്കപ്പെടുന്നുണ്ടെന്ന് ഓൾ ഇന്ത്യ ദലിത് റൈറ്റ്സ് മൂവ്മെന്റ് തൃശൂർ മണ്ഡലം കൺവെൻഷൻ പ്രമേയത്തിൽ കുറ്റപ്പെടുത്തി. സാമ്പത്തിക പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി വിദേശ പഠന സൗകര്യം ഉറപ്പുവരുത്താൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എൻ. രഘു അധ്യക്ഷത വഹിച്ചു. ജി.ബി. കിരൺ സ്വാഗതവും കെ.എം. മോഹനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.